Wednesday, April 7, 2010
ഒരു ചിന്ന ഇടവേള
ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,
2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…
ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈംപാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.
വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!
എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!
സസ്നേഹം
ദൃശ്യന്‍
-------------------------------------------------
Thursday, January 21, 2010
അര്‍ബുദം ബാധിച്ച പെണ്‍കുട്ടി
ചുവന്ന പൊട്ടിനു മുകളിലായ് ചന്ദനം തൊട്ട ശേഷം സായ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒന്നു വിലയിരുത്തി. കസവുകരയുള്ള മുണ്ടും വേഷ്ടിയും കഴിഞ്ഞ കൊല്ലം മലയാളിസമാജം നടത്തിയ പൂക്കളമത്സരത്തിന്റെയന്ന് വാടാര്‍മല്ലിനിറമുള്ള ബ്ലൌസിന്റെ കൂടെ ഉടുത്തപ്പോള്‍ വളരെ കാലങ്ങള്‍ക്ക് ശേഷം നരനില്‍ നിന്നൊരു കോമ്പ്ലിമെന്റ് കിട്ടിയതാണ്. അതിനു ശേഷം ഇന്നാണ് പെട്ടിയില്‍ നിന്ന് പൊടി തട്ടിയെടുത്തത്. കൈകള്‍ക്ക് ഇത്തിരി മുറുക്കമുണ്ടെങ്കിലും വിചാരിച്ചത്ര പ്രശ്നമില്ല. നരനില്‍ നിന്ന് ഇന്നുമൊരു പ്രശംസ ഉണ്ടാകുമെന്നുറപ്പ്. വസ്ത്രങ്ങളാവില്ല മറിച്ച് ചുവന്ന പൊട്ടിനു മുകളിലെ ചന്ദനക്കുറിയായിരിക്കുമതിന് കാരണം! സോഫിയും തന്നെ ഈ വേഷത്തിലിന്നേ വരെ കണ്ടിട്ടുണ്ടാവില്ല. ഒരു ബഹളക്കാരിയില്‍ നിന്നും വീട്ടമ്മയുടെ റോളിലേക്കുള്ള തന്റെ ഈ മാറ്റം, കല്യാണമെന്ന പ്രസ്ഥാനത്തിനോട് എതിരായിരുന്ന തന്റേടിയായ ആ പഴയ സുഹൃത്തിനെ അമ്പരപ്പിക്കുമെന്നുറപ്പ്!
മണി മൂന്നടിച്ചു. കരിവളകള്‍ക്ക് മീതെ നാഗാഗ്രമുള്ള രണ്ട് വളകള്‍ കൂടി തിടുക്കത്തില്‍ കയ്യിലിട്ട് സായ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. മരപ്പടികളില്‍ അമര്‍ത്തി ചവിട്ടി കൊണ്ട് കോണിയിറങ്ങി, മുന്‍വാതില്‍ പൂട്ടി കാറില്‍ കയറാന്‍ നേരം ഒരു സംശയം. ഒരിക്കല്‍ കൂടി വീട്ടിലേക്ക് തിരിച്ചോടി മുന്‍വാതില്‍ ശരിക്കും പൂട്ടിയിട്ടുണ്ടെന്നുറപ്പ് വരുത്തി വന്ന് കാറില്‍ കയറുമ്പോള്‍ മൊബൈല്‍കിളി ചിലച്ചു. നരനാണ്! എടുത്ത ഉടനെ അവന്റെ ദേഷ്യം പിടിച്ച ശബ്ദം കാതുകളില്‍ മുഴങ്ങി.
“നിനക്കെന്താ ലാന്‍ഡ്‌ലൈന്‍ എടുത്താല്‍?”
“നരാ, ഞാനതിന് പുറത്താണ്.”
സായ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
“മാളൂനെ സ്കൂളീന്ന് കൂട്ടാന്‍ നീയാണോ പോണത്?”
“അല്ല, അവളെ കൂട്ടാന്‍ അമ്മ പോയി. ഞാന്‍ സോഫിയയുടെ വീട്ടില്‍ പോവ്വാ.”
“സോഫിയ?”
“എന്റെ കൂടെ ലിറ്റില്‍ ഫ്ലവറിലുണ്ടായിരുന്ന സോഫിയ... എന്റെ ഹോസ്റ്റല്‍ റൂംമേറ്റ്. ഞാന്‍ പറഞ്ഞിട്ടില്ല്ലേ നന്നായി പടം വരയ്ക്കുന്ന അവളെ പറ്റി..”
“ഓ, നിന്റെ ഹൈറേഞ്ചുകാരി ഫ്രണ്ട്?”
“അതന്നെ... കഴിഞ്ഞ രണ്ട് കൊല്ലായിട്ട് അവളിവിടെ ഈ നഗരത്തിലുണ്ടത്രെ”
“ഇതിപ്പോ പെട്ടന്ന് എവിട്‌ന്ന് കിട്ടി ഈ കോണ്ടാക്ട്?”
“അതല്ലേ രസം. ഇന്നലെ ഓര്‍ക്കുട്ടില്‍ കയറി പരതിയപ്പോഴാ കോളേജിന്റെ ഒരു കമ്മ്യൂണിറ്റി കണ്ടത്, രേഖയുടെ പ്രൊഫൈലില്‍. അതില്‍ നിന്ന് നമ്മുടെ ബിനിയെ കിട്ടി. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ഒരു ന്യൂസുമില്ലായിരുന്നു ബിനിയെ പറ്റി. ഉടനെ അവള്‍ക്കൊരു സ്ക്രാപ്പിട്ടു. ഇന്ന് കാലത്ത് നോക്കുമ്പോ ദേ കിടക്കുന്നു അവളുടെ റിപ്ലൈ. അപ്പോ തന്നെ ചാറ്റിലൂടെ നമ്പര്‍ വാങ്ങി അവളെ വിളിച്ച് കത്തിയടിച്ചു.”
“നീ ഡ്രൈവ് ചെയ്തോണ്ടാണോ സംസാരിക്കുന്നത്?”
സായ ഒരു ചീത്തവിളി മണത്തു. മറുപടി നല്‍കാതെ അവള്‍ വണ്ടി സൈഡിലേക്കൊതുക്കി.
“സോറി!”
“എന്ത് സോറി. ഞാന്‍ നൂറ് വട്ടം പറഞ്ഞിട്ടുണ്ട് ഡ്രൈവ് ചെയ്തോണ്ട് മോബൈലില്‍ സംസാരിക്കരുതെന്ന്. നിനക്കാ ഹെഡ്‌ഫോണ്‍ വെച്ചാലെന്താ?”
ഈ കാര്യത്തില്‍ നരനോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. സായയുടെ ശബ്ദത്തിന് ക്ഷമാപണസ്വരം.
“ഞാന്‍ സോറി പറഞ്ഞില്ലേ നരാ...”
“ങ്‌ഹും... ലാസ്റ്റ് വാണിംഗ് ... “
നരന്റെ സ്വരത്തിന്റെ കാഠിന്യം കുറഞ്ഞു.
“താങ്ക്‍ യൂ!”
“അപ്പോ ബിനിയിപ്പോഴെവിട്യാ?”
“ന്യൂ ജേഴ്സീല്”
“ഉഗ്രന്‍. അപ്പോ ഐ.എസ്.ഡി. കത്തിയടിയായിരുന്നു. ഈ മാസത്തെ ബില്ല് മോള് തന്നെ അടച്ചോണ്ടു.”
“ഓ, ഞാന്‍ അടച്ചോളാം. നിന്റെ ക്രെഡിറ്റ് കാര്‍ഡ് തന്നാല്‍ മാത്രം മതി.”
“അതെയോ. എന്തൊരു ഔദാര്യം!”
“അതൊക്കെ വിട്, നീയിത് കേക്ക്. ബിനിയോട് കത്തിയടിച്ചപ്പോഴാ അറിഞ്ഞത് സോഫി ഇവിടെ ഉണ്ടെന്ന്. അവര്‍ ഡിസ്റ്റന്‍ഡ് കസിന്‍സ് ആണല്ലോ. പക്ഷെ രണ്ട് മൂന്ന് കൊല്ലമായി ബിനിക്കുമില്ലാ സോഫിയുമായ് കോണ്ടാക്ട്. അവളുടെ നമ്പറോ അഡ്രസ്സോ തപ്പിയെടുക്കാന്‍ ശ്രമിക്കാം എന്ന് ബിനി പറഞ്ഞപ്പോ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ വിത്തിന്‍ ത്രീ ഹവേര്‍സ്, ബിനി വിളിച്ച് അഡ്രസ്സും നമ്പറും തന്നു. ലാന്‍ഡ് ലൈന്‍ വിളിച്ചപ്പോ കണ്ടിന്യുസ്‌ലി എന്‍ഗേജ്‌ഡ്. എന്നാ പിന്നെ ചൂടോടെ പോയി നോക്കാന്ന് വിചാരിച്ചു.”
“എവിടെയാ സോഫീടെ വീട്?”
“അള്‍സൂര്... ഒരു നമ്പര്‍38, കെ.കെ. വില്ല, വിന്നി റോഡ്.”
“ലേക്കിന്റെ അടുത്ത് തന്നെയാ വിന്നി റോഡ്.”
“അതൊക്കെ ഞാന്‍ എങ്ങനേലും കണ്ട് പിടിച്ചോളാം. അപ്പോ ഞാന്‍ വെക്കുന്നു.”
കട്ട് ചെയ്യാന്‍ പോകുമ്പോഴേക്കും നരന്‍ തടഞ്ഞു.
“പഴയ റോം മേറ്റിനെ കാണാന്‍ പോണ സന്തോഷത്തില്‍ എക്സൈറ്റ്‌മെന്റ് കയറി വണ്ടി എവിടേലും കൊണ്ടോയി മുട്ടിക്കണ്ട”
“എങ്ങനെ എക്സൈറ്റഡ് ആവാതിരിക്കും നരാ... എത്ര കാലമായ് അവളെ കണ്ടീട്ട്, എന്തേലും ഒരു വിവരം കിട്ടിയിട്ട്?”
“ശരി ശരി.. സൂക്ഷിച്ച് പോയി വാ. നീ എത്ര മണിയാവും മടങ്ങി വരാന്‍?”
“മാക്സിമം ഒരു അഞ്ച് അഞ്ചര. ഇനി അവള്‍ വര്‍ക്കിംഗ് ആണെങ്കില്‍ പിന്നെ പോയി കാണാം. ആദ്യം ഞാന്‍ പോയി അഡ്രസ്സ് ഒന്ന് കണ്‍ഫേം ചെയ്യട്ടെ.“
“ശരി. എന്നാ തിരിച്ച് വരുമ്പോ നീ എന്റെ ഓഫീസ് വഴി വാ. നമുക്ക് ഫുഡ് കോര്‍ട്ടീന്ന് ഓരോ ഐസ്‌ക്രീമുമടിച്ചിട്ട് പോവാം.”
“മോളില്ലാതെയോ?”
“അത് സാരമില്ല. അവളെ സോപ്പിടാന്‍ നമുക്ക് വല്ലതും വാങ്ങി കൊണ്ട് പോകാം.“
“അപ്പോ ഓകെ. ഞാന്‍ സോഫീടെ വീട്ടീന്നിറങ്ങുമ്പോ വിളിക്കാം.”
സായ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടെടുത്തു. സോഫിയെ കുറിച്ചുള്ള ചിന്തകള്‍ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുണര്‍ത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള മാരുതി 800 അവളുടെ ഓര്‍മ്മകള്‍ക്കൊപ്പമെത്താനെന്നോണം കിതച്ച് കൊണ്ട് ഓടി.
- 2 -
#38, K K Villa
ബോഗന്‍വില്ല പടര്‍ന്ന് പന്തലിച്ച മതിലില്‍ പഴക്കം ബാധിച്ച നെയിം ബോര്‍ഡിലെ മങ്ങിയ അക്ഷരങ്ങള്‍ ഒരാവര്‍ത്തി കൂടെ സായ വായിച്ചുറപ്പ് വരുത്തി. റോഡരികിലെ മരത്തണലില്‍ കാര്‍ പാര്‍ക്ക് ചെയ്തു. രണ്ട് നിലയുള്ള പഴയ ഒരു ബംഗ്ലാവായിരുന്നു അത്. സോഫിയുടെ പപ്പയ്ക്ക് പണ്ട് ബാംഗ്ലൂരില്‍ ബിസിനസ്സുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അന്ന് വാങ്ങിയിട്ട വീടായിരിക്കണമത്. ബാംഗ്ലൂരിലെ തോട്ടത്തില്‍ നിന്ന് പപ്പ കൊണ്ട് വന്ന മുന്തിരിക്കുലകളുമായ് ഒരിക്കല്‍ അവള്‍ ഹോസ്റ്റലില്‍ വന്നിരുന്നു. പിന്നൊരിക്കല്‍, ഹോസ്റ്റലിലെ താന്തോന്നികള്‍ എന്ന പേര്‍ തങ്ങള്‍ക്ക് സമ്പാദിച്ച് നല്‍കാന്‍ സഹായിച്ച, അവളുടെ മമ്മിയുണ്ടാക്കിയ അത്യുഗ്രന്‍ മുന്തിരിവൈനും!
സന്ധിബന്ധങ്ങളിലെ മുറുക്കത്തിന്റെ മുരള്‍ച്ചയില്‍ ഗേറ്റ് തുറന്നപ്പോള്‍ സിമന്റ് പാകിയ നിലത്തെ കരിയിലകള്‍ പ്രതിഷേധമറിയിച്ചു. അടുത്ത കാല്‍വെപ്പ് വരെ മാത്രം നീണ്ടു നിന്ന ആ ദീനസ്വരം നനുത്ത തണുപ്പുള്ള കാറ്റിലലിഞ്ഞു. കൂടുതല്‍ കരച്ചിലുകള്‍ ഏറ്റുവാങ്ങി കൊണ്ട് കാറ്റ് മതിലരികിലെ മരങ്ങളില്‍ ചേക്കേറി. പൊടി പിടിച്ച ചുമരിലെ കോളിംഗ്‌ബെല്ലിന്റെ അംഗഭംഗം സംഭവിച്ച ഫ്രെയിമില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് ബീഥോവന്റെ സിംഫണിയുയര്‍ന്നു.
പട്ടികൂടിലെ ഏകാന്തതയില്‍ ഒരു അണ്ണാറക്കണ്ണന്‍ എന്തോ കരണ്ട് കൊണ്ടിരിക്കുന്നു. ഉണങ്ങിയ ഒരു കൊള്ളിയിലൂടെ ആകാശങ്ങള്‍ തേടി യാത്ര തിരിച്ച ഒരു മുല്ലവള്ളി സ്വപ്രയത്നത്തില്‍ പരാജയം സമ്മതിക്കാന്‍ മനസ്സില്ലാതെ ഇത്തിരി പച്ചപ്പുള്ള കടലാസുപൂക്കളില്‍ അപ്രത്യക്ഷയായിരിക്കുന്നു. ഒഴിഞ്ഞ് കിടന്ന കാര്‍പ്പോര്‍ച്ചില്‍ മൃതപ്രായരായ ചില ചെടികള്‍ ചട്ടിയിലെ വരണ്ട മണ്ണില്‍ ജലത്തിന്റെ വരവും കാത്ത് കിടക്കുന്നുണ്ട്. അകത്ത് അനക്കമൊന്നുമില്ല. ഇനി ആരുമില്ലേ വീട്ടില്‍? ഫോണ്‍ എന്‍ഗേജ്‌ഡ് ആയതിനാല്‍ ആരോ വീട്ടിലുണ്ടെന്ന് ഉറപ്പ്. ഉച്ചസമയമായതിനാല്‍ ചിലപ്പോള്‍ ഉറക്കമായിരിക്കും. അല്ലെങ്കിലും പണ്ടേ അവള്‍ ഉറക്കഭ്രാന്തിയായിരുന്നല്ലോ. സായ ഒന്നു കൂടെ ബെല്ലടിച്ചു. വീണ്ടും ബീഥോവന്റെ സിംഫണി.
പുതുമഴയുടെ ഗന്ധമുള്ള കാറ്റ്. സായ കണ്ണുകളടച്ച് ശ്വാസം ഒന്നാഞ്ഞ് വലിച്ചു. ആ സുഖം ശരീരത്തില്‍ നിറയുന്നത് അവളറിഞ്ഞു. മുണ്ടിലെ ഞൊറികള്‍ പരസ്പരം കലഹിച്ചു.
ആരോ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു. അകത്തെ പൂട്ട് തുറക്കാന്‍ ഇത്തിരി കഷ്ടപ്പെടുന്നുണ്ട്. വീണ്ടും വീണ്ടും വാതില്‍ പിടിച്ച് വലിക്കുന്നു. വല്ലാത്ത പരിഭ്രമത്തില്‍ ചെയ്യുന്ന പോലെ. ഒന്നമര്‍ത്തി വീണ്ടുമൊന്ന് വലിച്ചപ്പോള്‍ ഇത്തിരി പരിഭവത്തോടെ വാതില്‍ തുറന്നു. അകത്ത് ഇരുട്ടില്‍ നിന്ന് ചിരിച്ച് കൊണ്ട് പുറത്തേക്ക് വന്ന മുഖം സായ തിരിച്ചറിഞ്ഞു - സോഫിയ! അവള്‍ മന്ദഹസിച്ചു.
സോഫി തന്നെ തിരിച്ചറിഞ്ഞ മട്ടില്ല. തീരെ പരിചയമില്ലാത്ത ആരെയോ കണ്ട പോലെ അവള്‍ പകച്ച് നില്‍ക്കുകയാണ്. എണ്ണമയം തീരെയില്ലാതെ പാറി കിടക്കുന്ന മുടിയിഴകള്‍. സോഫി കൂടുതല്‍ കറുത്തുവോ?
“സോഫീ... നിനക്കെന്നെ മനസ്സിലായോ?”
സോഫിക്ക് ഒരു ഭാവമാറ്റവുമില്ല. അവശതയുള്ള കണ്ണുകളെ ചുളുക്കം വീണ പുരികക്കൊടികള്‍ കുണ്ടിലാഴ്ത്തിയിരിക്കുന്നു. അകത്ത് നിന്നാരോ നടന്ന് വരുന്നുണ്ട്. പാതി തുറന്ന വാതിലിലൂടെ സായ അകത്തേക്ക് നോക്കി. ഇരുട്ടാണ്, ഒന്നും വ്യക്തമാകുന്നില്ല.
“ഇത് ഞാനാ ... സായ... ലിറ്റില്‍ ഫ്ലവറില്‍ നിന്റെ...”
അവളെ മുഴുമിക്കാന്‍ സമ്മതിക്കാതെ സോഫി പരിഭവം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“ഇതവനല്ല... ഇത്.... അവനല്ല...”
സോഫിയുടെ നാക്ക് കുഴയുന്ന പോലെ തോന്നി. കണ്ണുകള്‍ ഇറുക്കിയടച്ച് തളര്‍ന്ന് കൊണ്ടവള്‍ നിലത്തേക്ക് വീണു. സായ മുന്നോട്ടേക്കാഞ്ഞപ്പോഴെക്കും പിറകിലൊരു രൂപം വന്ന് സോഫിയെ പിടിച്ചു.
മയക്കത്തില്‍ സോഫി പിറുപിറുക്കുന്നു.
“പപ്പാ... ഇത് അവനല്ല.... അവനല്ല...”
പപ്പയുടെ വിതുമ്പല്‍ സായ അറിഞ്ഞു. അവള്‍ മെല്ലെ നിലത്തേക്കിരുന്ന് സോഫിയുടെ കൈകള്‍ കവര്‍ന്നു.
- 3 -
“സെഡേറ്റീവ് കൊടുത്തെങ്കിലും അവള്‍ ശരിക്കും മയങ്ങിയിട്ടുണ്ടായിരുന്നില്ല. അവ്യക്തമായി അവളെന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവനെ പറ്റി... അവളെ പറ്റി.... പിന്നെ ചിലപ്പോഴൊക്കെ അവളുടെ മമ്മിയെ പറ്റി.... ഇപ്പോ ആലോചിക്കുമ്പോ എല്ലാം ഒരു ദു:സപ്നം പോലെ...”
നിശബ്ദമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടി.വി. ഓഫാക്കി നരന്‍ മെല്ല കട്ടിലിന്നരികിലെത്തി സായയുടെ കൈകള്‍ കവര്‍ന്ന് വിരലുകള്‍ മെല്ലെ തടവികൊണ്ടിരുന്നു.
“എന്തേ സോഫിയുടെ മനസ്സിനിങ്ങനെയൊരു പ്രശ്നമുണ്ടാവാന്‍? അവളുടെ പപ്പയോട് നീയൊന്നും ചോദിച്ചില്ലേ?”
“സോഫിയുടെ മാര്യേജ് ഏറെക്കുറെ ശരിയായിരിക്കുകയായിരുന്നു... അതിനിടയ്ക്ക് കഴിഞ്ഞ കൊല്ലമാണ് അവള്‍ക്കീ ഡിപ്രഷന്‍ തുടങ്ങിയത്...“
“എങ്ങനെയായിരുന്നു സ്റ്റാര്‍ട്ടിംഗ്?”
“ആ പ്രൊപ്പോസല്‍ അവള്‍ തന്നെയാണത്രെ കൊണ്ടു വന്നത്. എ സോര്‍ട്ട് ഓഫ് മചുവേര്‍ഡ് ലൌഅഫയര്‍. ആളിനെ കണ്ടിട്ടില്ലെങ്കിലും പപ്പയ്ക്ക് അതില്‍ എതിര്‍പ്പുമുണ്ടായിരുന്നില്ല. അവര്‍ തമ്മില്‍ മീറ്റ് ചെയ്യാനിരിക്കെയാണ് ഈ ഇന്‍സിഡന്റ് ഉണ്ടായത്.”
“ഏത് ഇന്‍സിഡന്റ്?”
“ഒരു ദിവസം ഓഫീസില്‍ നിന്ന് ഏറെ വൈകിയിട്ടും അവള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. പപ്പ പോലീസില്‍ പരാതിപ്പെട്ടു... പിന്നെ രണ്ട് ദിവസം കഴിഞ്ഞ് ബീച്ചില്‍ വെച്ച് ഒരു ഓഫീസ്‌സുഹൃത്താ അവളെ കണ്ടെത്തിയത്. അവിടെ കടല്‍പാലത്തിന്റെ അറ്റത്ത് കടലിലേക്കും നോക്കിയിരിക്കുകയായിന്നു സോഫി... ചിത്രം വരക്കുന്നതോണ്ടാവാം പണ്ടേ കടല്‍ അവള്‍ക്കൊത്തിരി ഇഷ്ടാ...”
“എന്തെങ്കിലും തരത്തിലുള്ള അപകടം...?”
“ഇല്ല.. ഭയപ്പെട്ട പോലെ ഒന്നുമില്ല... ഇന്‍ഫാക്ട് അവളുടെ ശരീരത്തില്‍ ഒരു പോറല്‍ പോലുമുണ്ടായിരുന്നില്ലത്രെ... രണ്ട് നാള്‍ എവിടെയായിരുന്നെന്നോ ആ കടല്‍ക്കരയിലെന്തിന് പോയെന്നോ ഒന്നും ഓര്‍മയില്ലാത്ത അവസ്ഥ. പിന്നീടാ അവരിങ്ങോട്ട് വന്നത്. മൂന്നു മാസം നിംഹാന്‍സില്‍ ട്രീറ്റ്‌മെന്റിലായിരുന്നു. അതിന് ശേഷം കുറച്ച് നാള്‍ അവള്‍ മൂഡിയായിരുന്നു, പിന്നെ ഇടയ്ക്കൊരു ദുസ്വപ്നം കാണുമെന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാ പപ്പ പറഞ്ഞത്... ഇത്രയും പറഞ്ഞപ്പോഴേക്കും പപ്പ ആകെ ബ്രോക്കണ്‍ ആയിരുന്നു... സോഫിയുടെ ആ കിടപ്പാലോചിക്കുമ്പോള്‍ എനിക്ക്....”
സായ നരന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവള്‍ കരയുകയാണെന്ന് നരന് മനസ്സിലായി. സായയെ കരയാനനുവദിച്ച് കൊണ്ട് അവനിരുന്നു. സായ പറഞ്ഞ അന്നത്തെ സംഭവങ്ങളെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍, സോഫിയെ കണ്ടീട്ടില്ലെങ്കില്‍ കൂടി, മനസ്സിലെവിടെയോ ഒരു കൊളുത്തിവലി അവനുമനുഭവപ്പെട്ടു.
മാളുവിനെ ചുമരിനോട് ചേര്‍ന്നാണ് കിടത്തിയിരിക്കുന്നത്. സാധാരണ അവളെ പറ്റി പിടിച്ചാണ് സായ ഉറങ്ങാറുള്ളത്. ഇന്ന് ഇനിയും കരയുമെന്ന് തോന്നിയത് കൊണ്ടാവണം മാളുവില്‍ നിന്ന് അകന്ന് കിടക്കുന്നത്. തന്റെ സങ്കടഭാവമോ കരച്ചിലോ മാളു കാണരുതെന്ന് സായക്ക് നിര്‍ബന്ധമാണ്.
ലൈറ്റണച്ച് നരന്‍ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ കിടന്നു. നിമിഷങ്ങള്‍ പറന്ന് നടന്ന ഇരുട്ടില്‍ മൌനമലിഞ്ഞു ചേര്‍ന്നു.
“ഉറക്കം വരുന്നില്ലേ?”
“ഇല്ല... നരനോ?”
“ഞാന്‍ കുറേ നേരായി ഉറങ്ങാന്‍ ശ്രമിക്കുന്നു...”
തെല്ലു നേരത്തെ മൌനത്തിന് ശേഷം സായ പറഞ്ഞു.
“മൂഡൊന്ന് ശരിയായിട്ട് പറയാംന്ന് കരുതീതാ.... പക്ഷെ നരനോട് മുഴുവന്‍ പറയാതെ ഉറങ്ങാന്‍ പറ്റില്ലെനിക്ക്... ഇത്തിരി നേരം കൂടെ സംസാരിക്കാം നമുക്ക്?”
നരന്‍ പുറകിലൂടെ സായയോട് പറ്റി കിടന്നു, അവളുടെ കഴുത്തിന് പിറകില്‍ ചുംബിച്ചു. സായ അവന്റെ കൈകള്‍ തന്റെ മാറിലേക്ക് ചേര്‍ത്ത് വെച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി.
“ഒരേഴ് ഏഴരയായ് കാണണം സോഫിയുണര്‍ന്നപ്പോള്‍.... എണീറ്റുടനെ കണ്ടത് എന്നെയാ... കുറേ നേരം എന്നെ തന്നെയവള്‍ നോക്കി നിന്നു... പിന്നെ മനസ്സിലായ പോലെ നിനക്ക് സുഖല്ലേന്ന് ചോദിച്ചു. ഒന്നും പറയാതെ ഞാന്‍ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ അവള്‍ ബിനിയെ പറ്റിയും മറ്റും സംസാരിച്ചു. ഇടക്കെപ്പോഴോ കണ്ടിട്ടില്ലെങ്കിലും ഒരുപാട് പരിചയമുള്ള പോലെ നരനേയും മോളെയും പറ്റി ചോദിച്ചു... ആ സംസാരത്തിനിടയിലൊരിക്കലും അവള്‍ക്ക് എന്തെങ്കിലുമൊരസുഖമുള്ളതായെനിക്ക് തോന്നിയതേയില്ല... ശബ്ദത്തില്‍ ക്ഷീണമുണ്ടെങ്കിലും പഴയ സോഫി സംസാരിക്കുന്ന പോലെ തന്നെ... പക്ഷെ അവളെ പറ്റി അതു വരെ അവള്‍ ഒന്നും പറഞ്ഞില്ല.... പിന്നെ...”
സായ ഒന്ന് നിര്‍ത്തി.
“ങ്ഹും... പിന്നെ...?”
“പിന്നെ ഒരു അഞ്ച് പത്ത് മിനിറ്റ് ഒന്നും സംസാരിച്ചില്ല... മുകളിലേക്ക് തന്നെ നോക്കി കിടന്നു... ഇടയ്ക്ക് കണ്ണുകള്‍ ഇറുക്കിയടച്ചു.... പിന്നെ ഒരു മുഖവരയുമില്ലാതെ ഒരു കഥ പറഞ്ഞ് തുടങ്ങി...“
“കഥയോ?”
“കഥ പോലെ കടങ്കഥ പോലെ എന്തോ ഒന്ന്... അപ്പോഴാണ് അവള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പേര് വിളിച്ചത്“
“എന്താ അവള്‍ പറഞ്ഞത്?”
സോഫിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ സായ ശ്രമിച്ചു... കണ്ണുകളടച്ച് സ്വയമുണ്ടാക്കിയ ഇരുട്ടിന്റെ അഭയത്തില്‍ സോഫി ഉരുവിട്ട വാക്കുകള്‍ സായയ്ക്ക് ചുറ്റുമുയര്‍ന്നു....
“സായാ.... എത്ര മാസങ്ങള്‍ക്ക് മുന്‍പാണെന്നറിയില്ല... അന്ന് സൂര്യന്‍ നേരത്തെ അസ്തമിച്ചിരുന്നു... അതു കൊണ്ട് ഞാന്‍ നേരത്തെ കിടക്കുകയും ചെയ്തു... ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ എന്റെ ചുറ്റും ആരുമില്ല... എനിക്ക് പരിചയമുള്ള സ്ഥലവുമല്ല... നീണ്ട ഒരു ഹാളിന്റെ ഒരറ്റത്തുള്ള ബെഞ്ചില്‍ ഞാനൊറ്റക്ക്. അങ്ങ് മറ്റേ അറ്റത്തുള്ള മുറിയില്‍ വെളിച്ചമുണ്ടായിരുന്നു... കുറേ നേരം നിശബ്ദതയുടെ കാതടിപ്പിക്കുന്ന ഇരമ്പല്‍ മാത്രം... പിന്നെ അവിടെ നിന്ന് ആരോ എന്റെ പേര് വിളിച്ചു... ആദ്യം ഞാനൊന്ന് സംശയിച്ചു.. പോയി നോക്കിയാല്‍ അതവരാണെങ്കിലോ? കണ്ടാല്‍ അവരെന്നെ പിടിച്ച് കൊണ്ട് പോവും... തൂക്കി കൊല്ലും... പിന്നെയും ആരോ എന്റെ പേര് വിളിച്ചു കൊണ്ടേയിരുന്നു... പിന്നെ എനിക്കൊരു സംശയം, അത് അവനാണെങ്കിലോ? ആയിരിക്കാനിടയില്ല, എന്നാലും ആണെങ്കിലോ? ഞാന്‍ മെല്ലെ എഴുന്നേറ്റ് നടന്നു... നടക്കും തോറും ഇരുട്ടിന് കനം കുറഞ്ഞ് കൊണ്ടേയിരുന്നു... ആ മുറിക്കുള്ളില്‍ കയറിയപ്പോ അവിടെ നിറച്ച് എന്തൊക്കെയോ ഇന്‍സ്ട്രമെന്റ്‌സ്... നമ്മുടെ കോളേജിലെ ഫിസിക്സ് ലാബില്ലേ, അവിടുള്ളതിനേക്കാളുമേറെ...വെള്ളക്കോട്ടിട്ട ഒരുപാട് പേര്‍ എന്നെയും കാത്തെന്ന പോലെ ചുറ്റും... അവരെന്നെ കസേരയിലിരുത്തി... എന്റെ ശരീരത്തില്‍ ഒരുപാട് വയറുകള്‍ ഘടിപ്പിച്ചു.... നീളമുള്ള സൂചികളില്‍ ചോരയെടുത്ത് വലിയ വലിയ കുപ്പികളില്‍ ശേഖരിച്ചു.... വന്നവര്‍ വന്നവര്‍ എന്നെ പരിശോധിച്ചു, കുറിപ്പുകളില്‍ അവരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി... വേറെ ചിലര്‍ ദൂരെ നിന്ന് എന്നെ തന്നെ നോക്കി നിന്നു.. സമയം കുറെ അങ്ങനെ പോയി... അവസാനം അവരെല്ലാം പോയി, മുറിയില്‍ ഞാനൊറ്റക്കായി.... എനിക്ക് നല്ല പോലെ ഉറക്കം വരുന്നുണ്ടായിരുന്നു, പക്ഷെ ഉറങ്ങാന്‍ പേടി തോന്നി... കണ്ണുകള്‍ കഷ്ടപ്പെട്ട് തുറന്ന് പിടിച്ച് ഞാനിരുന്നു... എന്നിട്ടും ഇടക്കെപ്പോഴോ മയങ്ങി. ആരുടെയോ വിളി കേട്ടാണ് പിന്നെ ഞാനുണര്‍ന്നത്.... നോക്കുമ്പോ വെള്ളത്താടിയും കറുത്ത മുടിയുമുള്ള ഒരാള്‍.... എന്നെ നോക്കി അയാള്‍ ചിരിച്ചു. എന്തോ എനിക്കയാളെ ഇഷ്ടമായി... ഒരു വിശ്വാസം തോന്നി.... അയാള്‍ എനിക്ക് ഒരു കവര്‍ തന്നു. അതില്‍ ഒരു എക്സ്‌റേ ആയിരുന്നു... എന്റെ ഹൃദയത്തിന്റെ എക്സ്‌റേ! വാത്സല്യപൂര്‍വ്വം എന്നെ നോക്കി കൊണ്ട് അയാള്‍ പറഞ്ഞു എനിക്ക് കാന്‍സറാണെന്ന്.... എന്റെ ഹൃദയത്തില്‍ അര്‍ബുദമുണ്ടെന്ന്! അവന്‍ കാരണമാണത്രെ, അവനോടുള്ള പ്രണയം കാരണമത്രെ എനിക്ക് അര്‍ബുദം പിടിപെട്ടത്... ആയിരിക്കുമോ? ആദ്യമെനിക്ക് വിശ്വസിക്കാനായില്ല... കുറേ നാള്‍ കഴിഞ്ഞ് ഒരിക്കല്‍ കടല്‍പാലത്തിലൂടെ നടക്കുമ്പോഴാണ് ഞാനാ സ്വപ്നത്തെ കുറിച്ച് അവനോട് പറഞ്ഞത്... അവനുറക്കെ ചിരിച്ചു. എനിക്ക് വട്ടാണെന്ന് പറഞ്ഞു... അപ്പോള്‍ എനിക്കവനോട് ദേഷ്യം തോന്നി, അവനെ എന്നില്‍ നിന്ന് തള്ളി മാറ്റി... പിന്നീട് എനിക്കും തോന്നി, ശരിയായിരിക്കാം... അവന്‍ എന്നേക്കാളും എത്രയോ മൂത്തതാ, എത്ര എക്സ്പീരിയന്‍സുള്ളതാ... എനിക്ക് കാന്‍സറുണ്ട്... എന്റെ മനസ്സിലെ ഓരോ സെല്ലിലും.... ഐ റിയലൈസ്‌ഡ് .... ഐ ഹാവ് കാന്‍സര്‍ ...!!!”
സായ തുടര്‍ന്നു.
“അത്രയും പറഞ്ഞ് സോഫി നിര്‍ത്തി. എനിക്കെന്തോ പേടിയായി തുടങ്ങി... അപ്പോള്‍ അവള്‍ എന്നോട് വിശക്കുന്നെന്ന് പറഞ്ഞു. ഞാന്‍ ഒരു ആപ്പിള്‍ മുറിച്ച് കൊടുത്തു. വിശപ്പു മാറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഒന്നു കൂടെ മുറിച്ച് കൊടുത്തു. അത് കയ്യില്‍ വാങ്ങിയിട്ട് എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു. ഞാന്‍ ബെഡ്ഡിലേക്കിരുന്ന് അവളുടെ നെറ്റിയില്‍ തടവി. പതുക്കെ അവള്‍ ഉറങ്ങി. അപ്പോഴാ ഞാന്‍ നരനെ വിളിച്ചത്.““
“അപ്പോഴെന്താ നീ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്തത്?”
“നരനോട് സംസാരിച്ചോണ്ടിരിക്കുമ്പോഴാ സോഫി എന്തോക്കെയോ പിറുപിറുക്കുന്നത് കേട്ടത്... ആരോ കൊല്ലാന്‍ വരുന്നു, അവളെ ഇപ്പോ പിടിക്കും എന്നൊക്കെ... ഞെട്ടിയുണര്‍ന്നപ്പോ എന്നെ കണ്ടു... എന്നെ നോക്കി ചിരിച്ചു, പഴയ സോഫിയെ പോലെ... തലവേദനിക്കുന്നു ഇത്തിരി ബാം പുരട്ടി തരുമോ എന്ന് ചോദിച്ചു.... ഞാനവളുടെ നെറ്റിയില്‍ തലോടി കൊണ്ടിരുന്നു... കുറച്ച് നേരം അങ്ങനെ പിറുപിറുത്ത് അവള്‍ പിന്നെയും മയങ്ങി”
“എന്നിട്ട്?”
“പിന്നീട് ഞാനിറങ്ങുന്ന വരെ അവളുണര്‍ന്നിട്ടുണ്ടായിരുന്നില്ല. ചിലപ്പോ ഇപ്പോഴും അവളുറങ്ങുകയായിരിക്കും....“
“ഉറങ്ങട്ടെ അവള്‍ നന്നായി ഉറങ്ങട്ടെ... ചിലപ്പോ ഒന്നുറങ്ങി നീട്ടാല്‍ ഒന്നൂടെ ബെറ്ററാവും“
“ആവുമായിരിക്കും.. പക്ഷെ...”
“ഒരു പക്ഷെയുമില്ല... നാളെ നീ പോയി പഴയ പോലെ ഒന്ന് ഫ്രന്‍ഡ്‌ലി ആയി സംസാരിക്കുകയൊക്കെ ചെയ്താല്‍ അവള്‍ നോര്‍മലാവും...”
“എനിക്ക് പേടിയാവുന്നു നരാ.... നാളെ അവളെ കാണാന്‍ പോവാന്‍ എനിക്കു പേടിയാവുന്നു....”
“എന്താ സായ ഇങ്ങനെ.. നീ പോണം, നിന്നോട് അവള്‍ക്ക് മനസ്സു തുറന്നൊന്ന് സംസാരിക്കാനായാല്‍ ചിലപ്പോ നമുക്ക് അവളുടെ പ്രോബ്ലംസ് ഒക്കെ സോള്‍വ് ചെയ്യാന്‍ കഴിഞ്ഞാലോ...? അറ്റ്‌ലീസ്റ്റ് എന്താ അവള്‍ക്ക് സംഭവിച്ചതെന്നതിലേക്കുള്ള ലീഡ്‌സ് വല്ലതും കിട്ടുമെങ്കില്‍...”
“അത്.... ചില സൂചനകള്‍....ചിലത് അവള്‍ തന്നെ തന്നു... ആന്‍ഡ് ഐ തിങ്ക് വീ മേ നോട്ട് ബി ഏബിള്‍ ടു സോള്‍വ്....”
“എന്താ അത്?” - പ്രകടമായ താല്പര്യത്തോടെ നരന്‍ ചോദിച്ചു.
“അവളുടെ അരികിലിരുന്നു നെറ്റി തടവി കൊണ്ടിരിക്കെ പാതി മയക്കത്തില്‍ അവള്‍ എന്നോട് ചോദിച്ചു...
“ഇല്ല... വന്നില്ല ...“
“ഓ...” - സോഫി നിരാശയോടെ എന്നെ നോക്കി ചിരിക്കാനൊരു ശ്രമം നടത്തി.
ഞാന്‍ മുന്നോട്ട് നീങ്ങി അവളുടെ കൈപിടിച്ച് കൊണ്ട് പറഞ്ഞു.
“സാരമില്ല... ഇപ്പോഴെവിടെയാന്ന് പറഞ്ഞാല്‍ ഞാന്‍ കൂട്ടി കൊണ്ട് വരാം അവനെ...“
“അവന്‍... അവന്‍ ചിലപ്പോള്‍ ഇപ്പോഴും നീന്തുകയായിരിക്കും
“എന്ത്?” സോഫി കണ്ണുകള്‍ ഇറുക്കിയടച്ച്. എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“അതെ ... അവന്‍ ഇപ്പോഴും നീന്തുവാ.... കടലിലൂടെ ... അങ്ങ് ദൂരേക്ക്...”
“എന്ത്...?”
“....ദൂരേക്ക്....അവനിനി വരില്ല...”
“എന്തോക്കെയാ സോഫീ നീ ഈ പറയുന്നത്?”
“ഇനിയെനിക്കവനെ കാണണ്ടാ എന്ന് ഞാന്‍ തീരുമാനിച്ചു... സായാ.... ഞാനെന്താ ചെയ്യാ.... കള്ളം പറയുന്നവരെ എനിക്കിഷ്ടമല്ല...“
“എന്താ സോഫീ ഇത്.... “
“എനിക്ക്...ഇഷ്ടമല്ല...സായാ....”
സായ പറഞ്ഞതൊന്നും നരന് മനസ്സിലായില്ല. അവള്‍ പറയാനാരംഭിച്ചപ്പോള്‍ സോഫിയുടെ ദുരന്തം ഇത്രയും സങ്കീര്‍ണ്ണമാവുമെന്ന് അവന്‍ കരുതിയിരുന്നില്ല. തന്റെ ആകാംക്ഷ മറക്കാന്‍ വൃഥാ ശ്രമിച്ച് കൊണ്ടവന്‍ ചോദിച്ചു.
“എന്ന് വെച്ചാല്‍... എനിക്കൊന്നും മനസ്സിലായില്ല...“
“എന്ന് വെച്ചാല്‍.... എനിക്കറിയില്ല നരാ...”
“എന്ന് വെച്ചാല്‍ സോഫി അവനെ കാത്തിരിക്കുകയാണെന്നല്ലേ?”
“അതെ...”
“പക്ഷെ അവനെ കാണുന്നത് അവള്‍ക്കിഷ്ടവുമല്ല”
“അതെ...”
“ഇതെന്ത് ഭ്രാന്ത്? അവനെ ഇഷ്ടവുമാണ് പക്ഷെ കാണരുത്.... ഇതാണ് നിങ്ങള്‍ പെണ്ണുങ്ങളുടെ കുഴപ്പം? എന്താ ചിന്തിക്കുന്നതെന്നോ എന്തിനാ ചിന്തിക്കുന്നതെന്നോ ആര്‍ക്കും മനസ്സിലാവില്ല...!”
ചുണ്ടിലൊരു ചിരിയൊളിപ്പിച്ചു കൊണ്ട് സായ പറഞ്ഞു.
“അങ്ങനെ അടക്കി പറയല്ലേ നരാ... മനസ്സിലാക്കുവാനുള്ള ആണുങ്ങളുടെ കഴിവുകേടായിരിക്കരുതോ അത്?”
നരന് ചെറുതായി ദേഷ്യം വന്നു.
“ഇതിലെന്താ ഇത്ര മനസ്സിലാക്കാന്‍... സണ്ണിയും സോഫിയും എന്തോ പറഞ്ഞ് തെറ്റി, സണ്ണി ഇപ്പോള്‍ എവിടെയെങ്കിലുമാവട്ടെ... അവള്‍ അവനെ കാത്തിരിക്കുകയാണ്... ഇതിലെന്താ ഇത്രക്കധികം മനസ്സിലാക്കാനുള്ളത്?”
“മനസ്സിലാക്കാനധികമുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ ഊഹിക്കാന്‍ പലതുമുണ്ട്... ഊഹങ്ങള്‍ ചിലപ്പോ...”
“നീ എന്താ ഉദ്ദേശിക്കുന്നത്...?”
“സോഫി പറഞ്ഞ കടങ്കഥയും അവളുടെ ജല്പനങ്ങളും പിന്നെ ആ പേപ്പര്‍കട്ടിംഗും കൂടി ചേര്‍ത്ത് വായിച്ചാല്‍...”
“ഏത് പേപ്പര്‍ കട്ടിംഗ്?”
കട്ടിലില്‍ നിന്നുമെഴുന്നേറ്റ് സായ മേശക്കരികിലേക്ക് നടന്നു.വെള്ളയില്‍ കറുത്ത വരകളുള്ള തന്റെ ഹാന്‍ഡ്‌ബാഗ് തുറന്ന് കൊണ്ട് സായ തുടര്‍ന്നു.
“സോഫി തലവേദനിക്കുന്നു എന്ന് പറഞ്ഞപ്പോ ഞാന്‍ അവളുടെ ബാമിനായ് തിരഞ്ഞു.. ലഗ്ഗേജുകളുടെ കൂട്ടത്തില്‍ അവളുടെ ഹാന്‍ഡ്‌ബേഗുമുണ്ടായിരുന്നു... അതില്‍ നിന്ന് കിട്ടിയതാണ് ഈ പേപ്പര്‍ കട്ടിംഗ്...“
കയ്യിലെ കടലാസു കഷ്ണം അവള്‍ നരന് നേരെ നീട്ടി. അടക്കാനാവാത്ത ജിജ്ഞാസയോടെ അവനതിലൂടെ കണ്ണോടിച്ചു.
ഒന്നാം ചരമവാര്‍ഷികം
സണ്ണി അലക്സ്
മനസ്സില്‍ മായാത്ത ഓര്‍മ്മകളുമായി
ഭാര്യ: ലിസി മക്കള്‍: ബെനില്‍, ജെന്നി
മറ്റു ബന്ധുമിത്രാദികള്‍
നരന്റെ കൈകള്‍ വിറച്ചു...
“എന്താ സായാ ഇതിന്റെ അര്‍ത്ഥം..”
അവളുടെ മറുപടിയ്ക്കായ് അവന്‍ കാത്തിരുന്നു.
മരവിച്ചുകിടന്ന മാത്രകള്‍ക്കൊടുവില്‍ സായ മെല്ലെയെഴുന്നേറ്റു. ചുവന്ന് കലങ്ങിയ കണ്ണുകള്‍ അവള്‍ ഇത്രയും നേരം കരയുകയായിരുന്നുവെന്ന് പറഞ്ഞു. ശബ്ദമുണ്ടാക്കാതെ കരയാന്‍ പെണ്ണുങ്ങള്‍ക്കെങ്ങിനെയാണാവുന്നതെന്ന് അവന്‍ അത്‌ഭുതപെട്ടു. കൈപ്പടം കൊണ്ട് കണ്ണുകളമര്‍ത്തി തുടച്ചതിന് ശേഷം തലമുടി വാരി കെട്ടി കൊണ്ടവള്‍ പറഞ്ഞു.
“അറിയില്ല നരാ... അറിയില്ല!“
“പക്ഷെ ഇതെങ്ങനെ സംഭവിച്ചു?“
“ഊഹമാണ്... പക്ഷെ എനിക്ക് തോന്നുന്നു... “ ഒന്നു നിര്‍ത്തി എന്തോ ചിന്തയില്‍ നിന്നെന്ന പോലെ അവന്‍ പറഞ്ഞു.
“ഐ തിങ്ക് ഷി ഡിഡ് ഇറ്റ്!”
“വാട്ട്!!!”
“അതെ നരാ... അവള്‍ തന്നെയായിരിക്കണം... കഥയിലതുണ്ട്... പാതി വെന്ത രൂപത്തില്‍ ആ സത്യം അവളുടെ പിറുപിറുക്കലുകളിലുണ്ട്.... എനിക്കത് മനസ്സിലാക്കാം നരാ... അവളെ അറിയുന്ന എനിക്കത് വായിച്ചെടുക്കാം...”
“പക്ഷെ... പക്ഷെ എന്തിന്...?”
സായ നരന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ തലമുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് കൊണ്ട് അവള്‍ പറഞ്ഞു.
“അതിനുള്ള ഉത്തരം ആ കടലാസില്‍ തന്നെയുണ്ടല്ലോ... “
ഒന്ന് നിര്‍ത്തി കൊണ്ട് സായ തുടര്‍ന്നു.
“എനിക്കറിയാം കള്ളം പറയുന്നവരെ അവള്‍ക്ക് പണ്ടും ഇഷ്ടമായിരുന്നില്ല...”
വാക്കുകള്‍ വ്യക്തമാക്കാന്‍ വിസ്സമ്മതിച്ച പൊരുളിലേക്ക് തുറിച്ച് നോക്കി കൊണ്ട് നരന്‍ നില്‍ക്കേ അവന്റെ കയ്യില്‍ നിന്ന് ആ കടലാസുകഷണം വാങ്ങി കറുപ്പില്‍ വെള്ളവരകളുള്ള തന്റെ ഹാന്‍ഡ്‌ബേഗിലേക്ക് വെച്ചു. തിരികെ കട്ടിലില്‍ വന്ന് കിടന്ന് നരനിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് സായ പിറുപിറുത്തു.
“സോഫി പറഞ്ഞത് ശരിയാണ് നരാ... അവള്‍ക്ക് അര്‍ബുദമാണ് ... മനസ്സിന്റെ ഒരണുവില്‍ പിറന്ന്, പ്രവചനാതീതമായ വേഗത്തില്‍ കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് പടരുന്ന പ്രണയം.... ഒരു മൈക്രോസ്കോപ്പിനും കണ്ടെത്താനാവാത്ത, ഒരു മീറ്ററിനും അളക്കാനാവാത്ത അദൃശ്യമായ അസുഖം... ഇറ്റ് ഈസ് റിയലി എ ബ്ലഡി ഇന്‍വിസിബിള്‍ കാന്‍സര്‍!!!
തന്നോട് കൂടുതല്‍ പറ്റി കിടന്ന സായയുടെ കവിള്‍ത്തടങ്ങളിലെ ഈര്‍പ്പം നരനറിഞ്ഞു.
അവന്‍ അവളെ നെഞ്ചോട് ചേര്‍ത്തു.
***==============***==============***==============***==============***