തന്റെ പാദസരത്തിലെ മണികള്‍ കിലുക്കി കളിക്കുകയായിരുന്ന നരന്റെ കാലിലെ ചെറുവിരലില്‍ സായ പതുക്കെ കടിച്ചു. നരന്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരിക്കല്‍ കൂടെ കടിച്ചു - ഇക്കുറിയേറെ ബലത്തോടെ!
"എന്താടോ....? വെറുതെ കടിക്കുന്നോ?"
കിടപ്പുമുറിയിലെ ഇരുട്ടിലൂടെ നരന്റെ ശബ്ദം തന്റെ അടുത്തെത്താന്‍ കൂടുതല്‍ നേരമെടുത്തത് പോലെ സായയ്ക്ക് തോന്നി.
"ഒന്നുമില്ല."
"പിന്നെ... പിന്നെ എന്തിനാ കടിച്ച് കളിച്ചത്?"
"വെറുതെ... ഇഷ്ടം തോന്നീട്ട്."
"ങ്‌ഹും...കൊള്ളാം ... നമുക്കുറങ്ങാറായില്ലേ?"
"നരന് ഉറക്കം വരുന്നോ?"
"ഇല്ല... ഞാന്‍ ഓരോന്നോര്‍ത്ത് കിടക്കുകയായിരുന്നു."
"എന്താ ഈ ഓരോന്ന്...?"
"വെറുതെ... പഴയ ഓരോരോ കാര്യങ്ങള്‍..."
"ആരെ കുറിച്ച്?"
"ഒരു പഴയ കൂട്ടുകാരനെ കുറിച്ച്... അച്ചായന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഒരു സീനിയര്‍."
"ആരാ ഈ അച്ചായന്‍...? എന്നോടിതേ വരെ പറഞ്ഞിട്ടില്ലല്ലോ?"
"ഞങ്ങള്‍ തമ്മില്‍ കോണ്‍ടാക്ട് ഒന്നുമില്ല കുറേ കാലമായി. മറന്നു പോയിരുന്നു എന്ന് തന്നെ പറയാം."
"പിന്നെ ഇപ്പോഴെന്താ പെട്ടന്ന് ഓര്‍ക്കാന്‍?"
"ഓര്‍ക്കാനൊരു ചെറിയ കാര്യമുണ്ട്. പക്ഷെ അത് പറയുന്നതിന് മുന്‍പ് മറ്റു ചില കഥകള്‍ കൂടി പറയേണ്ടി വരും."
സായ വേഗത്തില്‍ എഴുന്നേറ്റ്, നരന്റെ മാറില്‍ തലചായ്ച് കിടന്ന് കൊണ്ട് പറഞ്ഞു.
"എന്നാ പറ..."
കഥ കേള്‍ക്കാനുള്ള സായയുടെ ആവേശം കണ്ട് നരന് ചിരി വന്നു. മെല്ലെ അവളുടെ നെറ്റിയില്‍ ഒരുമ്മ വെച്ചു.
സായ നരന്റെ നെഞ്ചിലേക്ക് കൂടുതല്‍ അമര്‍ന്നു. നരന്‍ തുടര്‍ന്നു.
"ഞാന്‍ അച്ചായനെ ആദ്യമായ് കാണുന്നത് പി.ജി.യ്ക്ക് ചേര്‍ന്ന ആദ്യദിവസത്തിലാണ്. സീനിയേഴ്സിനത് റാഗിംഗ് വസന്തകാലം. അവിടുത്തെ പതിവനുസരിച്ചുള്ള ക്വാട്ട എനിക്കും കിട്ടി. പക്ഷെ അച്ചായന്‍ ആരെയും റാഗിംഗ് ചെയ്യാന്‍ വന്നിരുന്നില്ല. ക്ലാസ്സ്മുറിയിലെ ഏതെങ്കിലും ഒരു കസേരയിലിരുന്ന് പരിപാടികള്‍ കണ്ട് ആസ്വദിക്കുകയാണ് മൂപ്പരുടെ വിനോദം. മലയാളം അധികം അറിയാത്ത പ്രതിഭയോട് ആരോ ചോദിച്ച ‘ഇംഗ്ലീഷില്‍ എത്ര ആല്‍ഫബെറ്റ്സ് ഉണ്ട്?’ എന്ന ചോദ്യത്തിന് ‘21’ എന്ന അവളുടെ മറുപടി കേട്ട് അച്ചായന്‍ ചിരിച്ച, നിര്‍ത്താതെയുള്ള ആ ഇടിവെട്ട് ചിരി, ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്."
"കൊള്ളാമല്ലോ കക്ഷി. നല്ല പഞ്ചാരയായിരുന്നോ ആള്‍."
"അല്ലായിരുന്നു. അച്ചായന്‍ അങ്ങനെ പെണ്‍കുട്ടികളോട് വലിയ വര്‍ത്തമാനത്തിനൊന്നും പോയിരുന്നതായ് ഞാന്‍ കണ്ടിട്ടില്ല. പക്ഷെ പൊതുവെ പെണ്‍കുട്ടികള്‍ക്കൊന്നും മൂപ്പരെ അത്ര ഇഷ്ടമായിരുന്നില്ല."
"അതെന്താ അങ്ങനെ?"
"കക്ഷിയുടെ നോട്ടം ശരിയല്ലെന്നാ സ്ത്രീജനപക്ഷം."
"ഓഹോ..."
"പക്ഷെ അസ്ഥാനത്തുള്ള നോട്ടമൊന്നും കക്ഷിക്കില്ലായിരുന്നു. അതെന്തായാലും അച്ചായനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഇതൊന്നുമല്ല - അത് അച്ചായന്റെ വെളുത്ത് തുടുത്ത മുഖത്തെ, നാഷണല്‍ ഹൈവേ പോലെ തോന്നിക്കുന്ന വടിവൊത്ത മീശയാണ്. ഇന്നേ വരെ ഞാന്‍ കണ്ട ആര്‍ക്കും അത്തരത്തില്‍ ഒരു മീശയില്ല. നല്ല വീതിയില്‍, വളഞ്ഞ ഒരു ചതുരക്കട്ട പോലെ വെട്ടിയൊതുക്കി അച്ചായന്‍ കൊണ്ട് നടന്നിരുന്നു ആ മീശ. പക്ഷെ പെണ്‍കുട്ടികളുടെ ഗുഡ്‌ബുക്കില്‍ പെടാന്‍ ആ മീശ പോലും രക്ഷയായില്ല."
"എങ്ങനെയാ നിങ്ങള്‍ തമ്മില്‍ പരിചയത്തിലായത്?"
"കോളേജില്‍ വെച്ച് ഞങ്ങള്‍ അത്ര പരിചയമൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ കൂടുതല്‍ കണ്ടിരുന്നത് അടുത്തുള്ള ടാക്കീസിലെ സെക്കന്റ്‌ഷോകളിലായിരുന്നു എന്നു പറയുന്നതായിരിക്കും ശരി. പിന്നെ പതുക്കെ പതുക്കെ ചെറിയൊരു സൌഹൃദം. പക്ഷെ ഒരു വീക്കെന്റില്‍ സീനിയേഴ്സിന്റെ കൂടെ പോയ ഒരു ടൂര്‍ ആണ് ഞങ്ങളെ അടുപ്പിച്ചതും അകറ്റിയതും."
"അടുപ്പിച്ചതും അകറ്റിയതും? അതെങ്ങനെ ഒരു വീക്കെന്റില്‍...?"
"അതാണ് രസം. അഥവാ രസമുള്ള വേദന. ഒരു വെള്ളിയാഴ്ച വൈകുന്നേരം പെട്ടന്നൊരു തീരുമാനം-ഒരു ടൂറടിച്ചാലോ എന്ന്. എല്ലാവരും റെഡി. എവിടെ പോകണം എന്നാലോചിച്ചപ്പോള്‍ ‘കല്പറ്റ’ എന്ന് അച്ചായന്‍. അവിടെ ഫ്രീയായി താമസിക്കാന്‍ സ്ഥലം കൂടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഹാപ്പി."
"അങ്ങനെ എല്ലാ വാനരന്മാരും കൂടെ പുറപ്പെട്ടു. കള്ളുകുടിസെറ്റിലെ എല്ലാരും ഉണ്ടാവുമല്ലോ കൂടെ, അല്ലെ?"
"ചോദിക്കാനുണ്ടോ. എല്ലാരും ഉണ്ട്. പക്ഷെ കള്ളില്ല."
"അതെന്തു പറ്റി? അങ്ങനെ ഒരു പരിപാടി പതിവില്ലല്ലോ"
സായ തലയുയര്‍ത്തി നരനെ നോക്കി.
"കള്ളില്ലെന്ന് പറഞ്ഞത്, പോകുമ്പോള്‍ ഇല്ലായിരുന്നെന്നാ. സിറ്റീന്ന് വാങ്ങി പോണ്ടാന്ന് അച്ചായന്‍ പറഞ്ഞു. കല്പറ്റയില്‍ നല്ല പറങ്കി വാറ്റിയത് കിട്ടുമത്രേ."
"ഓഹോ... അങ്ങനെ പറ."
സായ നേര്‍ത്തൊരു പരിഭവത്തോടെ നരന്റെ ചെവി പിടിച്ചൊന്ന് തിരുമ്മി. പിന്നെ തിരിച്ച് കിടന്നു.
"ങ്‌ഹും... എന്നീട്ട്...?"
"അച്ചായന്റെ പരിചയത്തിലുള്ള ഒരു ഗസ്റ്റ് ഹൌസിലായിരുന്നു താമസം. പകല്‍ മുഴുവന്‍ കാട്ടിലൂടെ ചുറ്റി കറങ്ങി. വെള്ളച്ചാട്ടത്തില്‍ കളിച്ച്, അരുവികളില്‍ കുളിച്ച്, ഒരുപാട് രസിച്ച് നടന്നു. രാവ് പുലരുവോളം നല്ല വെടിയിറച്ചിയും നാടന്‍ പറങ്കിമാങ്ങ വാറ്റിയതും. ഗോവന്‍ ഫെനിയൊന്നും അതിന്റെ ഏഴയലത്തെത്തില്ല."
"മതി കള്ളുകുടിപുരാണം. ബാക്കി പറ. പിന്നെന്തൊക്കെ ചെയ്തു രാത്രീല്‍?."
"രാത്രിയില്‍ ഇതു തന്നെ പരിപാടി. രാവിലെ നല്ല ദാഹം തോന്നി ഉറക്കമുണര്‍ന്ന എന്നെ അച്ചായന്‍ പൊക്കി."
"പൊക്കി എന്ന് വെച്ചാല്‍?"
"എന്നോട് ഡ്രസ്സ് മാറ്റി കൂടെ ചെല്ലാന്‍ പറഞ്ഞു."
"എങ്ങോട്ട്?"
"ഞാന്‍ ചോദിച്ചു. പക്ഷെ അപ്പോള്‍ പറഞ്ഞില്ല. ഡ്രസ്സ് മാറ്റി പുറത്തിറങ്ങിയപ്പോള്‍ കക്ഷി ഒരു സൈക്കിളും കൊണ്ട് നില്‍ക്കുന്നു. ഞാന്‍ കയറിയതും ഒരു ചോദ്യവും പറച്ചിലുമില്ലാതെ ഒരു വിടല്‍! പൊട്ടിപൊളിഞ്ഞ ആ എസ്റ്റേറ്റ്‌റോട്ടിലൂടെ, പുലര്‍കാലര്‍ത്തെ മഞ്ഞിന്റെ കുളിരിലൂടെയുള്ള ലക്ഷ്യമില്ലാത്ത യാത്രയുടെ ചിന്തയില്‍ തലേന്നത്തെ കെട്ട് മുഴുവന്‍ വിട്ടു. കുറേ കഴിഞ്ഞപ്പോള്‍ അച്ചായന്‍ ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തി. നല്ല ചൂട് ചായയും അച്ചായന്‍ ഓഫര്‍ ചെയ്ത AR ബീഡിയുമായ് റോഡരികിലെ കളുങ്കിലിരുന്നപ്പോള്‍ അച്ചായന്‍ മെല്ലെ പറഞ്ഞു തുടങ്ങി-ആരുമറിയാത്ത അച്ചായന്റെ പ്രണയകഥ!"
"പ്രണയകഥയോ?"
സായ എഴുന്നേറ്റിരുന്നു.
"അതെ. ആരോടും അന്നേ വരെ അച്ചായന്‍ പറയാതിരുന്ന പ്രണയകഥ."
നരന്‍ എഴുന്നേറ്റ് ചുമരും ചാരിയിരുന്നു.
"കഥയിലെ കാര്യവും കളിയും എനിക്കറിയില്ല. അച്ചായന്‍ പറഞ്ഞ അറിവേ എനിക്കുള്ളൂ. അന്നും അതിനു ശേഷവും ആരും ഇതിനെ പറ്റി ഒരു പരാമര്‍ശവും നടത്തി കേട്ടിട്ടില്ല."
"അതെന്തോ ആകട്ടെ. എതാ കക്ഷി എന്ന് പറ."
"കക്ഷി അച്ചായന്റെ അയല്‍വാസി ആയിരുന്നു. കുട്ടികാലം മുതല്‍ക്കുള്ള പരിചയം. ഒരുമിച്ചുള്ള സ്കൂള്‍ വിദ്യാഭ്യാസം, പള്ളിയില്‍ പോക്ക്, സണ്‍ഡേസ്കൂള്‍... കാലം ചെല്ലും തോറും ദൃഡമായ ബന്ധം. പിന്നെ നടന്നത് സ്ഥിരം സംഭവങ്ങള്‍. പാവപ്പെട്ട കൃസ്ത്യന്‍ കുടുംബത്തിലെ നായിക. ഒരു മകളെ സഭയില്‍ ചേര്‍ത്താമെന്ന പിതാവിന്റെ പ്രാര്‍ത്ഥന. കന്യാസ്ത്രീ ആവാനുള്ള പഠിപ്പിന് പോകേണ്ടി വന്ന നായിക. കോളേജ് പഠിപ്പിന് പോയ നായകന്‍. പ്രണയദു:ഖത്തിലാണ്ട രണ്ട് ഹൃദയങ്ങള്‍. ക്ലീഷെ!"
പതുക്കെ നരനരികിലേക്ക് വന്ന്, അവന്റെ മടിയില്‍ തല ചായ്ച് കിടന്നു കൊണ്ട് സായ ചോദിച്ചു.
"എന്നീട്ട്?"
"നായിക അപ്പോള്‍ കല്പറ്റയിലെ ഒരു തിരുസഭാമഠത്തില്‍. നായകന്‍ എന്റെ മുന്നിലിരുന്ന് ചായ കുടിക്കുന്നു."
"ഉഗ്രന്‍. അപ്പോള്‍ എന്താണ് നായകന്റെ പ്ലാന്‍."
"മൂന്നു മാസമായി ഒന്നു കണ്ടിട്ട്, ഒരു വാക്ക് മിണ്ടിയിട്ട്. അവളെ കാണണം, മിണ്ടണം, പറ്റുമെങ്കില്‍ രക്ഷിക്കണം."
"രക്ഷിക്കണം എന്ന് വെച്ചാല്‍?"
"മഠത്തില്‍ നിന്ന് ചാടിച്ച് കൊണ്ട് പോകണം. കല്യാണം കഴിക്കണം. കുറച്ചു കാലം കഴിയാന്‍ തക്കതായി അമ്മച്ചി തന്ന കുറച്ച് ആഭരണങ്ങളും പൈസയുമുണ്ട്. അപ്പച്ചന്‍ കുറച്ച് കാലം കഴിഞ്ഞാല്‍ കോമ്പ്രമൈസ് ആകും. കാതലില്‍ ഇതെല്ലാം സഹജം എന്നാണ് അച്ചായന്റെ വിലയിരുത്തല്‍."
"കൊള്ളാമല്ലോ കക്ഷി. എല്ലാം പ്രീ-പ്ലാന്‍ഡ് ആണല്ലോ?"
"അതെ. ഞങ്ങള്‍ ആരും അറിയാതെ എല്ലാം പ്ലാന്‍ ചെയ്ത് വെച്ചിരിക്കുന്നു."
"അപ്പോള്‍ ആ പെണ്ണിനെ ചാടിക്കാനാണോ നരനെ കൂട്ടിയത്?"
"എന്ന് ഞാനും ചിന്തിച്ചു, ചോദിച്ചു. അപ്പോള്‍ അച്ചായന്‍ പറഞ്ഞത് അവളെ മഠത്തില്‍ നിന്ന് അടിച്ചോണ്ട് പോകാന്‍ താന്‍ ഒറ്റയ്ക്ക് മതി പക്ഷെ നാട്ടുകാര്‍ ഇടപെട്ട് വല്ല അടിപിടിയുമായാല്‍, ആശുപത്രിയിലാക്കാന്‍ സഹായം വേണ്ടി വന്നേക്കും എന്നത് കൊണ്ടാണത്രെ എന്നെ ബുദ്ധിമുട്ടിച്ചത്!"
"ഉഷാര്‍! എന്നീട്ട്?"
"ചായകുടി കഴിഞ്ഞ് വീണ്ടും തുടര്‍ന്ന യാത്ര അവസാനിച്ചത് ഒരു പള്ളിയുടെ മുന്നിലായിരുന്നു. പള്ളി പിരിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതും കാത്ത് ഞങ്ങള്‍ വഴിയരികിലിരുന്നു."
"AR ബീഡി വലിച്ച് കൊണ്ട്, അല്ലേ?"
നരന്‍ ചിരിച്ചു.
"പള്ളി പിരിഞ്ഞു. ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. അവസാനം ഒരു കൂട്ടം കന്യാസ്ത്രീകള്‍ നടന്നു വരുന്നതു കണ്ടപ്പോള്‍ അച്ചായന്‍ അങ്ങോട്ട് നീങ്ങി. ഇത്തിരി ഭയത്തോടെ പിന്നാലെ ഞാനും."
സായ വീണ്ടും എഴുന്നേറ്റിരുന്നു. നരന്റെ കൈയില്‍ കൈയമര്‍ത്തി വെച്ചു. നരന്‍ ഓര്‍മ്മയില്‍ നിന്ന് ആ രംഗം ഓര്‍ത്തെടുത്തു.
"അച്ചായന്‍ കന്യാസ്ത്രീകളുടെ അടുത്തെത്തി. ആ കൂട്ടത്തില്‍ ഞാന്‍ അച്ചായന്റെ പ്രേമഭാജനത്തെ തിരഞ്ഞു. കറുത്ത് മെലിഞ്ഞതെങ്കിലും ഐശ്വരമുള്ള ഒരു മുഖത്തെ പ്രകടമായ വിളര്‍ച്ച, തിരിച്ചറിയാന്‍ എന്നെ സഹായിച്ചു.
അച്ചായന്‍ പറഞ്ഞു - ‘റോസീ, എനിക്ക് ഇത്തിരി സംസാരിക്കാനുണ്ട്.’.
കൂട്ടത്തില്‍ നിന്നാരോ ചോദിച്ചു - ‘ആരാ റോസമ്മേ, ഇത്?’.
അച്ചായന്റെ റോസി പറഞ്ഞു - ‘എന്റെ നാട്ടിലെയാ.’
കൂട്ടത്തില്‍ നിന്ന് മറ്റൊരു ശബ്ദം - ‘ആരായാലെന്താ? സംസാരിക്കാന്‍ മഠത്തില്‍ വരണം.‘
റോസി - ‘അച്ചായനിപ്പോ പോ. നമുക്ക് പിന്നെ സംസാരിക്കാം.‘
അച്ചായന്‍ - ‘ഇല്ല റോസീ, നീയില്ലാതെ ഞാന്‍ പോവില്ല.‘
റോസി ഇടിവെട്ടിയപോലെ അച്ചായനെ നോക്കി.
അച്ചായന്‍ - ‘നീയില്ലാതെ എനിക്കാവില്ല റോസീ’
റോസി - ‘ഇങ്ങനെയൊന്നും പറയല്ലേ അച്ചായാ. ഞാനിപ്പോള്‍ കര്‍ത്താവിന്റെ മണവാട്ടിയാ!’
അച്ചായന്‍ - ‘ഞാന്‍ സമ്മതിക്കത്തില്ല. നീയെന്റെയാ!’
റോസി - ‘ഇല്ലച്ചായാ. ഞാന്‍ തിരുവസ്ത്രമണിഞ്ഞവളാ. എനിക്കിനി അങ്ങനെയൊന്നും ചിന്തിക്കാന്‍ അവകാശമില്ല. സമൂഹം അതിനനുവദിക്കുകയില്ല.’
അച്ചായന്‍ - ‘ആരു പറഞ്ഞു? എന്തു സമൂഹം? നിന്റെ കണ്‍കളില്‍ ഭക്തി കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന എന്നോടുള്ള പ്രണയം ഞാന്‍ കാണുന്നു. നിന്റെ ഈ തിരുവസ്ത്രത്തിനടിയിലെ മാറിടം എനിക്കായ് തുടിക്കുന്നത് ഞാന്‍ മനസ്സിലാക്കുന്നു. റോസീ, എന്നെ പ്രണയിക്കാതിരിക്കാന്‍ നിനക്ക് കഴിയുകില്ലെന്ന് എനിക്കറിയാം.‘
റോസി - ‘കര്‍ത്താവേ, എന്തൊരു പരീക്ഷണമാണിത്...!’
കരഞ്ഞു കൊണ്ട് റോസി നടന്നകന്നു.
അച്ചായന്‍ - ‘റോസീ, സമൂഹം എന്തും പറഞ്ഞോട്ടെ. നിന്നെ പ്രണയിക്കാതിരിക്കാന്‍ എനിക്കും കഴിയില്ല.’
കൂടുതല്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് റോസി നടത്തം തുടര്‍ന്നു. മറ്റ് കന്യാസ്ത്രീകളും പിന്നാലെ പോയി.
അച്ചായന്‍ ഉറക്കെ വിളിച്ചു പറഞ്ഞു - ‘റോസീ, ഞാന്‍ കാത്തിരിക്കും. ഇവിടെ... നീ വരുന്നതും കാത്ത്. ഉച്ച വരെ നീ വന്നില്ലെങ്കില്‍ ഞാന്‍ വരും, നിന്റെ മഠത്തില്‍. നിന്നെ കൊണ്ടു പോകാന്‍!‘
അച്ചായന്‍ നിലത്തിരുന്നു. നടന്ന മെലോഡ്രാമയുടെ ഒഴുക്കൊന്നോര്‍ത്തെടുക്കാന്‍ പോലുമാവാതെ ഞാനും!"
സായ നരന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവന്റെ ചുമലില്‍ തല ചായ്ച്ചു കൊണ്ട് ചോദിച്ചു
"അച്ചായന്റെ റോസി വന്നോ?"
"ഉച്ച വരെ ഞങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നില്ല. അപ്പോഴേക്കും അവര്‍ വന്നു."
"ആര്?"
ഒരു നിമിഷത്തെ മൌനത്തിന് ശേഷം നരന്‍ പറഞ്ഞു.
"അറം പറ്റിയ പോലെ, എനിക്ക് തന്നെ അച്ചായനെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു. ബോധം വന്നപ്പോള്‍ എന്നോട് ഗസ്റ്റ് ഹൌസിലേക്ക് പോകാന്‍ അച്ചായന്‍ പറഞ്ഞു. പോകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. ആരെങ്കിലും ചോദിച്ചാല്‍ നാട്ടില്‍ പോയി എന്ന് പറഞ്ഞാല്‍ മതിയെന്നും റോസിയെ കുറിച്ച് ആരോടും പറയരുതെന്നും എന്നെ ചട്ടം കെട്ടി."
സായ പതുക്കെ നരനെ കെട്ടി പിടിച്ചു.
"എന്നീട്ട്?"
"ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോള്‍ ആരും എണീറ്റിട്ടുണ്ടായിരുന്നില്ല. വൈകീട്ട് ഞങ്ങള്‍ തിരിച്ച് പോരുകയും ചെയ്തു. അതില്‍ പിന്നെ ഞാന്‍ അച്ചായനെ കണ്ടിട്ടില്ല. അച്ചായന്‍ പിന്നെ കോളേജില്‍ വന്നതുമില്ല. പിന്നെപ്പോഴോ, പഠിപ്പ് നിര്‍ത്തിയെന്ന് സീനിയേഴ്സ് പറയുന്നത് കേട്ടു."
നരന്‍ പറഞ്ഞു നിര്‍ത്തി.
അവര്‍ ഇരുവരും അവരാവരുടെ ചിന്തകളിലാണ്ടു. നിമിഷങ്ങള്‍ക്ക് ശേഷം സായ ചോദിച്ചു.
"പിന്നീടിത് വരെ അച്ചായനെ കുറിച്ച് ഒരു വിവരവുമില്ലേ?"
"ഇല്ല."
"പിന്നെന്തേ ഇന്ന് പെട്ടെന്ന് അച്ചായനെ കുറിച്ചോര്‍ക്കാന്‍ കാരണം?"
"ഓ, അതോ? അത്..."
ചിരിച്ച് കൊണ്ട് നരന്‍ തുടര്‍ന്നു.
"വൈകീട്ടത്തെ ന്യൂസില്‍ കേരളത്തിലെ നാഷനല്‍ ഹൈവേകള്‍ വീതി കൂട്ടാനുള്ള പദ്ധതിയെ കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍, അച്ചായന്റെ മീശയെ കുറിച്ചോര്‍ത്തു പോയി...! പിന്നെ, തിരുവസ്ത്രത്തിനുള്ളില്‍ കുടുങ്ങി പോയ പ്രണയത്തെ കുറിച്ചും!!"
പര്യവസാനം:
രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ നരന്‍ കണ്ടത് തന്നെ നോക്കി കിടക്കുന്ന സായയെയാണ്.
"എന്തു പറ്റി മോളൂ...?"
"ഒന്നുമില്ല. ഞാന്‍ റോസിയെ കുറിച്ച് ആലോചിക്കുകയായിരുന്നു."
"എന്ത്?"
"അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? അച്ചായന്‍ ഇപ്പോള്‍ എവിടെയായിരിക്കും?"
"ആ... ആര്‍ക്കറിയാം? അതിന് ശേഷം, അച്ചായനെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കണമെന്നു ചിലപ്പോഴൊക്കെ ഓര്‍ക്കും.. പിന്നെ പതിവ് പോലെ മറന്ന് പോകും... എല്ലാവര്‍ക്കും സൌഹൃദങ്ങളും ബന്ധങ്ങളും എന്നെന്നും നിലനിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകം എത്ര മനോഹരമായേനെ!"
"ങ്‌ഹും... എവിടെയായായിരുന്നാലും അവര്‍ ആ പ്രണയം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവുമോ?"
"ഉണ്ടാവാം... ചിലപ്പോള്‍ ഇല്ലായിരിക്കാം. അന്ന് ആ വെളുപ്പാന്‍കാലത്ത്, ആ ചായക്കടയുടെ മുന്നിലിരിക്കുന്ന സമയത്ത് അച്ചായന്‍ എന്നോട് പറഞ്ഞു - ‘എടാ, പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഞാന്‍ അവളെ തന്നെ സ്നേഹിക്കുന്നതെന്ന്? ആരും ഒരിക്കലും അംഗീകരിക്കാത്ത ഈ ബന്ധം തുടരണോ എന്ന്. അപ്പോഴൊക്കെ ഞാനോര്‍ത്തത് അവളുടെ സ്നേഹത്തെ കുറിച്ചായിരുന്നു. നിറയെ പൂത്തു നില്‍ക്കുന്ന ഒരു പൂമരം പോലെയുള്ള അവളുടെ സ്നേഹം. ആ സ്നേഹത്തിന്റെ, അവളുടെ സാമീപ്യത്തിന്റെ, തണലും ആശ്വാസവും മറ്റെങ്ങും ഞാന്‍ അനുഭവിച്ചിട്ടില്ല.!‘ "
ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം നരന്‍ തുടര്‍ന്നു.
"ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നത് അവര്‍ അത് മറന്നിട്ടുണ്ടാകട്ടെ എന്നാണ്. മനുഷ്യര്‍ക്ക് മറവി പലപ്പോഴും അനുഗ്രഹമല്ലേ"
"ഇല്ല നരാ, എനിക്കുറപ്പാണ്. അവര്‍ തമ്മില്‍ മറന്നിട്ടുണ്ടാവില്ല. ബന്ധുക്കള്‍, സമൂഹം, കൂട്ടുകാര്‍ - അവരെ മനസ്സിലാക്കാന്‍ ആരെല്ലാം വിസ്സമ്മതിച്ചാലും, സമൂഹം എത്ര ന്യായങ്ങള്‍ നിരത്തിയാലും, അവര്‍ അത് മറന്നിട്ടുണ്ടാവില്ല."
സായ പറഞ്ഞു നിര്‍ത്തി, കണ്ണടച്ച് കിടന്നു. നരന്‍ മെല്ലെ അവളുടെ തോളിലൂടെ കൈവിരലുകളോടിച്ചു.
കണ്ണുകള്‍ തുറക്കാതെ സായ പറഞ്ഞു.
"ഉണങ്ങാത്ത ഒരു വ്രണം പോലെ മനസ്സില്‍ കിടക്കുന്ന - ഇടയ്ക്കിടെ കുത്തിനോവിക്കുന്ന - പ്രണയത്തിന്റെ ഗതികേടാണത്!"
ഒന്ന് നിര്‍ത്തിയിട്ട് സായ തുടര്‍ന്നു.
"നരാ, എന്നെ കെട്ടിപിടിക്കൂ !!!"
---------------- ശുഭം -----------------
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago