Wednesday, April 7, 2010

ഒരു ചിന്ന ഇടവേള


ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,

2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…

ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈം‌പാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.

വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!

സസ്നേഹം
ദൃശ്യന്‍

-------------------------------------------------

Thursday, January 21, 2010

അര്‍ബുദം ബാധിച്ച പെണ്‍കുട്ടി

- 1 -
ചു
വന്ന പൊട്ടിനു മുകളിലായ് ചന്ദനം തൊട്ട ശേഷം സായ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒന്നു വിലയിരുത്തി. കസവുകരയുള്ള മുണ്ടും വേഷ്ടിയും കഴിഞ്ഞ കൊല്ലം മലയാളിസമാജം നടത്തിയ പൂക്കളമത്സരത്തിന്റെയന്ന് വാടാര്‍മല്ലിനിറമുള്ള ബ്ലൌസിന്റെ കൂടെ ഉടുത്തപ്പോള്‍ വളരെ കാലങ്ങള്‍ക്ക് ശേഷം നരനില്‍ നിന്നൊരു കോമ്പ്ലിമെന്റ് കിട്ടിയതാണ്. അതിനു ശേഷം ഇന്നാണ് പെട്ടിയില്‍ നിന്ന് പൊടി തട്ടിയെടുത്തത്. കൈകള്‍ക്ക് ഇത്തിരി മുറുക്കമുണ്ടെങ്കിലും വിചാരിച്ചത്ര പ്രശ്നമില്ല. നരനില്‍ നിന്ന് ഇന്നുമൊരു പ്രശംസ ഉണ്ടാകുമെന്നുറപ്പ്. വസ്ത്രങ്ങളാവില്ല മറിച്ച് ചുവന്ന പൊട്ടിനു മുകളിലെ ചന്ദനക്കുറിയായിരിക്കുമതിന് കാരണം! സോഫിയും തന്നെ ഈ വേഷത്തിലിന്നേ വരെ കണ്ടിട്ടുണ്ടാവില്ല. ഒരു ബഹളക്കാരിയില്‍ നിന്നും വീട്ടമ്മയുടെ റോളിലേക്കുള്ള തന്റെ ഈ മാറ്റം, കല്യാണമെന്ന പ്രസ്ഥാനത്തിനോട് എതിരായിരുന്ന തന്റേടിയായ ആ പഴയ സുഹൃത്തിനെ അമ്പരപ്പിക്കുമെന്നുറപ്പ്!

മണി മൂ‍ന്നടിച്ചു. കരിവളകള്‍ക്ക് മീതെ നാഗാഗ്രമുള്ള രണ്ട് വളകള്‍ കൂ‍ടി തിടുക്കത്തില്‍ കയ്യിലിട്ട് സായ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. മരപ്പടികളില്‍ അമര്‍ത്തി ചവിട്ടി കൊണ്ട് കോണിയിറങ്ങി, മുന്‍‌വാതില്‍ പൂട്ടി കാറില്‍ കയറാന്‍ നേരം ഒരു സംശയം. ഒരിക്കല്‍ കൂടി വീട്ടിലേക്ക് തിരിച്ചോടി മുന്‍‌വാതില്‍ ശരിക്കും പൂട്ടിയിട്ടുണ്ടെന്നുറപ്പ് വരുത്തി വന്ന് കാറില്‍ കയറുമ്പോള്‍ മൊബൈല്‍കിളി ചിലച്ചു. നരനാണ്! എടുത്ത ഉടനെ അവന്റെ ദേഷ്യം പിടിച്ച ശബ്ദം കാതുകളില്‍ മുഴങ്ങി.

“നിനക്കെന്താ ലാന്‍ഡ്‌ലൈന്‍ എടുത്താല്‍?”
“നരാ, ഞാനതിന് പുറത്താണ്.”
സായ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
“മാളൂനെ സ്കൂളീന്ന് കൂട്ടാന്‍ നീയാണോ പോണത്?”
“അല്ല, അവളെ കൂട്ടാന്‍ അമ്മ പോയി. ഞാന്‍ സോഫിയയുടെ വീട്ടില്‍ പോവ്വാ.”
“സോഫിയ?”
“എന്റെ കൂടെ ലിറ്റില്‍ ഫ്ലവറിലുണ്ടായിരുന്ന സോഫിയ... എന്റെ ഹോസ്റ്റല്‍ റൂം‌മേറ്റ്. ഞാന്‍ പറഞ്ഞിട്ടില്ല്ലേ നന്നായി പടം വരയ്ക്കുന്ന അവളെ പറ്റി..”
“ഓ, നിന്റെ ഹൈറേഞ്ചുകാരി ഫ്രണ്ട്?”
“അതന്നെ... കഴിഞ്ഞ രണ്ട് കൊല്ലായിട്ട് അവളിവിടെ ഈ നഗരത്തിലുണ്ടത്രെ”
“ഇതിപ്പോ പെട്ടന്ന് എവിട്‌ന്ന് കിട്ടി ഈ കോണ്ടാക്ട്?”
“അതല്ലേ രസം. ഇന്നലെ ഓര്‍ക്കുട്ടില്‍ കയറി പരതിയപ്പോഴാ കോളേജിന്റെ ഒരു കമ്മ്യൂണിറ്റി കണ്ടത്, രേഖയുടെ പ്രൊഫൈലില്‍. അതില്‍ നിന്ന് നമ്മുടെ ബിനിയെ കിട്ടി. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ഒരു ന്യൂസുമില്ലായിരുന്നു ബിനിയെ പറ്റി. ഉടനെ അവള്‍ക്കൊരു സ്ക്രാപ്പിട്ടു. ഇന്ന് കാലത്ത് നോക്കുമ്പോ ദേ കിടക്കുന്നു അവളുടെ റിപ്ലൈ. അപ്പോ തന്നെ ചാറ്റിലൂടെ നമ്പര്‍ വാങ്ങി അവളെ വിളിച്ച് കത്തിയടിച്ചു.”
“നീ ഡ്രൈവ് ചെയ്തോണ്ടാണോ സംസാരിക്കുന്നത്?”
സായ ഒരു ചീത്തവിളി മണത്തു. മറുപടി നല്‍കാതെ അവള്‍ വണ്ടി സൈഡിലേക്കൊതുക്കി.
“സോറി!”
“എന്ത് സോറി. ഞാന്‍ നൂറ് വട്ടം പറഞ്ഞിട്ടുണ്ട് ഡ്രൈവ് ചെയ്തോണ്ട് മോബൈലില്‍ സംസാരിക്കരുതെന്ന്. നിനക്കാ ഹെഡ്‌ഫോണ്‍ വെച്ചാലെന്താ?”
ഈ കാര്യത്തില്‍ നരനോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. സായയുടെ ശബ്ദത്തിന് ക്ഷമാപണസ്വരം.
“ഞാന്‍ സോറി പറഞ്ഞില്ലേ നരാ...”
“ങ്‌ഹും... ലാസ്റ്റ് വാണിം‌ഗ് ... “
നരന്റെ സ്വരത്തിന്റെ കാഠിന്യം കുറഞ്ഞു.
“താങ്ക്‍ യൂ!”
“അപ്പോ ബിനിയിപ്പോഴെവിട്യാ?”
“ന്യൂ ജേഴ്സീല്”
“ഉഗ്രന്‍. അപ്പോ ഐ.എസ്.ഡി. കത്തിയടിയായിരുന്നു. ഈ മാസത്തെ ബില്ല് മോള് തന്നെ അടച്ചോണ്ടു.”
“ഓ, ഞാന്‍ അടച്ചോളാം. നിന്റെ ക്രെഡിറ്റ് കാര്‍ഡ് തന്നാല്‍ മാത്രം മതി.”
“അതെയോ. എന്തൊരു ഔദാര്യം!”
“അതൊക്കെ വിട്, നീയിത് കേക്ക്. ബിനിയോട് കത്തിയടിച്ചപ്പോഴാ അറിഞ്ഞത് സോഫി ഇവിടെ ഉണ്ടെന്ന്. അവര്‍ ഡിസ്റ്റന്‍‌ഡ് കസിന്‍‌സ് ആണല്ലോ. പക്ഷെ രണ്ട് മൂന്ന് കൊല്ലമായി ബിനിക്കുമില്ലാ സോഫിയുമായ് കോണ്ടാക്ട്. അവളുടെ നമ്പറോ അഡ്രസ്സോ തപ്പിയെടുക്കാന്‍ ശ്രമിക്കാം എന്ന് ബിനി പറഞ്ഞപ്പോ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ വിത്തിന്‍ ത്രീ ഹവേര്‍‌സ്, ബിനി വിളിച്ച് അഡ്രസ്സും നമ്പറും തന്നു. ലാന്‍‌ഡ് ലൈന്‍ വിളിച്ചപ്പോ കണ്ടിന്യുസ്‌ലി എന്‍‌ഗേ‌ജ്‌ഡ്. എന്നാ പിന്നെ ചൂടോടെ പോയി നോക്കാന്ന് വിചാരിച്ചു.”
“എവിടെയാ സോഫീടെ വീട്?”
“അള്‍‌സൂര്... ഒരു നമ്പര്‍38, കെ.കെ. വില്ല, വിന്നി റോഡ്.”
“ലേക്കിന്റെ അടുത്ത് തന്നെയാ വിന്നി റോഡ്.”
“അതൊക്കെ ഞാന്‍ എങ്ങനേലും കണ്ട് പിടിച്ചോളാം. അപ്പോ ഞാന്‍ വെക്കുന്നു.”
കട്ട് ചെയ്യാന്‍ പോകുമ്പോഴേക്കും നരന്‍ തടഞ്ഞു.
“പഴയ റോം മേറ്റിനെ കാണാന്‍ പോണ സന്തോഷത്തില്‍ എക്സൈറ്റ്‌‌മെന്റ് കയറി വണ്ടി എവിടേലും കൊണ്ടോയി മുട്ടിക്കണ്ട”
“എങ്ങനെ എക്സൈ‌റ്റഡ് ആവാതിരിക്കും നരാ... എത്ര കാലമായ് അവളെ കണ്ടീട്ട്, എന്തേലും ഒരു വിവരം കിട്ടിയിട്ട്?”
“ശരി ശരി.. സൂക്ഷിച്ച് പോയി വാ. നീ എത്ര മണിയാവും മടങ്ങി വരാന്‍?”
“മാക്സിമം ഒരു അഞ്ച് അഞ്ചര. ഇനി അവള്‍ വര്‍ക്കിംഗ് ആണെങ്കില്‍ പിന്നെ പോയി കാണാം. ആദ്യം ഞാന്‍ പോയി അഡ്രസ്സ് ഒന്ന് കണ്‍‌ഫേം ചെയ്യട്ടെ.“
“ശരി. എന്നാ തിരിച്ച് വരുമ്പോ നീ എന്റെ ഓഫീസ് വഴി വാ. നമുക്ക് ഫുഡ് കോര്‍ട്ടീന്ന് ഓരോ ഐസ്‌ക്രീമുമടിച്ചിട്ട് പോവാം.”
“മോളില്ലാതെയോ?”
“അത് സാരമില്ല. അവളെ സോപ്പിടാന്‍ നമുക്ക് വല്ലതും വാങ്ങി കൊണ്ട് പോകാം.“
“അപ്പോ ഓകെ. ഞാന്‍ സോഫീടെ വീട്ടീന്നിറങ്ങുമ്പോ വിളിക്കാം.”
സായ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടെടുത്തു. സോഫിയെ കുറിച്ചുള്ള ചിന്തകള്‍ ചുണ്ടില്‍ ഒരു മൂളിപ്പാട്ടുണര്‍ത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള മാരുതി 800 അവളുടെ ഓര്‍മ്മകള്‍ക്കൊപ്പമെത്താനെന്നോണം കിതച്ച് കൊണ്ട് ഓടി.

- 2 -
#38, K K Villa
ബോഗന്‍‌വില്ല പടര്‍ന്ന് പന്തലിച്ച മതിലില്‍ പഴക്കം ബാധിച്ച നെയിം ബോര്‍ഡിലെ മങ്ങിയ അക്ഷരങ്ങള്‍ ഒരാവര്‍ത്തി കൂടെ സായ വായിച്ചുറപ്പ് വരുത്തി. റോഡരികിലെ മരത്തണലില്‍ കാര്‍ പാര്‍ക്ക് ചെയ്തു. രണ്ട് നിലയുള്ള പഴയ ഒരു ബം‌ഗ്ലാവായിരുന്നു അത്. സോഫിയുടെ പപ്പയ്ക്ക് പണ്ട് ബാംഗ്ലൂരില്‍ ബിസിനസ്സുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അന്ന് വാങ്ങിയിട്ട വീടായിരിക്കണമത്. ബാംഗ്ലൂരിലെ തോട്ടത്തില്‍ നിന്ന് പപ്പ കൊണ്ട് വന്ന മുന്തിരിക്കുലകളുമായ് ഒരിക്കല്‍ അവള്‍ ഹോസ്റ്റലില്‍ വന്നിരുന്നു. പിന്നൊരിക്കല്‍, ഹോസ്റ്റലിലെ താന്തോന്നികള്‍ എന്ന പേര്‍ തങ്ങള്‍ക്ക് സമ്പാദിച്ച് നല്‍കാന്‍ സഹായിച്ച, അവളുടെ മമ്മിയുണ്ടാക്കിയ അത്യുഗ്രന്‍ മുന്തിരിവൈനും!

സന്ധിബന്ധങ്ങളിലെ മുറുക്കത്തിന്റെ മുരള്‍ച്ചയില്‍ ഗേറ്റ് തുറന്നപ്പോള്‍ സിമന്റ് പാകിയ നിലത്തെ കരിയിലകള്‍ പ്രതിഷേധമറിയിച്ചു. അടുത്ത കാല്‍‌വെപ്പ് വരെ മാത്രം നീണ്ടു നിന്ന ആ ദീനസ്വരം നനുത്ത തണുപ്പുള്ള കാറ്റിലലിഞ്ഞു. കൂടുതല്‍ കരച്ചിലുകള്‍ ഏറ്റുവാങ്ങി കൊണ്ട് കാറ്റ് മതിലരികിലെ മരങ്ങളില്‍ ചേക്കേറി. പൊടി പിടിച്ച ചുമരിലെ കോളിം‌ഗ്‌ബെല്ലിന്റെ അം‌ഗ‌ഭംഗം സംഭവിച്ച ഫ്രെയിമില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് ബീഥോവന്റെ സിംഫണിയുയര്‍ന്നു.

പട്ടികൂടിലെ ഏകാന്തതയില്‍ ഒരു അണ്ണാറക്കണ്ണന്‍ എന്തോ കരണ്ട് കൊണ്ടിരിക്കുന്നു. ഉണങ്ങിയ ഒരു കൊള്ളിയിലൂടെ ആകാശങ്ങള്‍ തേടി യാത്ര തിരിച്ച ഒരു മുല്ലവള്ളി സ്വപ്രയത്നത്തില്‍ പരാജയം സമ്മതിക്കാന്‍ മനസ്സില്ലാതെ ഇത്തിരി പച്ചപ്പുള്ള കടലാസുപൂക്കളില്‍ അപ്രത്യക്ഷയായിരിക്കുന്നു. ഒഴിഞ്ഞ് കിടന്ന കാര്‍പ്പോര്‍ച്ചില്‍ മൃതപ്രായരായ ചില ചെടികള്‍ ചട്ടിയിലെ വരണ്ട മണ്ണില്‍ ജലത്തിന്റെ വരവും കാത്ത് കിടക്കുന്നുണ്ട്. അകത്ത് അനക്കമൊന്നുമില്ല. ഇനി ആരുമില്ലേ വീട്ടില്‍? ഫോണ്‍ എന്‍‌ഗേജ്‌ഡ് ആയതിനാല്‍ ആരോ വീട്ടിലുണ്ടെന്ന് ഉറപ്പ്. ഉച്ചസമയമായതിനാല്‍ ചിലപ്പോള്‍ ഉറക്കമായിരിക്കും. അല്ലെങ്കിലും പണ്ടേ അവള്‍ ഉറക്കഭ്രാന്തിയായിരുന്നല്ലോ. സായ ഒന്നു കൂടെ ബെല്ലടിച്ചു. വീണ്ടും ബീഥോവന്റെ സിംഫണി.

പുതുമഴയുടെ ഗന്ധമുള്ള കാറ്റ്. സായ കണ്ണുകളടച്ച് ശ്വാസം ഒന്നാഞ്ഞ് വലിച്ചു. ആ സുഖം ശരീരത്തില്‍ നിറയുന്നത് അവളറിഞ്ഞു. മുണ്ടിലെ ഞൊറികള്‍ പരസ്പരം കലഹിച്ചു.

ആരോ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു. അകത്തെ പൂട്ട് തുറക്കാന്‍ ഇത്തിരി കഷ്ടപ്പെടുന്നുണ്ട്. വീണ്ടും വീണ്ടും വാതില്‍ പിടിച്ച് വലിക്കുന്നു. വല്ലാത്ത പരിഭ്രമത്തില്‍ ചെയ്യുന്ന പോലെ. ഒന്നമര്‍ത്തി വീണ്ടുമൊന്ന് വലിച്ചപ്പോള്‍ ഇത്തിരി പരിഭവത്തോടെ വാതില്‍ തുറന്നു. അകത്ത് ഇരുട്ടില്‍ നിന്ന് ചിരിച്ച് കൊണ്ട് പുറത്തേക്ക് വന്ന മുഖം സായ തിരിച്ചറിഞ്ഞു - സോഫിയ! അവള്‍ മന്ദഹസിച്ചു.

സോഫി തന്നെ തിരിച്ചറിഞ്ഞ മട്ടില്ല. തീരെ പരിചയമില്ലാത്ത ആരെയോ കണ്ട പോലെ അവള്‍ പകച്ച് നില്‍ക്കുകയാണ്. എണ്ണമയം തീരെയില്ലാതെ പാറി കിടക്കുന്ന മുടിയിഴകള്‍. സോഫി കൂടുതല്‍ കറുത്തുവോ?
“സോഫീ... നിനക്കെന്നെ മനസ്സിലായോ?”
സോഫിക്ക് ഒരു ഭാവമാറ്റവുമില്ല. അവശതയുള്ള കണ്ണുകളെ ചുളുക്കം വീണ പുരികക്കൊടികള്‍ കുണ്ടിലാഴ്ത്തിയിരിക്കുന്നു. അകത്ത് നിന്നാരോ നടന്ന് വരുന്നുണ്ട്. പാതി തുറന്ന വാതിലിലൂടെ സായ അകത്തേക്ക് നോക്കി. ഇരുട്ടാണ്, ഒന്നും വ്യക്തമാകുന്നില്ല.
“ഇത് ഞാനാ ... സായ... ലിറ്റില്‍ ഫ്ലവറില്‍ നിന്റെ...”
അവളെ മുഴുമിക്കാന്‍ സമ്മതിക്കാതെ സോഫി പരിഭവം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“ഇതവനല്ല... ഇത്.... അവനല്ല...”
സോഫിയുടെ നാക്ക് കുഴയുന്ന പോലെ തോന്നി. കണ്ണുകള്‍ ഇറുക്കിയടച്ച് തളര്‍ന്ന് കൊണ്ടവള്‍ നിലത്തേക്ക് വീണു. സായ മുന്നോട്ടേക്കാഞ്ഞപ്പോഴെക്കും പിറകിലൊരു രൂപം വന്ന് സോഫിയെ പിടിച്ചു.
മയക്കത്തില്‍ സോഫി പിറുപിറുക്കുന്നു.
“പപ്പാ... ഇത് അവനല്ല.... അവനല്ല...”
പപ്പയുടെ വിതുമ്പല്‍ സായ അറിഞ്ഞു. അവള്‍ മെല്ലെ നിലത്തേക്കിരുന്ന് സോഫിയുടെ കൈകള്‍ കവര്‍ന്നു.

- 3 -

“സെഡേറ്റീവ് കൊടുത്തെങ്കിലും അവള്‍ ശരിക്കും മയങ്ങിയിട്ടുണ്ടായിരുന്നില്ല. അവ്യക്തമായി അവളെന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവനെ പറ്റി... അവളെ പറ്റി.... പിന്നെ ചിലപ്പോഴൊക്കെ അവളുടെ മമ്മിയെ പറ്റി.... ഇപ്പോ ആലോചിക്കുമ്പോ എല്ലാം ഒരു ദു:സപ്നം പോലെ...”
നിശബ്ദമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടി.വി. ഓഫാക്കി നരന്‍ മെല്ല കട്ടിലിന്നരികിലെത്തി സായയുടെ കൈകള്‍ കവര്‍ന്ന് വിരലുകള്‍ മെല്ലെ തടവികൊണ്ടിരുന്നു.

“എന്തേ സോഫിയുടെ മനസ്സിനിങ്ങനെയൊരു പ്രശ്നമുണ്ടാവാന്‍? അവളുടെ പപ്പയോട് നീയൊന്നും ചോദിച്ചില്ലേ?”
“സോഫിയുടെ മാര്യേജ് ഏറെക്കുറെ ശരിയായിരിക്കുകയായിരുന്നു... അതിനിടയ്ക്ക് കഴിഞ്ഞ കൊല്ലമാണ് അവള്‍ക്കീ ഡിപ്രഷന്‍ തുടങ്ങിയത്...“
“എങ്ങനെയായിരുന്നു സ്റ്റാര്‍ട്ടിംഗ്?”
“ആ പ്രൊപ്പോസല്‍ അവള്‍ തന്നെയാണത്രെ കൊണ്ടു വന്നത്. എ സോര്‍ട്ട് ഓഫ് മചുവേര്‍ഡ് ലൌ‌അഫയര്‍. ആളിനെ കണ്ടിട്ടില്ലെങ്കിലും പപ്പയ്ക്ക് അതില്‍ എതിര്‍പ്പുമുണ്ടായിരുന്നില്ല. അവര്‍ തമ്മില്‍ മീറ്റ് ചെയ്യാനിരിക്കെയാണ് ഈ ഇന്‍സിഡന്റ് ഉണ്ടായത്.”
“ഏത് ഇന്‍സിഡന്റ്?”
“ഒരു ദിവസം ഓഫീസില്‍ നിന്ന് ഏറെ വൈകിയിട്ടും അവള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. പപ്പ പോലീസില്‍ പരാതിപ്പെട്ടു... പിന്നെ രണ്ട് ദിവസം കഴിഞ്ഞ് ബീച്ചില്‍ വെച്ച് ഒരു ഓഫീസ്‌സുഹൃത്താ അവളെ കണ്ടെത്തിയത്. അവിടെ കടല്‍‌പാലത്തിന്റെ അറ്റത്ത് കടലിലേക്കും നോക്കിയിരിക്കുകയായിന്നു സോഫി... ചിത്രം വരക്കുന്നതോണ്ടാവാം പണ്ടേ കടല്‍ അവള്‍ക്കൊത്തിരി ഇഷ്ടാ...”
നരന്‍ സായയുടെ അരികിലുരിന്നു.
“എന്തെങ്കിലും തരത്തിലുള്ള അപകടം...?”
“ഇല്ല.. ഭയപ്പെട്ട പോലെ ഒന്നുമില്ല... ഇന്‍ഫാക്ട് അവളുടെ ശരീരത്തില്‍ ഒരു പോറല്‍ പോലുമുണ്ടായിരുന്നില്ലത്രെ... രണ്ട് നാള്‍ എവിടെയായിരുന്നെന്നോ ആ കടല്‍‌ക്കരയിലെന്തിന് പോയെന്നോ ഒന്നും ഓര്‍മയില്ലാത്ത അവസ്ഥ. പിന്നീടാ അവരിങ്ങോട്ട് വന്നത്. മൂന്നു മാസം നിംഹാന്‍സില്‍ ട്രീറ്റ്‌മെന്റിലായിരുന്നു. അതിന് ശേഷം കുറച്ച് നാള്‍ അവള്‍ മൂഡിയായിരുന്നു, പിന്നെ ഇടയ്ക്കൊരു ദുസ്വപ്നം കാണുമെന്നതൊഴിച്ചാല്‍ വേറെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാ പപ്പ പറഞ്ഞത്... ഇത്രയും പറഞ്ഞപ്പോഴേക്കും പപ്പ ആകെ ബ്രോക്കണ്‍ ആയിരുന്നു... സോഫിയുടെ ആ കിടപ്പാലോചിക്കുമ്പോള്‍ എനിക്ക്....”
സായ നരന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവള്‍ കരയുകയാണെന്ന് നരന് മനസ്സിലായി. സായയെ കരയാനനുവദിച്ച് കൊണ്ട് അവനിരുന്നു. സായ പറഞ്ഞ അന്നത്തെ സംഭവങ്ങളെല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍, സോഫിയെ കണ്ടീട്ടില്ലെങ്കില്‍ കൂടി, മനസ്സിലെവിടെയോ ഒരു കൊളുത്തിവലി അവനുമനുഭവപ്പെട്ടു.

മാളുവിനെ ചുമരിനോട് ചേര്‍ന്നാണ് കിടത്തിയിരിക്കുന്നത്. സാധാരണ അവളെ പറ്റി പിടിച്ചാണ് സായ ഉറങ്ങാറുള്ളത്. ഇന്ന് ഇനിയും കരയുമെന്ന് തോന്നിയത് കൊണ്ടാവണം മാ‍ളുവില്‍ നിന്ന് അകന്ന് കിടക്കുന്നത്. തന്റെ സങ്കടഭാവമോ കരച്ചിലോ മാളു കാണരുതെന്ന് സായക്ക് നിര്‍ബന്ധമാണ്.

ലൈറ്റണച്ച് നരന്‍ അമ്മയ്ക്കും മകള്‍ക്കുമിടയില്‍ കിടന്നു. നിമിഷങ്ങള്‍ പറന്ന് നടന്ന ഇരുട്ടില്‍ മൌനമലിഞ്ഞു ചേര്‍ന്നു.

“ഉറക്കം വരുന്നില്ലേ?”
“ഇല്ല... നരനോ?”
“ഞാന്‍ കുറേ നേരായി ഉറങ്ങാന്‍ ശ്രമിക്കുന്നു...”
തെല്ലു നേരത്തെ മൌനത്തിന് ശേഷം സായ പറഞ്ഞു.
“മൂഡൊന്ന് ശരിയായിട്ട് പറയാംന്ന് കരുതീതാ.... പക്ഷെ നരനോട് മുഴുവന്‍ പറയാതെ ഉറങ്ങാന്‍ പറ്റില്ലെനിക്ക്... ഇത്തിരി നേരം കൂടെ സംസാരിക്കാം നമുക്ക്?”
നരന്‍ പുറകിലൂടെ സായയോട് പറ്റി കിടന്നു, അവളുടെ കഴുത്തിന് പിറകില്‍ ചുംബിച്ചു. സായ അവന്റെ കൈകള്‍ തന്റെ മാറിലേക്ക് ചേര്‍ത്ത് വെച്ച് കൊണ്ട് പറഞ്ഞ് തുടങ്ങി.

“ഒരേഴ് ഏഴരയായ് കാണണം സോഫിയുണര്‍ന്നപ്പോള്‍.... എണീറ്റുടനെ കണ്ടത് എന്നെയാ... കുറേ നേരം എന്നെ തന്നെയവള്‍ നോക്കി നിന്നു... പിന്നെ മനസ്സിലായ പോലെ നിനക്ക് സുഖല്ലേന്ന് ചോദിച്ചു. ഒന്നും പറയാതെ ഞാന്‍ ചിരിച്ചു. പിന്നെ മെല്ലെ മെല്ലെ അവള്‍ ബിനിയെ പറ്റിയും മറ്റും സംസാരിച്ചു. ഇടക്കെപ്പോഴോ കണ്ടിട്ടില്ലെങ്കിലും ഒരുപാട് പരിചയമുള്ള പോലെ നരനേയും മോളെയും പറ്റി ചോദിച്ചു... ആ സംസാരത്തിനിടയിലൊരിക്കലും അവള്‍ക്ക് എന്തെങ്കിലുമൊരസുഖമുള്ളതായെനിക്ക് തോന്നിയതേയില്ല... ശബ്ദത്തില്‍ ക്ഷീണമുണ്ടെങ്കിലും പഴയ സോഫി സംസാരിക്കുന്ന പോലെ തന്നെ... പക്ഷെ അവളെ പറ്റി അതു വരെ അവള്‍ ഒന്നും പറഞ്ഞില്ല.... പിന്നെ...”
സായ ഒന്ന് നിര്‍ത്തി.
“ങ്ഹും... പിന്നെ...?”
“പിന്നെ ഒരു അഞ്ച് പത്ത് മിനിറ്റ് ഒന്നും സംസാരിച്ചില്ല... മുകളിലേക്ക് തന്നെ നോക്കി കിടന്നു... ഇടയ്ക്ക് കണ്ണുകള്‍ ഇറുക്കിയടച്ചു.... പിന്നെ ഒരു മുഖവരയുമില്ലാതെ ഒരു കഥ പറഞ്ഞ് തുടങ്ങി...“
“കഥയോ?”
“കഥ പോലെ കടങ്കഥ പോലെ എന്തോ ഒന്ന്... അപ്പോഴാണ് അവള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പേര് വിളിച്ചത്“
“എന്താ അവള്‍ പറഞ്ഞത്?”
സോഫിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ സായ ശ്രമിച്ചു... കണ്ണുകളടച്ച് സ്വയമുണ്ടാക്കിയ ഇരുട്ടിന്റെ അഭയത്തില്‍ സോഫി ഉരുവിട്ട വാക്കുകള്‍ സായയ്ക്ക് ചുറ്റുമുയര്‍ന്നു....

“സായാ.... എത്ര മാസങ്ങള്‍ക്ക് മുന്‍പാണെന്നറിയില്ല... അന്ന് സൂര്യന്‍ നേരത്തെ അസ്തമിച്ചിരുന്നു... അതു കൊണ്ട് ഞാന്‍ നേരത്തെ കിടക്കുകയും ചെയ്തു... ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ എന്റെ ചുറ്റും ആരുമില്ല... എനിക്ക് പരിചയമുള്ള സ്ഥലവുമല്ല... നീണ്ട ഒരു ഹാളിന്റെ ഒരറ്റത്തുള്ള ബെഞ്ചില്‍ ഞാനൊറ്റക്ക്. അങ്ങ് മറ്റേ അറ്റത്തുള്ള മുറിയില്‍ വെളിച്ചമുണ്ടായിരുന്നു... കുറേ നേരം നിശബ്ദതയുടെ കാതടിപ്പിക്കുന്ന ഇരമ്പല്‍ മാത്രം... പിന്നെ അവിടെ നിന്ന് ആരോ എന്റെ പേര് വിളിച്ചു... ആദ്യം ഞാനൊന്ന് സംശയിച്ചു.. പോയി നോക്കിയാല്‍ അതവരാണെങ്കിലോ? കണ്ടാല്‍ അവരെന്നെ പിടിച്ച് കൊണ്ട് പോവും... തൂക്കി കൊല്ലും... പിന്നെയും ആരോ എന്റെ പേര് വിളിച്ചു കൊണ്ടേയിരുന്നു... പിന്നെ എനിക്കൊരു സംശയം, അത് അവനാണെങ്കിലോ? ആയിരിക്കാനിടയില്ല, എന്നാലും ആണെങ്കിലോ? ഞാന്‍ മെല്ലെ എഴുന്നേറ്റ് നടന്നു... നടക്കും തോറും ഇരുട്ടിന് കനം കുറഞ്ഞ് കൊണ്ടേയിരുന്നു... ആ മുറിക്കുള്ളില്‍ കയറിയപ്പോ അവിടെ നിറച്ച് എന്തൊക്കെയോ ഇന്‍‌സ്ട്രമെന്റ്‌സ്... നമ്മുടെ കോളേജിലെ ഫിസിക്സ് ലാബില്ലേ, അവിടുള്ളതിനേക്കാളുമേറെ...വെള്ളക്കോട്ടിട്ട ഒരുപാട് പേര്‍ എന്നെയും കാത്തെന്ന പോലെ ചുറ്റും... അവരെന്നെ കസേരയിലിരുത്തി... എന്റെ ശരീരത്തില്‍ ഒരുപാട് വയറുകള്‍ ഘടിപ്പിച്ചു.... നീളമുള്ള സൂചികളില്‍ ചോരയെടുത്ത് വലിയ വലിയ കുപ്പികളില്‍ ശേഖരിച്ചു.... വന്നവര്‍ വന്നവര്‍ എന്നെ പരിശോധിച്ചു, കുറിപ്പുകളില്‍ അവരുടെ അറ്റന്‍ഡന്‍‌സ് രേഖപ്പെടുത്തി... വേറെ ചിലര്‍ ദൂരെ നിന്ന് എന്നെ തന്നെ നോക്കി നിന്നു.. സമയം കുറെ അങ്ങനെ പോയി... അവസാനം അവരെല്ലാം പോയി, മുറിയില്‍ ഞാനൊറ്റക്കായി.... എനിക്ക് നല്ല പോലെ ഉറക്കം വരുന്നുണ്ടായിരുന്നു, പക്ഷെ ഉറങ്ങാന്‍ പേടി തോന്നി... കണ്ണുകള്‍ കഷ്ടപ്പെട്ട് തുറന്ന് പിടിച്ച് ഞാനിരുന്നു... എന്നിട്ടും ഇടക്കെപ്പോഴോ മയങ്ങി. ആരുടെയോ വിളി കേട്ടാണ് പിന്നെ ഞാനുണര്‍ന്നത്.... നോക്കുമ്പോ വെള്ളത്താടിയും കറുത്ത മുടിയുമുള്ള ഒരാള്‍.... എന്നെ നോക്കി അയാള്‍ ചിരിച്ചു. എന്തോ എനിക്കയാളെ ഇഷ്ടമായി... ഒരു വിശ്വാസം തോന്നി.... അയാള്‍ എനിക്ക് ഒരു കവര്‍ തന്നു. അതില്‍ ഒരു എക്സ്‌റേ ആയിരുന്നു... എന്റെ ഹൃദയത്തിന്റെ എക്സ്‌റേ! വാത്സല്യപൂര്‍വ്വം എന്നെ നോക്കി കൊണ്ട് അയാള്‍ പറഞ്ഞു എനിക്ക് കാന്‍സറാണെന്ന്.... എന്റെ ഹൃദയത്തില്‍ അര്‍ബുദമുണ്ടെന്ന്! അവന്‍ കാരണമാണത്രെ, അവനോടുള്ള പ്രണയം കാരണമത്രെ എനിക്ക് അര്‍ബുദം പിടിപെട്ടത്... ആയിരിക്കുമോ? ആദ്യമെനിക്ക് വിശ്വസിക്കാനായില്ല... കുറേ നാള്‍ കഴിഞ്ഞ് ഒരിക്കല്‍ കടല്‍‌‍പാലത്തിലൂടെ നടക്കുമ്പോഴാണ് ഞാനാ സ്വപ്നത്തെ കുറിച്ച് അവനോട് പറഞ്ഞത്... അവനുറക്കെ ചിരിച്ചു. എനിക്ക് വട്ടാണെന്ന് പറഞ്ഞു... അപ്പോള്‍ എനിക്കവനോട് ദേഷ്യം തോന്നി, അവനെ എന്നില്‍ നിന്ന് തള്ളി മാറ്റി... പിന്നീട് എനിക്കും തോന്നി, ശരിയായിരിക്കാം... അവന്‍ എന്നേക്കാളും എത്രയോ മൂത്തതാ, എത്ര എക്സ്പീരിയന്‍‌‌സുള്ളതാ... എനിക്ക് കാന്‍സറുണ്ട്... എന്റെ മനസ്സിലെ ഓരോ സെല്ലിലും.... ഐ റിയലൈസ്‌ഡ് .... ഐ ഹാ‍വ് കാന്‍സര്‍ ...!!!”
സായ തുടര്‍ന്നു.
“അത്രയും പറഞ്ഞ് സോഫി നിര്‍ത്തി. എനിക്കെന്തോ പേടിയായി തുടങ്ങി... അപ്പോള്‍ അവള്‍ എന്നോട് വിശക്കുന്നെന്ന് പറഞ്ഞു. ഞാന്‍ ഒരു ആപ്പിള്‍ മുറിച്ച് കൊടുത്തു. വിശപ്പു മാറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഒന്നു കൂടെ മുറിച്ച് കൊടുത്തു. അത് കയ്യില്‍ വാങ്ങിയിട്ട് എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു. ഞാന്‍ ബെഡ്ഡിലേക്കിരുന്ന് അവളുടെ നെറ്റിയില്‍ തടവി. പതുക്കെ അവള്‍ ഉറങ്ങി. അപ്പോഴാ ഞാന്‍ നരനെ വിളിച്ചത്.““
“അപ്പോഴെന്താ നീ പെട്ടന്ന് ഫോണ്‍ കട്ട് ചെയ്തത്?”
“നരനോട് സംസാരിച്ചോണ്ടിരിക്കുമ്പോഴാ സോഫി എന്തോക്കെയോ പിറുപിറുക്കുന്നത് കേട്ടത്... ആരോ കൊല്ലാന്‍ വരുന്നു, അവളെ ഇപ്പോ പിടിക്കും എന്നൊക്കെ... ഞെട്ടിയുണര്‍ന്നപ്പോ എന്നെ കണ്ടു... എന്നെ നോക്കി ചിരിച്ചു, പഴയ സോഫിയെ പോലെ... തലവേദനിക്കുന്നു ഇത്തിരി ബാം പുരട്ടി തരുമോ എന്ന് ചോദിച്ചു.... ഞാനവളുടെ നെറ്റിയില്‍ തലോടി കൊണ്ടിരുന്നു... കുറച്ച് നേരം അങ്ങനെ പിറുപിറുത്ത് അവള്‍ പിന്നെയും മയങ്ങി”
“എന്നിട്ട്?”
“പിന്നീട് ഞാനിറങ്ങുന്ന വരെ അവളുണര്‍ന്നിട്ടുണ്ടായിരുന്നില്ല. ചിലപ്പോ ഇപ്പോഴും അവളുറങ്ങുകയായിരി‍ക്കും....“
“ഉറങ്ങട്ടെ അവള്‍ നന്നായി ഉറങ്ങട്ടെ... ചിലപ്പോ ഒന്നുറങ്ങി നീട്ടാല്‍ ഒന്നൂടെ ബെറ്ററാവും“
“ആവുമായിരിക്കും.. പക്ഷെ...”
“ഒരു പക്ഷെയുമില്ല... നാളെ നീ പോയി പഴയ പോലെ ഒന്ന് ഫ്രന്‍ഡ്‌ലി ആയി സംസാരിക്കുകയൊക്കെ ചെയ്താല്‍ അവള്‍ നോര്‍മലാവും...”
“എനിക്ക് പേടിയാവുന്നു നരാ.... നാളെ അവളെ കാണാന്‍ പോവാന്‍ എനിക്കു പേടിയാവുന്നു....”
“എന്താ സായ ഇങ്ങനെ.. നീ പോണം, നിന്നോട് അവള്‍ക്ക് മനസ്സു തുറന്നൊന്ന് സംസാരിക്കാനായാല്‍ ചിലപ്പോ നമുക്ക് അവളുടെ പ്രോബ്ലം‌സ് ഒക്കെ സോള്‍വ് ചെയ്യാന്‍ കഴിഞ്ഞാലോ...? അറ്റ്‌ലീസ്റ്റ് എന്താ അവള്‍ക്ക് സംഭവിച്ചതെന്നതിലേക്കുള്ള ലീഡ്‌സ് വല്ലതും കിട്ടുമെങ്കില്‍...”
“അത്.... ചില സൂചനകള്‍....ചിലത് അവള്‍ തന്നെ തന്നു... ആന്‍ഡ് ഐ തിങ്ക് വീ മേ നോട്ട് ബി ഏബിള്‍ ടു സോള്‍‌വ്....”
“എന്താ അത്?” - പ്രകടമായ താല്പര്യത്തോടെ നരന്‍ ചോദിച്ചു.
“അവളുടെ അരികിലിരുന്നു നെറ്റി തടവി കൊണ്ടിരിക്കെ പാതി മയക്കത്തില്‍ അവള്‍ എന്നോട് ചോദിച്ചു...
“സായാ, സണ്ണി വന്നോ?”
അത് കേട്ടപ്പോള്‍ എനിക്കാകാംക്ഷയായി... അവളുടെ സണ്ണിയെ പറ്റി, കൂടുതലറിയാമെന്ന് കരുതി ഞാന്‍ സംഭാഷണം നീട്ടി കൊണ്ട് പോവാന്‍ ശ്രമിച്ചു.
ഇല്ല... വന്നില്ല ...“
“ഓ...” - സോഫി നിരാശയോടെ എന്നെ നോക്കി ചിരിക്കാനൊരു ശ്രമം നടത്തി.
ഞാന്‍ മുന്നോട്ട് നീങ്ങി അവളുടെ കൈപിടിച്ച് കൊണ്ട് പറഞ്ഞു.
“സാരമില്ല... ഇപ്പോഴെവിടെയാന്ന് പറഞ്ഞാല്‍ ഞാന്‍ കൂട്ടി കൊണ്ട് വരാം അവനെ...“
“അവന്‍... അവന്‍ ചിലപ്പോള്‍ ഇപ്പോഴും നീന്തുകയായിരിക്കും
“എന്ത്?” സോഫി കണ്ണുകള്‍ ഇറുക്കിയടച്ച്. എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
“അതെ ... അവന്‍ ഇപ്പോഴും നീന്തുവാ.... കടലിലൂടെ ... അങ്ങ് ദൂരേക്ക്...”
“എന്ത്...?”
“....ദൂരേക്ക്....അവനിനി വരില്ല...”
“എന്തോക്കെയാ സോഫീ നീ ഈ പറയുന്നത്?”
“ഇനിയെനിക്കവനെ കാണണ്ടാ എന്ന് ഞാന്‍ തീരുമാനിച്ചു... സായാ.... ഞാനെന്താ ചെയ്യാ.... കള്ളം പറയുന്നവരെ എനിക്കിഷ്ടമല്ല...“
“എന്താ സോഫീ ഇത്.... “
“എനിക്ക്...ഇഷ്ടമല്ല...സായാ....”
അങ്ങനെ പിറുപിറുത്ത് കൊണ്ട് അവള്‍ അവള്‍ വീണ്ടും മയങ്ങി... പിന്നെ അവള്‍ ഞാന്‍ പോരുവോളം ഉണര്‍ന്നതുമില്ല.”
സായ പറഞ്ഞതൊന്നും നരന് മനസ്സിലായില്ല. അവള്‍ പറയാനാരംഭിച്ചപ്പോള്‍ സോഫിയുടെ ദുരന്തം ഇത്രയും സങ്കീര്‍ണ്ണമാവുമെന്ന് അവന്‍ കരുതിയിരുന്നില്ല. തന്റെ ആകാംക്ഷ മറക്കാന്‍ വൃഥാ ശ്രമിച്ച് കൊണ്ടവന്‍ ചോദിച്ചു.
“എന്ന് വെച്ചാല്‍... എനിക്കൊന്നും മനസ്സിലായില്ല...“
“എന്ന് വെച്ചാല്‍.... എനിക്കറിയില്ല നരാ...”
“എന്ന് വെച്ചാല്‍ സോഫി അവനെ കാത്തിരിക്കുകയാണെന്നല്ലേ?”
“അതെ...”
“പക്ഷെ അവനെ കാണുന്നത് അവള്‍ക്കിഷ്ടവുമല്ല”
“അതെ...”
“ഇതെന്ത് ഭ്രാന്ത്? അവനെ ഇഷ്ടവുമാണ് പക്ഷെ കാണരുത്.... ഇതാണ് നിങ്ങള്‍ പെണ്ണുങ്ങളുടെ കുഴപ്പം? എന്താ ചിന്തിക്കുന്നതെന്നോ എന്തിനാ ചിന്തിക്കുന്നതെന്നോ ആര്‍ക്കും മനസ്സിലാവില്ല...!”

ചുണ്ടിലൊരു ചിരിയൊളിപ്പിച്ചു കൊണ്ട് സായ പറഞ്ഞു.
“അങ്ങനെ അടക്കി പറയല്ലേ നരാ... മനസ്സിലാക്കുവാനുള്ള ആണുങ്ങളുടെ കഴിവുകേടായിരിക്കരുതോ അത്?”

നരന് ചെറുതായി ദേഷ്യം വന്നു.
“ഇതിലെന്താ ഇത്ര മനസ്സിലാക്കാന്‍... സണ്ണിയും സോഫിയും എന്തോ പറഞ്ഞ് തെറ്റി, സണ്ണി ഇപ്പോള്‍ എവിടെയെങ്കിലുമാവട്ടെ... അവള്‍ അവനെ കാത്തിരിക്കുകയാണ്... ഇതിലെന്താ ഇത്രക്കധികം മനസ്സിലാക്കാനുള്ളത്?”
“മനസ്സിലാക്കാനധികമുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ ഊഹിക്കാന്‍ പലതുമുണ്ട്... ഊഹങ്ങള്‍ ചിലപ്പോ...”
“നീ എന്താ ഉദ്ദേശിക്കുന്നത്...?”
“സോഫി പറഞ്ഞ കടങ്കഥയും അവളുടെ ജല്പനങ്ങളും പിന്നെ ആ പേപ്പര്‍കട്ടിംഗും കൂടി ചേര്‍ത്ത് വായിച്ചാല്‍...”
“ഏത് പേപ്പര്‍ കട്ടിംഗ്?”
കട്ടിലില്‍ നിന്നുമെഴുന്നേറ്റ് സായ മേശക്കരികിലേക്ക് നടന്നു.വെള്ളയില്‍ കറുത്ത വരകളുള്ള തന്റെ ഹാന്‍ഡ്‌ബാഗ് തുറന്ന് കൊണ്ട് സായ തുടര്‍ന്നു.
“സോഫി തലവേദനിക്കുന്നു എന്ന് പറഞ്ഞപ്പോ ഞാന്‍ അവളുടെ ബാമിനായ് തിരഞ്ഞു.. ലഗ്ഗേജുകളുടെ കൂട്ടത്തില്‍ അവളുടെ ഹാന്‍ഡ്‌ബേഗുമുണ്ടായിരുന്നു... അതില്‍ നിന്ന് കിട്ടിയതാണ് ഈ പേപ്പര്‍ കട്ടിംഗ്...“
കയ്യിലെ കടലാസു കഷ്ണം അവള്‍ നരന് നേരെ നീട്ടി. അടക്കാനാവാത്ത ജിജ്ഞാസയോടെ അവനതിലൂടെ കണ്ണോടിച്ചു.

ഒന്നാം ചരമവാര്‍ഷികം

സണ്ണി അലക്സ്
നസ്സില്‍ മായാത്ത ഓര്‍മ്മകളുമായി
ഭാര്യ: ലിസി മക്കള്‍: ബെനില്‍, ജെന്നി
മറ്റു ബന്ധുമിത്രാദികള്‍

നരന്റെ കൈകള്‍ വിറച്ചു...
“എന്താ സായാ ഇതിന്റെ അര്‍ത്ഥം..”

അവളുടെ മറുപടിയ്ക്കായ് അവന്‍ കാത്തിരുന്നു.
മരവിച്ചുകിടന്ന മാത്രകള്‍ക്കൊടുവില്‍ സായ മെല്ലെയെഴുന്നേറ്റു. ചുവന്ന് കലങ്ങിയ കണ്ണുകള്‍ അവള്‍ ഇത്രയും നേരം കരയുകയായിരുന്നുവെന്ന് പറഞ്ഞു. ശബ്ദമുണ്ടാക്കാതെ കരയാന്‍ പെണ്ണുങ്ങള്‍ക്കെങ്ങിനെയാണാവുന്നതെന്ന് അവന്‍ അത്‌ഭുതപെട്ടു. കൈപ്പടം കൊണ്ട് കണ്ണുകളമര്‍ത്തി തുടച്ചതിന് ശേഷം തലമുടി വാരി കെട്ടി കൊണ്ടവള്‍ പറഞ്ഞു.

“അറിയില്ല നരാ... അറിയില്ല!“
“പക്ഷെ ഇതെങ്ങനെ സംഭവിച്ചു?“
“ഊഹമാണ്... പക്ഷെ എനിക്ക് തോന്നുന്നു... “ ഒന്നു നിര്‍ത്തി എന്തോ ചിന്തയില്‍ നിന്നെന്ന പോലെ അവന്‍ പറഞ്ഞു.
“ഐ തിങ്ക് ഷി ഡിഡ് ഇറ്റ്!”
“വാട്ട്!!!”
“അതെ നരാ... അവള്‍ തന്നെയായിരിക്കണം... കഥയിലതുണ്ട്... പാതി വെന്ത രൂപത്തില്‍ ആ സത്യം അവളുടെ പിറുപിറുക്കലുകളിലുണ്ട്.... എനിക്കത് മനസ്സിലാക്കാം നരാ... അവളെ അറിയുന്ന എനിക്കത് വായിച്ചെടുക്കാം...”
“പക്ഷെ... പക്ഷെ എന്തിന്...?”
സായ നരന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ തലമുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് കൊണ്ട് അവള്‍ പറഞ്ഞു.
“അതിനുള്ള ഉത്തരം ആ കടലാസില്‍ തന്നെയുണ്ടല്ലോ... “
ഒന്ന് നിര്‍ത്തി കൊണ്ട് സായ തുടര്‍ന്നു.
“എനിക്കറിയാം കള്ളം പറയുന്നവരെ അവള്‍ക്ക് പണ്ടും ഇഷ്ടമായിരുന്നില്ല...”

വാക്കുകള്‍ വ്യക്തമാക്കാന്‍ വിസ്സമ്മതിച്ച പൊരുളിലേക്ക് തുറിച്ച് നോക്കി കൊണ്ട് നരന്‍ നില്‍ക്കേ അവന്റെ കയ്യില്‍ നിന്ന് ആ കടലാസുകഷണം വാങ്ങി കറുപ്പില്‍ വെള്ളവരകളുള്ള തന്റെ ഹാന്‍ഡ്‌ബേഗിലേക്ക് വെച്ചു. തിരികെ കട്ടിലില്‍ വന്ന് കിടന്ന് നരനിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് സായ പിറുപിറുത്തു.

“സോഫി പറഞ്ഞത് ശരിയാണ് നരാ... അവള്‍ക്ക് അര്‍ബുദമാണ് ... മനസ്സിന്റെ ഒരണുവില്‍ പിറന്ന്, പ്രവചനാതീതമായ വേഗത്തില്‍ കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് പടരുന്ന പ്രണയം.... ഒരു മൈക്രോസ്കോപ്പിനും കണ്ടെത്താനാവാത്ത, ഒരു മീറ്ററിനും അളക്കാനാവാത്ത അദൃശ്യമായ അസുഖം... ഇറ്റ് ഈസ് റിയലി എ ബ്ലഡി ഇന്‍‌വിസിബിള്‍ കാന്‍സര്‍!!!

തന്നോട് കൂടുതല്‍ പറ്റി കിടന്ന സായയുടെ കവിള്‍ത്തടങ്ങളിലെ ഈര്‍പ്പം നരനറിഞ്ഞു.
അവന്‍ അവളെ നെഞ്ചോട് ചേര്‍ത്തു.

***‌‌‌‌‌‌==============***‌‌‌‌‌‌==============***‌‌‌‌‌‌==============***‌‌‌‌‌‌==============***

Thursday, March 13, 2008

ഋതുഭേദങ്ങളുടെ ഓര്‍മ്മയില്‍‌

ല്ല അസ്സല്‍ വട്ടാണ് നിന്റെ മോള്‍ക്ക്, അതിനൊത്ത് തുള്ളാന്‍ നിങ്ങളൊക്കെയും!”
അച്ഛന്റെ ശബ്ദം ഇത്രയുയര്‍ന്ന് കേള്‍ക്കുന്നത് വളരെ അപൂര്‍വ്വം. പറയാന്‍ മറുപടി ഒന്നുമില്ലാതെ നില്‍ക്കുകയായിരിക്കും നരനും അമ്മയും. മുകളിലെ ജനാലപ്പടിയില്‍ ഇരുന്നാല്‍ ഉമ്മറത്തെ സംസാരം നല്ലവണ്ണം കേള്‍ക്കാം. സായ ജനല്‍ക്കമ്പിയില്‍ മുറുക്കെ പിടിച്ച് കൊണ്ട് ഇരുത്തമൊന്ന് ശരിയാക്കി. ഇപ്പോഴും ചെറുതായി തണുക്കുന്നുണ്ട്. തലയ്ക്കൊക്കെ വല്ലാത്ത കനം. ചുമരില്‍ ചാരി കൊണ്ട് കണ്ണുകളച്ചിരുന്നു. ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ടു. നേരം വൈകിയത് കൊണ്ട് അച്ഛന്‍ ഇന്ന് നരന്റെ കൂടെയാകും ഓഫീസില്‍ പോക്ക്. താഴെ നിന്ന് പെട്രോളിന്റെ ദുഷിച്ച മണം വരുന്നുണ്ടോ? അവള്‍ ജനലുകളടച്ചു.

സായയുടെ കൈകള്‍ പതിയെ വയറിന് മീതെ സഞ്ചരിച്ചു. മനസ്സ് സ്വയം കൂട്ടുന്ന കണക്കനുസരിച്ച് വലിപ്പം കൂടിയിട്ടുണ്ട്. ഉള്ളിലെ പ്രാണനും വലുപ്പം വെച്ചിരിക്കണം. അടിവയറ്റിലെ വേദനയ്ക്കിത്തിരി ആക്കം തോന്നുന്നു. ഇന്നലെ രാത്രി മുഴുവന്‍ നല്ല കൊളുത്തിവലിയായിരുന്നു. ഒന്ന് കുറഞ്ഞു എന്ന് കരുതുമ്പോള്‍ പെട്ടന്നൊരു വരവാണ്. പ്രാണന്‍ കുത്തിപറിക്കുന്ന വേദന! തന്നിലാദ്യം ജീവന്റെ തുടിപ്പായ് പിറക്കാന്‍ പോകുന്നവള്‍, ഉള്ളിലുള്ളവളും അറിയുന്നുണ്ടാവുമോ ഈ വേദന.
അവളോ? സായ അറിയാതെ ചിരിച്ചു. അവള്‍ എന്നതിന് എന്താണുറപ്പ്. അല്ല, അവള്‍ തന്നെയായിരിക്കും. തന്റെ കുഞ്ഞ് എന്നാലോചിക്കുമ്പോള്‍ മനസ്സിലെത്തുന്ന മുഖം എപ്പോഴും ഒരു പെണ്‍‌കുട്ടിയുടേതാണ്. ‘നമ്മുടേതൊരു മോളല്ലേ’ എന്ന് ചോദിക്കുമ്പോഴെല്ലാം ചിരിച്ച് കൊണ്ട് ഒഴിഞ്ഞ് മാറുകയാണ് നരന്‍ ചെയ്യുക. ചിലപ്പോള്‍ തോന്നും മൂപ്പര്‍‍ കുട്ടിയെ പറ്റി ഒന്നും ആലോചിക്കുന്നേ ഇല്ല എന്ന്. മാസങ്ങള്‍ ഇനിയുമുണ്ടെങ്കിലും മോളാണോ എന്നറിയാന്‍ തനിക്ക് തിടുക്കമായി. ഓ, എന്തു തന്നെയായാലുംസാരമില്ല, നീയൊന്ന് വേഗം വന്നാല്‍ മതിയെന്റെ വാവേ - സായ മനസ്സില്‍ കരുതി.

“നീ ഇരുന്നുറങ്ങുകയാണോ?”
കണ്ണ് തുറന്ന് നോക്കിയപ്പോള്‍ വാതില്‍ക്കല്‍ അമ്മ.
“നിനക്ക് കഴിക്കാന്‍ വല്ലതും വേണോ?”
സത്യത്തില്‍ സായയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. എങ്കിലും വേണ്ടെന്ന് പറയാനാണ് അവള്‍ക്ക് തോന്നിയത്. ഭക്ഷണത്തെ കുറിച്ചുള്ള ചിന്ത തന്നെ മനം‌പിരട്ടലുണ്ടാക്കുന്നു.
“ഒന്നും കഴിക്കണ്ട. ഇവിടെ ഇങ്ങനെ അടച്ചു പൂട്ടി കിടന്നോ. മനുഷ്യനെ വെറുതെ ചീത്ത കേള്‍പ്പിക്കാനായിട്ട്...” പിന്നെയുമെന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അമ്മ താഴേക്ക് പോയി. മരപ്പടികളില്‍ അമര്‍ത്തി ചവിട്ടുന്ന ശബ്ദം ഇവിടെ കേള്‍ക്കാം.
അമ്മയുടെ സ്വരത്തില്‍ നീരസമുണ്ടായിരുന്നോ? ഉണ്ടാകാതിരിക്കില്ലല്ലോ? ഒന്നാലോചിച്ചാല്‍ അത്രയ്ക്ക് പരാക്രമമല്ലേ രണ്ട് നാളായി താന്‍ കാണിക്കുന്നത്. മുറി വിട്ട് പുറത്തേക്കിറങ്ങുന്നില്ല എന്നതോ പോട്ടെ, രാത്രി അടുത്ത് കിടക്കാന്‍ ആരെയും - നരനെ പോലും - സമ്മതിക്കുന്നുമില്ല എന്നതാണ് വലിയ പ്രശ്നം. താനെന്തു ചെയ്യാന്‍? ആരും അടുത്തില്ലെങ്കില്‍ തന്നെ വല്ലാതെ ഛര്‍ദ്ദിക്കാന്‍ വരുന്നു. തന്റെ ചുറ്റിലും താന്‍ തന്നെയുണ്ടാക്കിയെടുത്ത ഗന്ധത്തിനു മീതെ മറ്റെന്തു വന്നാലും താന്‍ വല്ലാതെ അസ്വസ്ഥയാകുന്നു. അടിവയറ്റില്‍ നിന്നും നെഞ്ചും കടന്ന് ഒരഗ്നിഗോളം വന്ന് തൊണ്ടയില്‍ തങ്ങി നില്‍ക്കുന്നത് പോലെ തോന്നും. പുറത്തേക്കോ അകത്തേക്കോ കളയാനാകാതെ വിമ്മിഷ്ടപ്പെട്ടു നില്‍കും. അപ്പോഴത്തെ പേടിയും വേദനയും ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല!

വാതിലിനു പുറത്ത് ഒരു ചലനം. സായ പതിയെ എണീറ്റ് വാതിലിനടുത്തേക്ക് പോയി നോക്കി. പണിക്കാരത്തി അടിച്ച് വാരാനുള്ള പുറപ്പാടിലാണ്. അവളുടെ കയ്യില്‍ ഫിനോയില്‍ കുപ്പി കണ്ടപ്പോള്‍ സാ‍യയുടെ ഉള്ളിലൊരിടി വെട്ടി. ഭയത്തോടെ അവള്‍ വാതില്‍ കൊട്ടിയടച്ചു. വീണ്ടുമൊരഗ്നിഗോളം! സായ കുളിമുറിയിലേക്കോടി.

ഭാഗ്യം. ഇക്കുറി അവന്‍ പുറത്തേക്ക് വന്നു. രാവിലെ കഴിച്ച ഒരു നേന്ത്രപ്പഴം മുഴുവന്‍ പകുതി വെന്ത പോലെ കിടക്കുന്നു. വായയും മുഖവും കഴുകി പുറത്തേക്ക് കടക്കാന്‍ തുടങ്ങുമ്പോള്‍ കാലെന്തിലോ മുട്ടി. നിലത്തെ വെളുത്ത ടൈല്‍‌സില്‍ മഞ്ഞനിറം പടര്‍ന്നു. വറ്റിട്ട് വെച്ച മൂത്രമാണ്. അമ്മയുടെ ഓരോ വട്ട്. ചെറിയ ഒരു പനി രണ്ട് നാളായി കണ്ടപ്പോള്‍ മഞ്ഞപ്പിത്തമാണോ എന്ന് വെറുതെ സംശയം. അതു കേട്ടപ്പോള്‍ നരനും അച്ഛനും ആധി. രാവിലെ തന്നെ ഡോക്ടറെ കാണിക്കണം രണ്ട് പേര്‍ക്കും. താന്‍ സമ്മതിച്ചതേ ഇല്ല. ഡോക്ടര്‍ എന്ന് കേള്‍ക്കുമ്പോഴേ വായിലാകെ ചവര്‍പ്പ്. ഇനി മാസം തികഞ്ഞ് അഡ്‌മിറ്റായി കഴിഞ്ഞാല്‍ താന്‍ എന്തു ചെയ്യും. രോഗികള്‍, നഴ്സുമാര്‍, മരുന്നുകള്‍.... എത്ര തരം മണങ്ങള്‍..... ആലോചിക്കുമ്പോഴേ പേടിയാകുന്നു. തണുപ്പിത്തിരി കൂടിയോ? സായ പതുക്കെ കട്ടിലിനരികിലേക്ക് നടന്നു.

വാതില്‍ക്കലാരോ മുട്ടുന്ന ശബ്ദം കേട്ടാണ് സായ ഞെട്ടിയുണര്‍ന്നത്.
“മോളേ... വാതില്‍ തുറക്ക്”
അമ്മയാണ്. സായ എഴുന്നേല്‍ക്കാന്‍ നോക്കി. പറ്റുന്നില്ല. കാലുകള്‍ ആകെ മരവിച്ച പോലെ. അവള്‍ കിടന്ന് കൊണ്ട് വിളി കേട്ടു.
“ആ... അമ്മേ. എന്താ?”
“നീ ഉച്ചയ്ക്കുള്ള മരുന്ന് കഴിച്ചോ?”
ഓ, അത് മറന്നു. ഇനി കഴിച്ചില്ലെന്ന് പറഞ്ഞാല്‍ അതു മതി. നിരുപ്രവകാരിയായ ഒരു നുണ പറയാം.
“കഴിച്ചു അമ്മേ.”
“ഇപ്പോ പനിക്കുന്നുണ്ടോ? പ്രശ്നങ്ങളൊന്നുമില്ലല്ലോ?”
ഉണ്ടോ? മനസ്സിലാകുന്നില്ല. ആകെ ഒരു അനിശ്ചലാവസ്ഥ.
“ഇല്ല അമ്മേ.”
ഒരു നുണ കൂടി പറയേണ്ടി വന്നു.
“നരന്‍ വിളിച്ചിരുന്നു. ഓഫീസില്‍ നിന്ന് പുറപ്പെടുകയാണെന്ന് പറഞ്ഞു.”
പാവം നരന്‍. രാവിലത്തെ തന്റെ ക്ഷീണം കണ്ടീട്ടാവണം ഉച്ചയ്ക്ക് ശേഷം വരുന്നത്. രണ്ട് മൂന്ന് നാളായി താന്‍ നരനോട് മര്യാദയ്ക്കൊന്ന് സംസാരിച്ചിട്ടെന്ന് അത്ഭുതപൂര്‍വ്വം സായ ഓര്‍ത്തു. ഇന്നേ വരെ അങ്ങനെ ഉണ്ടായിട്ടില്ല. ഇന്ന് എന്തായാലും നരനെ അടുത്തിരുത്തി മടിയില്‍ കിടക്കണം. കുറെ സംസാരിക്കണം. വാവക്കായ് ചില പേരുകള്‍ മനസ്സിലുണ്ട്. നരനും വല്ലതും ആലോചിച്ച് വെച്ചിട്ടുണ്ടോ എന്ന് ചോദിക്കണം.

കുറേ നേരമായി ചുമര്‍ തന്നെ കാണുന്നു, ഇനി ഒന്ന് ചെരിഞ്ഞ് കിടന്നേക്കാം. സായ പതുക്കെ എണീറ്റു. ജനാലയുടെ അരികില്‍ ഒരു പാത്രം മൂടി വെച്ചിരിക്കുന്നു. അമ്മ ഊണ് കൊണ്ട് വെച്ചതാകും. മിനിഞ്ഞാന്നത്തെ തന്റെ ബഹളത്തിന് ശേഷം അമ്മ അകത്തേക്ക് വരാറില്ല. നൂറു വട്ടം പറഞ്ഞിട്ടുള്ളതാണ് മീന്‍ നന്നാക്കിയാല്‍ മര്യാദക്ക് സോപ്പിട്ട് കഴുകണമെന്ന്. മണം താന്‍ പിടിച്ചപ്പോള്‍ മീന്‍ കഴിയിട്ടേ ഇല്ലെന്ന് ഒരു കള്ളവും. അതിന് ശേഷം അകത്തേക്ക് കടക്കില്ല. വാതില്‍ക്കല്‍ വരെ വരും കാര്യം പറയും. ഭക്ഷണം വാതിലിനടുത്തെ മേശപ്പുറത്ത് വെച്ചീട്ട് പോകും. വാതിലടഞ്ഞു കിടക്കുകയാണെങ്കില്‍ ജനലിലൂടെ മേശപ്പുറത്ത് വെയ്ക്കും.

ശരീരം നന്നേ കുഴയുന്നു. കൈവിരലുകളൊക്കെ വേദനിക്കുന്നു. ശരീരം കുളിരുന്നുണ്ടോ. ഇത് ഏപ്രില്‍ അല്ലേ? ഇപ്പോഴെന്താ ഇത്ര തണുപ്പ്? സായ വിരലുകളൊക്കെ ഒന്ന് നിവര്‍ത്തിയും മടക്കിയും നോക്കി. കൈപ്പടമൊക്കെ മഞ്ഞളിച്ചിരിക്കുന്ന പോലെ. കണ്ണ് പിടിക്കാത്തത് കൊണ്ടായിരിക്കും.
“എങ്ങനെയുണ്ടെടീ ഇപ്പോ?”
നരന്‍. ഓ, ഇത്ര വേഗം വന്നോ. സായ ഒന്നു ചിരിച്ചു. നരനും വാതില്‍ക്കല്‍ തന്നെ നില്‍ക്കാനുള്ള പുറപ്പാടാണോ?
“ആഹാ, നീ ചോറുണ്ടില്ലേ ഇതു വരെ.”
നരന്‍ മേശപ്പുറത്ത് നിന്ന് പാത്രമെടുത്തു.
“വിശപ്പില്ലേ?”
“ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്.”
“എന്നിട്ടാണോ ഇങ്ങനെ മടി പിടിച്ച് കിടക്കുന്നത്? വാ, വന്ന് വല്ലതും കഴിക്കാന്‍ നോക്ക്. കുട്ടിക്കും വിശക്കുന്നുണ്ടാകും.
“എന്റെ മോള്‍ നിന്നെ പോലെ തീറ്റപണ്ടാരമൊന്നുമല്ല.”
സായ പരിഭവം നടിച്ചു.
“ഓ, നിന്റെ മോളോ? അതെപ്പം മുതല്‍?”
നരനും വിട്ടു കൊടുത്തില്ല.
“ഞാന്‍ വാരി തരണോ?”
ഗുഡ് ഐഡിയ. സായ തല കുലുക്കി. ഒന്ന് കൂടെ കമ്പിളിയ്ക്കുള്ളില്‍ കൂനികൂടിയിരുന്നു. നരന്‍ ചോറും‌പാത്രമെടുത്ത് അവളുടെ അരികിലിരിന്ന് ഉരുള ഉരുട്ടി പാത്രത്തില്‍ വെച്ചു. അവന്‍ ഉരുളകള്‍ വായില്‍ വെച്ച് തരുന്നതിനായ് അവള്‍ കാത്തിരിക്കവെ വീണ്ടും നരന്റെ മണം അവളുടെ നാസാന്ധ്രങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി. നരന്‍ ഉരുള നീട്ടി. പാതി മനസ്സോടേ സായ അത് വാങ്ങി. ചവച്ചിറക്കാനാകുന്നില്ല. ചുറ്റും ആ മണം നിറയുന്ന പോലെ. അടിവയറ്റില്‍ വീണ്ടും എന്തോ പുകയുന്നു. വാറ്റില്‍ ചവര്‍പ്പ്.
സായയുടെ ഭാവമാറ്റം നരന്‍ ശ്രദ്ധിച്ചു.
“എന്താടാ.... എന്തു പറ്റി..?”
നരന്‍ ഒരു കൈകൊണ്ട് അവളെ പിടിച്ചു. അവള്‍ അവനെ തന്നില്‍ നിന്ന് അകറ്റാന്‍ നോക്കി. ഒരു അഗ്നിഗോളം പതുക്കെ ഉറവെടുക്കുന്നു.
നരന്‍ പാത്രം നിലത്ത് വെച്ച് അവളെ തന്നിലേക്കടുപ്പിച്ചു.
“നീ കാര്യം പറ, എന്തു പറ്റി...?”

സായ അവനെ തള്ളി മാറ്റി, പതുക്കെ എണീക്കാന്‍ നോക്കി. വായ തുറക്കാന്‍ പറ്റുന്നില്ല. വേഗം കുളിമുറിയിലെത്തണം. എണീറ്റെങ്കിലും കാലുകള്‍ക്ക് ബലം കിട്ടുന്നില്ല. നരന്‍ പിന്നാലെ വരുന്നുണ്ടോ? മണം കിട്ടുന്നുണ്ടല്ലോ? വെറുതെ മനസ്സില്‍ പേടി ഉറഞ്ഞ് കൂടുന്നു. വയ്യ ഇനി നടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സായ കുളിമുറിയുടെ വാതില്‍ ചാരി നില്‍ക്കാന്‍ ശ്രമിച്ചു. ഈശ്വരാ, എന്റെ വാവ.... സായ വിറച്ചു. തന്നില്‍ തുടിയ്ക്കുന്ന ജീവനെയെന്നോണ്ണം വയറിനു മുകളിലൂടെ പതിയെ തടവി കൊണ്ട് അവള്‍ വിളിച്ചു - “വാവേ...”.

ഒരിളക്കം! സായ ഞെട്ടി തരിച്ച് കൊണ്ട് കൈകള്‍ പിന്‍‌വലിച്ചു. എന്താണത്? അതീവശ്രദ്ധയോടെ കൈകള്‍ ഒന്നു കൂടെ വയറിനു മുകളില്‍ വെച്ച് നോക്കി. എന്താണനങ്ങിയത്? വാവയാണോ? സായ വിയര്‍ത്തു. ശരിക്കുമുണ്ടായതോ അതോ തനിക്ക് തോന്നിയതോ? നരന്‍.... നരന്‍ പുറത്തുണ്ടോ?.... അല്ല, തനിക്ക് തോന്നിയതല്ല, താന്‍ അറിഞ്ഞതാണ്... അവളനങ്ങി!.... വാവയനങ്ങി!..... പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി സായയ്ക്ക്. മനസ്സില്‍ മഞ്ഞുവീഴ്ചയുടെ കുളിര്‍. വയര്‍ പൊതിഞ്ഞ് കൊണ്ട് അവള്‍ കൈകള്‍ വിടര്‍ത്തി വെച്ചു. ഭാരം താങ്ങാന്‍ ശരീരത്തിനാകുന്നില്ല. നരനെവിടെ? നരനെ വിളിക്കണം. നമ്മുടെ വാവ....
“നരാ‍..”
ഒച്ച വെളിയില്‍ വന്നോ? തണുപ്പ് ... ആകെ മരവിക്കുന്നു. വാവയ്ക്കും തണുക്കുന്നുണ്ടാകുമോ? എവിടെ നരന്‍....? അവള്‍ വീണ്ടും ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചു. ആ വരുന്നത് നരനാണോ? എന്താ തനിക്ക് ഒന്നും വ്യക്തമാകാത്തത്. അതെ, അത് അവനാണ്. അവനെന്താ ഇത്ര പതിയെ വരുന്നത്. വാ.... വേഗം വാ.... എന്നെ നിന്റെ നെഞ്ചോടമര്‍ത്തി പിടിക്ക്... നരാ, എന്തിനാ എന്നെ കോരിയെടുക്കുന്നത്? പതുക്കെ, പതുക്കെ എന്തിനാ ഓടുന്നത്.... ഒന്ന് നില്‍ക്ക് എനിക്കു പറയാനുണ്ട്.... നമ്മുടെ, നമ്മുടെ വാവ ... അവള്‍ അനങ്ങി, എന്നെ തൊട്ടു... ആ സ്പര്‍ശനം ഞാനറിഞ്ഞു... നരാ ഓടാതെ, നില്ക്ക് ഞാന്‍ പറയട്ടെ.... നമ്മുടെ.... ഒന്നും കാണാന്‍ പറ്റുന്നില്ല... ആരാ എന്റെ കണ്ണുകളടച്ചത്? നരാ... തണുപ്പ്... മയക്കം... നരാ ഞാനൊന്നുറങ്ങട്ടെ... വാവയും ഒന്നുറങ്ങിക്കോട്ടെ....

പര്യവസാനം:
വര്‍ഷങ്ങള്‍ക്ക് ശേഷം, മാളു മുത്തഛന്റെയും മുത്തശ്ശിയുടേയും കൂടെ കിടന്നുറങ്ങുന്ന ഒരു രാത്രി.തന്റെ കാലുകളില്‍ തല വെച്ച്, തകര്‍ന്ന സെന്‍സക്സിലൊലിച്ചു പോയ നഷ്ടങ്ങളുടെ കണക്കുകള്‍ക്കിടയിലൂടെ ചിന്തിച്ചിരിക്കുന്ന നരന്റെ മുടിയിഴകളില്‍ കൈവിരലോടിക്കുകയായിരുന്നു സായ.
“നരാ....”
“ങ്‌ഹും...”
“ഒരു കാര്യം ചോദിക്കട്ടെ ഞാന്‍.”
“ങ്‌ഹും...”
“നിനക്കെന്നോട് അപ്പോഴൊന്നും ദേഷ്യം തോന്നിയിരുന്നില്ലേ?”
“എപ്പോഴൊന്നും?”
“നമ്മള്‍ മാളുവിനെ കാത്തിരുന്ന കാലത്ത്... അന്നൊക്കെ ഞാന്‍ എല്ലാവരോടും പെരുമാറിയിരുന്നത്... നരനെ പോലും ഞാന്‍ അകറ്റി നിര്‍ത്തിയിരുന്നു, അല്ലേ?”
ഒന്നു തിരിഞ്ഞു കിടന്ന് സായയെ നോക്കി കൊണ്ട് നരന്‍ ചോദിച്ചു.
“എന്തേ ഇപ്പോ ഇങ്ങനെയെല്ലാം ചോദിക്കാന്‍?”
“വെറുതെ... അതൊക്കെ ഇന്നെന്തോ വെറുതെ ആലോചിച്ച് പോയി... പറ... എന്നോട് അപ്പോഴൊന്നും ദേഷ്യം തോന്നിയിരുന്നില്ലേ? ഇവളെന്താ ഇങ്ങനെ എന്ന് കരുതിയിരുന്നില്ലേ?”
നരന്‍ എഴുന്നേറ്റിരുന്നു. സായയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“എനിക്കെന്തോ ഇന്ന്, അതെല്ലാം ഓര്‍ത്തപ്പോള്‍ വല്ലാതെ സങ്കടം വന്നു... എന്റെ പൊട്ടത്തരത്തിന് എന്തോക്കെയാ ഞാന്‍...”
മനസ്സില്‍ നിന്ന് വന്നത് നാവറ്റമെത്താതെ മുറിഞ്ഞ് പോയി. സായ സാരിത്തുമ്പ് കൊണ്ട് കണ്ണുകളൊപ്പി.
“പറ നരാ... അന്നൊക്കെ വെറുത്തിരുന്നോ എന്നെ?
നരന് ഒന്നും പറയാനായില്ല. അവന്‍ മെല്ലെ അവളുടെ മടിയിലേക്കൂര്‍ന്നു. വെള്ളയില്‍ നീലപൂക്കളുള്ള സാരി മെല്ലെ മാറ്റി, സായയുടെ വയറിനു മുകളില്‍ അവന്‍ കൈപ്പടം വെച്ചു.
“ഈ സ്നേഹത്തിന്, ഈ ജീവിതത്തിന്, മാളുവിനെ എനിക്ക് തന്നതിന്, എങ്ങനെ, ഏത് ഭാഷയില്‍ ഞാന്‍ നന്ദി പറയും നിന്നോട് ?”
മാളുവിനെ ഗര്‍ഭത്തില്‍ പേറിയതിന്റെ മായാപാടുകളിലൂടെ സഞ്ചരിച്ച അവന്റെ വിരലുകള്‍ പൊക്കിള്‍ക്കൊടിയിലെത്തിയപ്പോള്‍ ഒന്ന് വിറച്ചു. ഒരു ദീര്‍ഘനിശ്വാസത്തിനൊടുവില്‍, നരന്‍ അവിടെ ഗാഢമായ് ചുംബിച്ചു.
സായ കണ്ണുകളടച്ചു.

Tuesday, September 4, 2007

രാമേശ്വരത്തെ ശ്‌മശാനം സൂക്ഷിപ്പുകാര‌ന്‍


ഏറ്റവും പുതിയ നര-സായ കഥ - രാമേശ്വരത്തെ ശ്‌മശാനം സൂക്ഷിപ്പുകാര‌ന്‍ - തര്‍ജ്ജനി സപ്തംബര്‍ ലക്കത്തില്‍ വന്നിട്ടുണ്ട്.

- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
“മരിച്ച് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഏതു ശരീരവും നാറും, ആരുടേതായാലും. തങ്കഭസ്മം കഴിച്ചവന്‍‌റ്റെതായാലും വെള്ളച്ചോറുണ്ടവന്‍‌റ്റെതായാലും ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് മരിച്ചവന്‍‌റ്റെതായാലും, ഒരുപോലെ നാറും, ഇതു പരമമായ സത്യം!“
ആകാശങ്ങളിലെ മുഴുവന്‍ കറുപ്പും ഭൂമിയിലേക്കിറങ്ങിയ ആ രാത്രിയില്‍, ഉള്‍ക്കടലും മഹാസമുദ്രവും സംഗമിക്കുന്ന പുണ്യദ്വീപിന്റെ അതിരുകളിലെവിടെയോ ഉള്ള ആ ശ്മശാനത്തിലിരിക്കുകയായിരുന്ന സായ, ജനനത്തിന്റെയും മരണത്തിന്റെയും അതിരുകളെ കുറിച്ച് ആകുലപ്പെടാത്ത ആ സൂക്ഷിപ്പുകാരന്റെ വാക്കുകളില്‍ ഇനിയും തന്റെയുള്ളില്‍ പൂക്കാത്ത ജീവനെ കുറിച്ചുള്ള വ്യാകുലതകള്‍ മറന്ന് ഇരുന്നു. കത്തിയെരിയുന്ന ചിതയിലെ എല്ലാ അഴുക്കുകളെയും ശുദ്ധമാക്കുന്ന അഗ്നിനാളങ്ങള്‍ ആ ശ്മശാനത്തിന് സുവര്‍ണ്ണശോഭയേകി.

- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -

“ഇവിടെ ആരേയും ദഹിപ്പിക്കുമോ?“
“ശവങ്ങള്‍മാത്രം.”
“അതല്ല. ഏതു മതത്തിലെയും..”
“ശവത്തിനു ജാതിയും മതവും ഉണ്ടോ? ഇല്ല... എന്റെ അഭിപ്രായത്തില്‍ ഏതു ശരീരത്തിനും ജാതി ഒന്നേയുള്ളു - ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്. ഇതല്ലാതെ വേറൊന്ന് ഇത്ര കാലായിട്ട് ഞാന്‍കണ്ടീട്ടുമില്ല, കത്തിച്ചിട്ടുമില്ല!!“
അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. എന്നീട്ട് തുടര്‍ന്നു.
“...പക്ഷെ ബുദ്ധിയും ബോധവും ഇല്ലാത്ത ചിലര്‍ ഇപ്പോഴുമുണ്ടല്ലോ?“

- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -

“ - - - - - - - - - - - - - - - - - ബ്രഹ്മതപോബലത്തില്‍, പരമമായ ബീജം ഓംകാരത്തില്‍ അലിഞ്ഞപ്പോള്‍ സ്വയംഭൂവായ് രുദ്രനുണ്ടായി‍! അനശ്വരമായ പരാശക്തിയുടെ നശ്വരരായ പ്രവര്‍ത്തകരില്‍ അവന്‍ സംഹാരകര്‍മ്മത്തിന്റെ അധിപധിയായി. ആര്യവര്‍ഗ്ഗത്തിന്റെ ചിന്തകള്‍ പേറിയ ചിത്രരചനകള്‍ പ്രതിപാദിക്കുന്ന പോലെ, മുഖക്ഷൌരം ചെയ്ത് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്നവനല്ല അവന്‍. അവന്‍ ശിവനാണ്, കാലഭൈരവനാണ്. മേലാസകലം ചുടലഭസ്മം പൂശിയ ജഡാധാരിചണ്ഡാലനാണ്. ഒരിക്കലും ആര്‍ക്കും നിഷേധിക്കാനാകാത്ത പൌരുഷത്തിന്റെ പ്രതീകമായ താണ്ഡവമൂര്‍ത്തിയായ നടരാജനാണ്! അവനെ പ്രാര്‍ത്ഥിക്കുക, സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേക്കുള്ള, ഗര്‍ഭത്തിലെ മൃത്യുവില്‍ നിന്ന് പൊക്കിള്‍ക്കൊടിയിലെ പിറവിയിലേക്കുള്ള നിന്റെ ബീജത്തിന്റെ യാത്രയില്‍ അവന്റെ കാരുണ്യമുണ്ടാകും. മനസ്സുരുകി പ്രാര്‍ത്ഥിക്കുക!!!“

- - - - - - - - - - - - - - - - -
മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് അവസാനത്തുള്ളി ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മാളുവിന്റെയും, തന്റെ പുതിയ ക്യാമറയിലെ ഇനിയും പരീക്ഷിക്കാത്ത സാദ്ധ്യതകള്‍ തിരയുന്ന നരന്റെയും, ഓര്‍മ്മകള്‍ അടുക്കി വെയ്ക്കാന്‍ പ്രയാസപ്പെടുന്ന സായയുടെയും മുന്നില്‍, കടലെടുക്കാന്‍ മറന്ന് പോയ ആ കാലഭൈരവക്ഷേത്രം തലയുയര്‍ത്തി നിന്നു.

- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -

മുഴുവന്‍ വായിച്ച് അഭിപ്രായം പറയുമല്ലോ ---> http://chintha.com/node/2910


സസ്നേഹം
ദൃശ്യന്‍

Thursday, June 7, 2007

തിരുവസ്ത്രമണിഞ്ഞ പ്രണയം

തന്റെ പാദസരത്തിലെ മണികള്‍ കിലുക്കി കളിക്കുകയായിരുന്ന നരന്റെ കാലിലെ ചെറുവിരലില്‍ സായ പതുക്കെ കടിച്ചു. നരന്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരിക്കല്‍ കൂടെ കടിച്ചു - ഇക്കുറിയേറെ ബലത്തോടെ!

"എന്താടോ....? വെറുതെ കടിക്കുന്നോ?"
കിടപ്പുമുറിയിലെ ഇരുട്ടിലൂടെ നരന്റെ ശബ്ദം തന്റെ അടുത്തെത്താന്‍ കൂടുതല്‍ നേരമെടുത്തത് പോലെ സായയ്ക്ക് തോന്നി.

"ഒന്നുമില്ല."
"പിന്നെ... പിന്നെ എന്തിനാ കടിച്ച് കളിച്ചത്?"
"വെറുതെ... ഇഷ്ടം തോന്നീട്ട്."
"ങ്‌ഹും...കൊള്ളാം ... നമുക്കുറങ്ങാറായില്ലേ?"
"നരന് ഉറക്കം വരുന്നോ?"
"ഇല്ല... ഞാന്‍ ഓരോന്നോര്‍ത്ത് കിടക്കുകയായിരുന്നു."
"എന്താ ഈ ഓരോന്ന്...?"
"വെറുതെ... പഴയ ഓരോരോ കാര്യങ്ങള്‍..."
"ആരെ കുറിച്ച്?"
"ഒരു പഴയ കൂട്ടുകാരനെ കുറിച്ച്... അച്ചായന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഒരു സീനിയര്‍."
"ആരാ ഈ അച്ചായന്‍...? എന്നോടിതേ വരെ പറഞ്ഞിട്ടില്ലല്ലോ?"
"ഞങ്ങള്‍ തമ്മില്‍ കോണ്‍‌ടാക്ട് ഒന്നുമില്ല കുറേ കാലമായി. മറന്നു പോയിരുന്നു എന്ന് തന്നെ പറയാം."
"പിന്നെ ഇപ്പോഴെന്താ പെട്ടന്ന് ഓര്‍ക്കാന്‍?"
"ഓര്‍ക്കാനൊരു ചെറിയ കാര്യമുണ്ട്. പക്ഷെ അത് പറയുന്നതിന് മുന്‍പ് മറ്റു ചില കഥകള്‍ കൂടി പറയേണ്ടി വരും."
സായ വേഗത്തില്‍ എഴുന്നേറ്റ്, നരന്റെ മാറില്‍ തലചായ്ച് കിടന്ന് കൊണ്ട് പറഞ്ഞു.
"എന്നാ പറ..."

കഥ കേള്‍ക്കാനുള്ള സായയുടെ ആവേശം കണ്ട് നരന് ചിരി വന്നു. മെല്ലെ അവളുടെ നെറ്റിയില്‍ ഒരുമ്മ വെച്ചു.
സായ നരന്റെ നെഞ്ചിലേക്ക് കൂടുതല്‍ അമര്‍ന്നു. നരന്‍ തുടര്‍ന്നു.

"ഞാന്‍ അച്ചായനെ ആദ്യമായ് കാണുന്നത് പി.ജി.യ്ക്ക് ചേര്‍ന്ന ആദ്യദിവസത്തിലാണ്. സീനിയേഴ്സിനത് റാഗിംഗ് വസന്തകാലം. അവിടുത്തെ പതിവനുസരിച്ചുള്ള ക്വാട്ട എനിക്കും കിട്ടി. പക്ഷെ അച്ചായന്‍ ആരെയും റാഗിംഗ് ചെയ്യാന്‍ വന്നിരുന്നില്ല. ക്ലാസ്സ്മുറിയിലെ ഏതെങ്കിലും ഒരു കസേരയിലിരുന്ന് പരിപാടികള്‍ കണ്ട് ആസ്വദിക്കുകയാണ് മൂപ്പരുടെ വിനോദം. മലയാളം അധികം അറിയാത്ത പ്രതിഭയോട് ആരോ ചോദിച്ച ‘ഇംഗ്ലീഷില്‍ എത്ര ആല്‍ഫബെറ്റ്സ് ഉണ്ട്?’ എന്ന ചോദ്യത്തിന് ‘21’ എന്ന അവളുടെ മറുപടി കേട്ട് അച്ചായന്‍ ചിരിച്ച, നിര്‍ത്താതെയുള്ള ആ ഇടിവെട്ട് ചിരി, ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്."

"കൊള്ളാമല്ലോ കക്ഷി. നല്ല പഞ്ചാരയായിരുന്നോ ആള്‍."

"അല്ലായിരുന്നു. അച്ചായന്‍ അങ്ങനെ പെണ്‍കുട്ടികളോട് വലിയ വര്‍ത്തമാനത്തിനൊന്നും പോയിരുന്നതായ് ഞാന്‍ കണ്ടിട്ടില്ല. പക്ഷെ പൊതുവെ പെണ്‍കുട്ടികള്‍ക്കൊന്നും മൂപ്പരെ അത്ര ഇഷ്ടമായിരുന്നില്ല."
"അതെന്താ അങ്ങനെ?"
"കക്ഷിയുടെ നോട്ടം ശരിയല്ലെന്നാ സ്ത്രീജനപക്ഷം."
"ഓഹോ..."

"പക്ഷെ അസ്ഥാനത്തുള്ള നോട്ടമൊന്നും കക്ഷിക്കില്ലായിരുന്നു. അതെന്തായാലും അച്ചായനെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ഇതൊന്നുമല്ല - അത് അച്ചായന്റെ വെളുത്ത് തുടുത്ത മുഖത്തെ, നാഷണല്‍ ഹൈവേ പോലെ തോന്നിക്കുന്ന വടിവൊത്ത മീശയാണ്. ഇന്നേ വരെ ഞാന്‍ കണ്ട ആര്‍ക്കും അത്തരത്തില്‍ ഒരു മീശയില്ല. നല്ല വീതിയില്‍, വളഞ്ഞ ഒരു ചതുരക്കട്ട പോലെ വെട്ടിയൊതുക്കി അച്ചായന്‍ കൊണ്ട് നടന്നിരുന്നു ആ മീശ. പക്ഷെ പെണ്‍കുട്ടികളുടെ ഗുഡ്‌ബുക്കില്‍ പെടാന്‍ ആ മീശ പോലും രക്ഷയായില്ല."

"എങ്ങനെയാ നിങ്ങള്‍ തമ്മില്‍ പരിചയത്തിലായത്?"

"കോളേജില്‍ വെച്ച് ഞങ്ങള്‍ അത്ര പരിചയമൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ കൂടുതല്‍ കണ്ടിരുന്നത് അടുത്തുള്ള ടാക്കീസിലെ സെക്കന്റ്‌ഷോകളിലായിരുന്നു എന്നു പറയുന്നതായിരിക്കും ശരി. പിന്നെ പതുക്കെ പതുക്കെ ചെറിയൊരു സൌഹൃദം. പക്ഷെ ഒരു വീക്കെന്റില്‍ സീനിയേഴ്സിന്റെ കൂടെ പോയ ഒരു ടൂര്‍ ആണ് ഞങ്ങളെ അടുപ്പിച്ചതും അകറ്റിയതും."

"അടുപ്പിച്ചതും അകറ്റിയതും? അതെങ്ങനെ ഒരു വീക്കെന്റില്‍...?"

"അതാണ് രസം. അഥവാ രസമുള്ള വേദന. ഒരു വെള്ളിയാഴ്ച വൈകുന്നേരം പെട്ടന്നൊരു തീരുമാനം-ഒരു ടൂറടിച്ചാലോ എന്ന്. എല്ലാവരും റെഡി. എവിടെ പോകണം എന്നാലോചിച്ചപ്പോള്‍ ‘കല്പറ്റ’ എന്ന് അച്ചായന്‍. അവിടെ ഫ്രീയായി താമസിക്കാന്‍ സ്ഥലം കൂടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും ഹാപ്പി."

"അങ്ങനെ എല്ലാ വാനരന്മാരും കൂടെ പുറപ്പെട്ടു. കള്ളുകുടിസെറ്റിലെ എല്ലാരും ഉണ്ടാവുമല്ലോ കൂടെ, അല്ലെ?"

"ചോദിക്കാനുണ്ടോ. എല്ലാരും ഉണ്ട്. പക്ഷെ കള്ളില്ല."
"അതെന്തു പറ്റി? അങ്ങനെ ഒരു പരിപാടി പതിവില്ലല്ലോ"
സായ തലയുയര്‍ത്തി നരനെ നോക്കി.

"കള്ളില്ലെന്ന് പറഞ്ഞത്, പോകുമ്പോള്‍ ഇല്ലായിരുന്നെന്നാ. സിറ്റീന്ന് വാങ്ങി പോണ്ടാന്ന് അച്ചായന്‍ പറഞ്ഞു. കല്പറ്റയില്‍ നല്ല പറങ്കി വാറ്റിയത് കിട്ടുമത്രേ."
"ഓഹോ... അങ്ങനെ പറ."
സായ നേര്‍ത്തൊരു പരിഭവത്തോടെ നരന്റെ ചെവി പിടിച്ചൊന്ന് തിരുമ്മി. പിന്നെ തിരിച്ച് കിടന്നു.
"ങ്‌ഹും... എന്നീട്ട്...?"

"അച്ചായന്റെ പരിചയത്തിലുള്ള ഒരു ഗസ്റ്റ് ഹൌസിലായിരുന്നു താമസം. പകല്‍ മുഴുവന്‍ കാട്ടിലൂടെ ചുറ്റി കറങ്ങി. വെള്ളച്ചാട്ടത്തില്‍ കളിച്ച്, അരുവികളില്‍ കുളിച്ച്, ഒരുപാട് രസിച്ച് നടന്നു. രാവ് പുലരുവോളം നല്ല വെടിയിറച്ചിയും നാടന്‍ പറങ്കിമാങ്ങ വാറ്റിയതും. ഗോവന്‍ ഫെനിയൊന്നും അതിന്റെ ഏഴയലത്തെത്തില്ല."
"മതി കള്ളുകുടിപുരാണം. ബാക്കി പറ. പിന്നെന്തൊക്കെ ചെയ്തു രാത്രീല്‍?."
"രാത്രിയില്‍ ഇതു തന്നെ പരിപാടി. രാവിലെ നല്ല ദാഹം തോന്നി ഉറക്കമുണര്‍ന്ന എന്നെ അച്ചായന്‍ പൊക്കി."
"പൊക്കി എന്ന് വെച്ചാല്‍?"
"എന്നോട് ഡ്രസ്സ് മാറ്റി കൂടെ ചെല്ലാന്‍ പറഞ്ഞു."
"എങ്ങോട്ട്?"

"ഞാന്‍ ചോദിച്ചു. പക്ഷെ അപ്പോള്‍ പറഞ്ഞില്ല. ഡ്രസ്സ് മാറ്റി പുറത്തിറങ്ങിയപ്പോള്‍ കക്ഷി ഒരു സൈക്കിളും കൊണ്ട് നില്‍ക്കുന്നു. ഞാന്‍ കയറിയതും ഒരു ചോദ്യവും പറച്ചിലുമില്ലാതെ ഒരു വിടല്‍! പൊട്ടിപൊളിഞ്ഞ ആ എസ്റ്റേറ്റ്‌‌റോട്ടിലൂടെ, പുലര്‍കാലര്‍ത്തെ മഞ്ഞിന്റെ കുളിരിലൂടെയുള്ള ലക്ഷ്യമില്ലാത്ത യാത്രയുടെ ചിന്തയില്‍ തലേന്നത്തെ കെട്ട് മുഴുവന്‍ വിട്ടു. കുറേ കഴിഞ്ഞപ്പോള്‍ അച്ചായന്‍ ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തി. നല്ല ചൂട് ചായയും അച്ചായന്‍ ഓഫര്‍ ചെയ്ത AR ബീഡിയുമായ് റോഡരികിലെ കളുങ്കിലിരുന്നപ്പോള്‍ അച്ചായന്‍ മെല്ലെ പറഞ്ഞു തുടങ്ങി-ആരുമറിയാത്ത അച്ചായന്റെ പ്രണയകഥ!"

"പ്രണയകഥയോ?"
സായ എഴുന്നേറ്റിരുന്നു.
"അതെ. ആരോടും അന്നേ വരെ അച്ചായന്‍ പറയാതിരുന്ന പ്രണയകഥ."
നരന്‍ എഴുന്നേറ്റ് ചുമരും ചാരിയിരുന്നു.
"കഥയിലെ കാര്യവും കളിയും എനിക്കറിയില്ല. അച്ചായന്‍ പറഞ്ഞ അറിവേ എനിക്കുള്ളൂ. അന്നും അതിനു ശേഷവും ആരും ഇതിനെ പറ്റി ഒരു പരാമര്‍ശവും നടത്തി കേട്ടിട്ടില്ല."
"അതെന്തോ ആകട്ടെ. എതാ കക്ഷി എന്ന് പറ."

"കക്ഷി അച്ചായന്റെ അയല്‍‌വാസി ആയിരുന്നു. കുട്ടികാലം മുതല്‍ക്കുള്ള പരിചയം. ഒരുമിച്ചുള്ള സ്കൂള്‍ വിദ്യാഭ്യാസം, പള്ളിയില്‍ പോക്ക്, സണ്‍‌ഡേസ്കൂള്‍... കാലം ചെല്ലും തോറും ദൃഡമായ ബന്ധം. പിന്നെ നടന്നത് സ്ഥിരം സംഭവങ്ങള്‍‍. പാവപ്പെട്ട കൃസ്ത്യന്‍ കുടുംബത്തിലെ നായിക. ഒരു മകളെ സഭയില്‍ ചേര്‍ത്താമെന്ന പിതാവിന്റെ പ്രാര്‍ത്ഥന. കന്യാസ്ത്രീ ആവാനുള്ള പഠിപ്പിന് പോകേണ്ടി വന്ന നായിക. കോളേജ് പഠിപ്പിന് പോയ നായകന്‍. പ്രണയദു:ഖത്തിലാണ്ട രണ്ട് ഹൃദയങ്ങള്‍. ക്ലീഷെ!"

പതുക്കെ നരനരികിലേക്ക് വന്ന്, അവന്റെ മടിയില്‍ തല ചായ്ച് കിടന്നു കൊണ്ട് സായ ചോദിച്ചു.
"എന്നീട്ട്?"
"നായിക അപ്പോള്‍ കല്പറ്റയിലെ ഒരു തിരുസഭാമഠത്തില്‍. നായകന്‍ എന്റെ മുന്നിലിരുന്ന് ചായ കുടിക്കുന്നു."
"ഉഗ്രന്‍. അപ്പോള്‍ എന്താണ് നായകന്റെ പ്ലാന്‍."
"മൂന്നു മാസമായി ഒന്നു കണ്ടിട്ട്, ഒരു വാക്ക് മിണ്ടിയിട്ട്. അവളെ കാണണം, മിണ്ടണം, പറ്റുമെങ്കില്‍ രക്ഷിക്കണം."
"രക്ഷിക്കണം എന്ന് വെച്ചാല്‍?"

"മഠത്തില്‍ നിന്ന് ചാടിച്ച് കൊണ്ട് പോകണം. കല്യാണം കഴിക്കണം. കുറച്ചു കാലം കഴിയാന്‍ തക്കതായി അമ്മച്ചി തന്ന കുറച്ച് ആഭരണങ്ങളും പൈസയുമുണ്ട്. അപ്പച്ചന്‍ കുറച്ച് കാലം കഴിഞ്ഞാല്‍ കോമ്പ്രമൈസ് ആകും. കാതലില്‍ ഇതെല്ലാം സഹജം എന്നാണ് അച്ചായന്റെ വിലയിരുത്തല്‍."

"കൊള്ളാമല്ലോ കക്ഷി. എല്ലാം പ്രീ-പ്ലാന്‍‌ഡ് ആണല്ലോ?"
"അതെ. ഞങ്ങള്‍ ആരും അറിയാതെ എല്ലാം പ്ലാന്‍ ചെയ്ത് വെച്ചിരിക്കുന്നു."
"അപ്പോള്‍ ആ പെണ്ണിനെ ചാടിക്കാനാണോ നരനെ കൂട്ടിയത്?"

"എന്ന് ഞാനും ചിന്തിച്ചു, ചോദിച്ചു. അപ്പോള്‍ അച്ചായന്‍ പറഞ്ഞത് അവളെ മഠത്തില്‍ നിന്ന് അടിച്ചോണ്ട് പോകാന്‍ താന്‍ ഒറ്റയ്ക്ക് മതി പക്ഷെ നാട്ടുകാര്‍ ഇടപെട്ട് വല്ല അടിപിടിയുമായാല്‍, ആശുപത്രിയിലാക്കാന്‍ സഹായം വേണ്ടി വന്നേക്കും എന്നത് കൊണ്ടാണത്രെ എന്നെ ബുദ്ധിമുട്ടിച്ചത്!"

"ഉഷാര്‍! എന്നീട്ട്?"

"ചായകുടി കഴിഞ്ഞ് വീണ്ടും തുടര്‍ന്ന യാത്ര അവസാനിച്ചത് ഒരു പള്ളിയുടെ മുന്നിലായിരുന്നു. പള്ളി പിരിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതും കാത്ത് ഞങ്ങള്‍ വഴിയരികിലിരുന്നു."

"AR ബീഡി വലിച്ച് കൊണ്ട്, അല്ലേ?"
നരന്‍ ചിരിച്ചു.

"പള്ളി പിരിഞ്ഞു. ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. അവസാനം ഒരു കൂട്ടം കന്യാസ്ത്രീകള്‍ നടന്നു വരുന്നതു കണ്ടപ്പോള്‍ അച്ചായന്‍ അങ്ങോട്ട് നീങ്ങി. ഇത്തിരി ഭയത്തോടെ പിന്നാലെ ഞാനും."

സായ വീണ്ടും എഴുന്നേറ്റിരുന്നു. നരന്റെ കൈയില്‍ കൈയമര്‍ത്തി വെച്ചു. നരന്‍ ഓര്‍മ്മയില്‍ നിന്ന് ആ രംഗം ഓര്‍ത്തെടുത്തു.

"അച്ചായന്‍ കന്യാസ്ത്രീകളുടെ അടുത്തെത്തി. ആ കൂട്ടത്തില്‍ ഞാന്‍ അച്ചായന്റെ പ്രേമഭാജനത്തെ തിരഞ്ഞു. കറുത്ത് മെലിഞ്ഞതെങ്കിലും ഐശ്വരമുള്ള ഒരു മുഖത്തെ പ്രകടമായ വിളര്‍ച്ച, തിരിച്ചറിയാന്‍ എന്നെ സഹായിച്ചു.
അച്ചായന്‍ പറഞ്ഞു - ‘റോസീ, എനിക്ക് ഇത്തിരി സംസാരിക്കാനുണ്ട്.’.
കൂട്ടത്തില്‍ നിന്നാരോ ചോദിച്ചു - ‘ആരാ റോസമ്മേ, ഇത്?’.
അച്ചായന്റെ റോസി പറഞ്ഞു - ‘എന്റെ നാട്ടിലെയാ.’
കൂട്ടത്തില്‍ നിന്ന് മറ്റൊരു ശബ്ദം - ‘ആരായാലെന്താ? സംസാരിക്കാന്‍ മഠത്തില്‍ വരണം.‘
റോസി - ‘അച്ചായനിപ്പോ പോ. നമുക്ക് പിന്നെ സംസാരിക്കാം.‘
അച്ചായന്‍ - ‘ഇല്ല റോസീ, നീയില്ലാതെ ഞാന്‍ പോവില്ല.‘

റോസി ഇടിവെട്ടിയപോലെ അച്ചായനെ നോക്കി.

അച്ചായന്‍ - ‘നീയില്ലാതെ എനിക്കാവില്ല റോസീ’
റോസി - ‘ഇങ്ങനെയൊന്നും പറയല്ലേ അച്ചായാ. ഞാനിപ്പോള്‍ കര്‍ത്താവിന്റെ മണവാട്ടിയാ!’
അച്ചായന്‍ - ‘ഞാന്‍ സമ്മതിക്കത്തില്ല. നീയെന്റെയാ!’
റോസി - ‘ഇല്ലച്ചായാ. ഞാന്‍ തിരുവസ്ത്രമണിഞ്ഞവളാ. എനിക്കിനി അങ്ങനെയൊന്നും ചിന്തിക്കാന്‍ അവകാശമില്ല. സമൂഹം അതിനനുവദിക്കുകയില്ല.’
അച്ചായന്‍ - ‘ആരു പറഞ്ഞു? എന്തു സമൂഹം? നിന്റെ കണ്‍കളില്‍ ഭക്തി കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുന്ന എന്നോടുള്ള പ്രണയം ഞാന്‍ കാണുന്നു. നിന്റെ ഈ തിരുവസ്ത്രത്തിനടിയിലെ മാറിടം എനിക്കായ് തുടിക്കുന്നത് ഞാന്‍ മനസ്സിലാക്കുന്നു. റോസീ, എന്നെ പ്രണയിക്കാതിരിക്കാന്‍ നിനക്ക് കഴിയുകില്ലെന്ന് എനിക്കറിയാം.‘
റോസി - ‘കര്‍ത്താവേ, എന്തൊരു പരീക്ഷണമാണിത്...!’

കരഞ്ഞു കൊണ്ട് റോസി നടന്നകന്നു.

അച്ചായന്‍ - ‘റോസീ, സമൂഹം എന്തും പറഞ്ഞോട്ടെ. നിന്നെ പ്രണയിക്കാതിരിക്കാന്‍ എനിക്കും കഴിയില്ല.’

കൂടുതല്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് റോസി നടത്തം തുടര്‍ന്നു. മറ്റ് കന്യാസ്ത്രീകളും പിന്നാലെ പോയി.

അച്ചായന്‍ ഉറക്കെ വിളിച്ചു പറഞ്ഞു - ‘റോസീ, ഞാന്‍ കാത്തിരിക്കും. ഇവിടെ... നീ വരുന്നതും കാത്ത്. ഉച്ച വരെ നീ വന്നില്ലെങ്കില്‍ ഞാന്‍ വരും, നിന്റെ മഠത്തില്‍. നിന്നെ കൊണ്ടു പോകാന്‍!‘

അച്ചായന്‍ നിലത്തിരുന്നു. നടന്ന മെലോഡ്രാമയുടെ ഒഴുക്കൊന്നോര്‍ത്തെടുക്കാന്‍ പോലുമാവാതെ ഞാനും!"


സായ നരന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. അവന്റെ ചുമലില്‍ തല ചായ്ച്ചു കൊണ്ട് ചോദിച്ചു
"അച്ചായന്റെ റോസി വന്നോ?"
"ഉച്ച വരെ ഞങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നില്ല. അപ്പോഴേക്കും അവര്‍ വന്നു."
"ആര്?"
ഒരു നിമിഷത്തെ മൌനത്തിന് ശേഷം നരന്‍ പറഞ്ഞു.

"അറം പറ്റിയ പോലെ, എനിക്ക് തന്നെ അച്ചായനെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു. ബോധം വന്നപ്പോള്‍ എന്നോട് ഗസ്റ്റ് ഹൌസിലേക്ക് പോകാന്‍ അച്ചായന്‍ പറഞ്ഞു. പോകുന്നില്ല എന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. ആരെങ്കിലും ചോദിച്ചാല്‍ നാട്ടില്‍ പോയി എന്ന് പറഞ്ഞാല്‍ മതിയെന്നും റോസിയെ കുറിച്ച് ആരോടും പറയരുതെന്നും എന്നെ ചട്ടം കെട്ടി."

സായ പതുക്കെ നരനെ കെട്ടി പിടിച്ചു.
"എന്നീട്ട്?"

"ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോള്‍ ആരും എണീറ്റിട്ടുണ്ടായിരുന്നില്ല. വൈകീട്ട് ഞങ്ങള്‍ തിരിച്ച് പോരുകയും ചെയ്തു. അതില്‍ പിന്നെ ഞാന്‍ അച്ചായനെ കണ്ടിട്ടില്ല. അച്ചായന്‍ പിന്നെ കോളേജില്‍ വന്നതുമില്ല. പിന്നെപ്പോഴോ, പഠിപ്പ് നിര്‍ത്തിയെന്ന് സീനിയേഴ്സ് പറയുന്നത് കേട്ടു."

നരന്‍ പറഞ്ഞു നിര്‍ത്തി.
അവര്‍ ഇരുവരും അവരാവരുടെ ചിന്തകളിലാണ്ടു. നിമിഷങ്ങള്‍ക്ക് ശേഷം സായ ചോദിച്ചു.
"പിന്നീടിത് വരെ അച്ചായനെ കുറിച്ച് ഒരു വിവരവുമില്ലേ?"
"ഇല്ല."
"പിന്നെന്തേ ഇന്ന് പെട്ടെന്ന് അച്ചായനെ കുറിച്ചോര്‍ക്കാന്‍ കാരണം?"
"ഓ, അതോ? അത്..."
ചിരിച്ച് കൊണ്ട് നരന്‍ തുടര്‍ന്നു.

"വൈകീട്ടത്തെ ന്യൂസില്‍ കേരളത്തിലെ നാഷനല്‍ ഹൈവേകള്‍ വീതി കൂട്ടാനുള്ള പദ്ധതിയെ കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍, അച്ചായന്റെ മീശയെ കുറിച്ചോര്‍ത്തു പോയി...! പിന്നെ‍, തിരുവസ്ത്രത്തിനുള്ളില്‍ കുടുങ്ങി പോയ പ്രണയത്തെ കുറിച്ചും!!"


പര്യവസാനം:

രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ നരന്‍ കണ്ടത് തന്നെ നോക്കി കിടക്കുന്ന സായയെയാണ്.
"എന്തു പറ്റി മോളൂ...?"
"ഒന്നുമില്ല. ഞാന്‍ റോസിയെ കുറിച്ച് ആലോചിക്കുകയായിരുന്നു."
"എന്ത്?"
"അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? അച്ചായന്‍ ഇപ്പോള്‍ എവിടെയായിരിക്കും?"

"ആ... ആര്‍ക്കറിയാം? അതിന് ശേഷം, അച്ചായനെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കണമെന്നു ചിലപ്പോഴൊക്കെ ഓര്‍ക്കും.. പിന്നെ പതിവ് പോലെ മറന്ന് പോകും... എല്ലാവര്‍ക്കും സൌഹൃദങ്ങളും ബന്ധങ്ങളും എന്നെന്നും നിലനിര്‍ത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഈ ലോകം എത്ര മനോഹരമായേനെ!"

"ങ്‌ഹും... എവിടെയായായിരുന്നാലും അവര്‍ ആ പ്രണയം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ടാവുമോ?"

"ഉണ്ടാവാം... ചിലപ്പോള്‍ ഇല്ലായിരിക്കാം. അന്ന് ആ വെളുപ്പാന്‍കാലത്ത്, ആ ചായക്കടയുടെ മുന്നിലിരിക്കുന്ന സമയത്ത് അച്ചായന്‍ എന്നോട് പറഞ്ഞു - ‘എടാ, പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഞാന്‍ അവളെ തന്നെ സ്നേഹിക്കുന്നതെന്ന്? ആരും ഒരിക്കലും അംഗീകരിക്കാത്ത ഈ ബന്ധം തുടരണോ എന്ന്. അപ്പോഴൊക്കെ ഞാനോര്‍ത്തത് അവളുടെ സ്നേഹത്തെ കുറിച്ചായിരുന്നു. നിറയെ പൂത്തു നില്‍ക്കുന്ന ഒരു പൂമരം പോലെയുള്ള അവളുടെ സ്നേഹം. ആ സ്നേഹത്തിന്റെ, അവളുടെ സാമീപ്യത്തിന്റെ, തണലും ആശ്വാസവും മറ്റെങ്ങും ഞാന്‍ അനുഭവിച്ചിട്ടില്ല.!‘ "

ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം നരന്‍ തുടര്‍ന്നു.
"ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നത് അവര്‍ അത് മറന്നിട്ടുണ്ടാകട്ടെ എന്നാണ്. മനുഷ്യര്‍ക്ക് മറവി പലപ്പോഴും അനുഗ്രഹമല്ലേ"

"ഇല്ല നരാ, എനിക്കുറപ്പാണ്. അവര്‍ തമ്മില്‍ മറന്നിട്ടുണ്ടാവില്ല. ബന്ധുക്കള്‍, സമൂഹം, കൂട്ടുകാര്‍ - അവരെ മനസ്സിലാക്കാന്‍ ആരെല്ലാം വിസ്സമ്മതിച്ചാലും, സമൂഹം എത്ര ന്യായങ്ങള്‍ നിരത്തിയാലും, അവര്‍ അത് മറന്നിട്ടുണ്ടാവില്ല."

സായ പറഞ്ഞു നിര്‍ത്തി, കണ്ണടച്ച് കിടന്നു. നരന്‍ മെല്ലെ അവളുടെ തോളിലൂടെ കൈവിരലുകളോടിച്ചു.

കണ്ണുകള്‍ തുറക്കാതെ സായ പറഞ്ഞു.

"ഉണങ്ങാത്ത ഒരു വ്രണം പോലെ മനസ്സില്‍ കിടക്കുന്ന - ഇടയ്ക്കിടെ കുത്തിനോവിക്കുന്ന - പ്രണയത്തിന്റെ ഗതികേടാണത്!"

ഒന്ന് നിര്‍ത്തിയിട്ട് സായ തുടര്‍ന്നു.
"നരാ, എന്നെ കെട്ടിപിടിക്കൂ !!!"


---------------- ശുഭം -----------------

Sunday, March 18, 2007

പ്രവാസം കൊതിച്ചവന്‍

Click here to download the PDF version of this post

ഒഴിഞ്ഞ മദ്യക്കുപ്പികളുടെ മുന്നില്‍, ഉറക്കം മയങ്ങി കിടക്കുന്ന കണ്ണുകളും, തീരുമാനത്തിലെത്താനാവാത്ത കുറെയേറെ ചിന്തകളുള്ള മനസ്സുമായ്, ബോംബെയിലെ ഗലികള്‍ക്കുള്ളിലുള്ള ഒരു ഗലിയിലെ ആ ഹോട്ടല്‍മുറിയില്‍ അവരിരുന്നു.

ആരാണീ അവര്‍?

പിസാഹട്ടിലെ ഒരു കോര്‍ണര്‍ടേബിളില്‍ നരന്റെ അരികില്‍ ഇരിക്കുകയായിരുന്ന സായ ചോദിച്ചു.

കേരളത്തിലെ ഒരു വടക്കന്‍ജില്ലയില്‍ നിന്നുള്ളവരായിരുന്നു അവര്‍ മൂന്നു പേര്‍. ഒരേ നാട്ടുകാര്‍. ‌‌‌‌‌-- യുടെ തടിമില്ലില്‍ ഒരുമിച്ചു പണി ചെയ്തവര്‍. ഇപ്പോള്‍ഗള്‍ഫിലേക്ക് പോകാനായ് ബോംബെയിലെത്തിയവര്‍.

ഓകെ. എന്താ അവരുടെ പേര്?”

പേര്... പേര് വേണമെന്നു നിര്‍ബന്ധമാണെങ്കില്‍അവരെ നമുക്ക് തല്‍ക്കാലം ’, ‘’, ‘എന്ന് വിളിക്കാം.

ങ്‌ഹും....ശരി.. എന്നീട്ട്...

ഇത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കാത്ത മദ്യത്തിന്റെ ഷണ്ഡത്തത്തെ കുറിച്ചായിരുന്നു ചിന്തിച്ചത്. നികുതിദായകരുടെ പോക്കറ്റ് കാലിയാക്കുന്ന ഇത്തരം മദ്യം നിറുത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തുടങ്ങിയ ചിന്ത, ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയാലുടനെ നാട്ടിലെ ക്ലബ് മുഖേന സ്ഥലം എമ്മെല്ലേയ്ക്ക് കൊടുക്കേണ്ട നിവേദനത്തിന്റെ കരടുരേഖയിലെത്തി നില്‍ക്കുമ്പോളാണ് ചോദിച്ചത്.

അപ്പോ എന്താ നമ്മുടെ തീരുമാനം?”

സ്വതേ മൌനിയും, കള്ള് - അതെന്തു നിറത്തിലും മണത്തിലും ഗുണത്തിലുമായാലും - കുടിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ മൌനിയാകുന്ന ’, കണ്ണ് മിഴിച്ച് യെ നോക്കി. മറ്റുള്ളവരില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാഞ്ഞതിനാല്‍തുടര്‍ന്നു.

നമ്മളിങ്ങനെ ഒന്നും മിണ്ടാതെയിരുന്നിട്ട് കാര്യമില്ല. സമയം പുലരാറായി. എന്തെങ്കിലും തീരുമാനം എടുത്തേ പറ്റൂ?”
വീണ്ടും ആരും പ്രതികരിച്ചില്ല. ഒഴിഞ്ഞ മദ്യക്കുപ്പി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന യെ നോക്കി ചോദിച്ചു.

“......, നീയെന്തു പറയുന്നു? നിനക്ക് .... നിനക്ക് കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലല്ലോ?”

കുപ്പിയില്‍നിന്നു തലയുയര്‍ത്തി യെ നോക്കി. അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ആത്മാവിലെന്തോ ആവേശിച്ചത് പോലെ, കുപ്പി ഉറക്കെ നിലത്ത് അടിച്ചുടച്ച് കൊണ്ട് അവന്‍അലറി.

പിന്നെ എന്റെ പെങ്ങന്മാരെ നീ കെട്ടിച്ചു വിടുമോടാ....?

ഒന്നും മിണ്ടിയില്ല. നിലത്തു വീണ കുപ്പിച്ചില്ലുകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട്, ഒന്നും മിണ്ടാതെ ഇരുന്നു.

അസുഖകരമായ മൌനം അവര്‍ക്കിടയില്‍വിറങ്ങലടിച്ചു നിന്നു.

നിലത്ത് നിന്നെഴുന്നേറ്റ് കട്ടിലിലേക്കിരുന്നു. തമ്മില്‍ തമ്മില്‍ നോക്കാനാവാതെ നിലത്തിരിക്കുന്ന യെയും നെയും നോക്കി.

ഇനിയും മൌനമവലംബിച്ചിട്ട് കാര്യമില്ലെന്ന് ‘ഇ’യ്ക്ക് തോന്നി. യുടെ നോട്ടം തന്നിലേക്കാണ് നീളുന്നതെന്ന് മനസ്സിലാക്കിയ പറഞ്ഞു.

എന്നോട് ചോദിക്കണ്ട. വീട്ടുകാരറിയാതെ വീടിന്റെ ആധാരം പണയം വെച്ചത് പോരാഞ്ഞ് ഭാര്യേടേം മക്കള്‍ടേം മേത്തെ ലാസ്റ്റ് തരി പൊന്നു പോലും വിറ്റാ ഇത്രയും ....... എനിയ്ക്കാവില്ലാ‍...

ദയനീയതയോടെ യെ നോക്കി. ആ നോട്ടം താങ്ങാനാവാതെ പറഞ്ഞു.

പിന്നെ നമ്മളെന്തു ചെയ്യും??? ആകെ രണ്ടു വിസയേ ശരിയാക്കാനാവൂ എന്ന് ആ ഏജന്റ് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? നമ്മളിലൊരാള്‍ഒഴിഞ്ഞേ പറ്റൂ...!!!

ആ ഒരാള്‍ ആരെന്ന ചോദ്യത്തോടെ അവന അവര്‍ രണ്ട് പേരെ നോക്കി, അവര തിരിച്ച് അവനേയും! അവരെ രണ്ട് പേരെയും നോക്കാതെ, ഒഴിഞ്ഞ ഒരു സോഡാക്കുപ്പി ഉരുട്ടി കളിച്ചു കൊണ്ട് നിലത്തിരുന്നു.

പരസ്പരം ഒരു വാക്കുമുരിയാടാന്‍ ധൈര്യമില്ലാതെ അവര്‍ ആ ഹോട്ടല്‍മുറിയിലെ പുഴുങ്ങുന്ന ചൂടില്‍ഇരുന്നു.

-------------------------------------------------------------------------------------------------‌‌‌‌‌‌‌

എനിക്ക് വിശക്കുന്നു.

പറഞ്ഞു. ആരും മറുമൊഴി നല്‍കിയില്ല.

എനിക്ക് വല്ലതും കഴിക്കണം... ആരെങ്കിലും വരുന്നോ?”

വീണ്ടും മറുപടി ഒന്നും കാണാഞ്ഞതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ് അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.

കഴിക്കണമെന്നു പറഞ്ഞു പുറത്തേക്കിറങ്ങിയെങ്കിലും, ‘നേരെ നടന്നത് ഗലിക്കപ്പുറത്തുള്ള കടല്‍ക്കരയിലേക്കായിരുന്നു. തുടരെ തുടരെയുയര്‍ന്നു വന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ചിതറിക്കിടക്കുന്ന ചിന്തകള്‍ക്കിടയില്‍ തിരഞ്ഞു കൊണ്ട്, ഒരിക്കലും ശാന്തമാകാത്ത ആ കടല്‍ക്കരയില്‍ അശാന്തമായ മനസ്സുമായ് കിടന്നു.


നിമിഷങ്ങള്‍ മണിക്കൂറുകളായി. ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് എഴുന്നേറ്റു. കൂട്ടുകാരാണ്. വിശപ്പ് കൂടിയപ്പോള്‍ എണീറ്റതാവും. തന്നെ കണ്ടപ്പോള്‍ അവര്‍ അവിടെ തന്നെ നിന്നു. പിന്നെ അരികിലുള്ള മതിലിന്നരികിലേക്ക് മാറി നിന്നു. അതു കണ്ടപ്പോള്‍ യ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നി. അല്ലെങ്കിലും ഇതു മലയാളികളുടെ ഒരു വര്‍ഗ്ഗസ്വഭാവമാണെന്ന് ഓര്‍ത്തു. ഒരുത്തന്‍ കര്‍മ്മപരിപാടിയില്‍ മുഴുകുന്നത് കണ്ടാല്‍ മതി, കാണുന്നവനും ഉടനെ വരും ശങ്ക! എഴുന്നേറ്റ് നിന്ന് ഒരു മറയ്ക്കായ് നോക്കി. അടുത്തൊന്നും കാണാഞ്ഞതിനാല്‍ കടലിലേക്കൊഴുക്കാം എന്നു കരുതി.

പുറത്തേക്കുള്ള ജലപ്രവാഹത്തില്‍ മനസ്സും ശാന്തമാകുന്നത് പോലെ യ്ക്ക് തോന്നി.

രാവിലെ ഒന്നു കൂടി ഏജന്റിനെ കാണാന്‍പോകാം. കാലില്‍ വീണാലും വേണ്ടില്ല, ഒരു വിസ കൂടി എങ്ങനെയെങ്കിലും തരപ്പെടുത്താന്‍ ‍കരഞ്ഞ് പറയണം. അയാള്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല. ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരുമായിരിക്കും.

മുന്നിലുള്ള കടലും കടലിക്കരെയുള്ള കാണാദേശവും നോക്കി അവന്‍നിന്നു.

പൂര്‍വ്വജന്മങ്ങളില്‍നിന്നെന്ന പോലെ ഒരു പ്രഹരം!!! ശരീരത്തില്‍ ഒളിച്ചിരുന്ന എല്ലാ വേദനകളും ഒരുമിച്ച് തലയ്ക്കു പിന്നില്‍ ഒത്തുകൂടിയിരിക്കുന്നു... പ്രജ്ഞയില്‍ തുളച്ചിറങ്ങുന്ന വേദന...
കൂട് വിട്ടു ആഹാരം തേടി പറവകള്‍ ആകാശങ്ങളിലൂടെ പറന്നു പോകുന്നത് കണ്ട് കൊണ്ടവന്‍ കടലിലേക്ക് വീണു... ഒരുപാട് പ്രവാസികളുടെ വ്യഥകളും വൃഥാമോഹങ്ങളും തന്നില്‍ ലയിപ്പിച്ച കടല്‍
, അവന്റെ മുറിവിലും ഉപ്പ് പകരാന്‍ തിരകളോട് പറഞ്ഞു. കടലിക്കരെയുള്ള കാണാദേശത്തേക്ക് അവനും രക്തം പുരണ്ടൊരു സോഡാക്കുപ്പിയും യാത്ര തുടങ്ങി..
തിരകള്‍ അവരെ പിന്തുടര്‍ന്നു.


നരന്‍പറഞ്ഞു നിര്‍ത്തി.

തണുത്ത് മരവിച്ച പിസയ്ക്ക് മുന്നില്‍, നുരകളടങ്ങിയ പെപ്സികുപ്പിയും കയ്യില്‍പിടിച്ചിരിക്കുകയായിരുന്ന സായ എഴുന്നേറ്റ് വന്ന് നരന്റെ അടുത്തിരുന്നു. അവന്റെ കയ്യോട് തന്റെ കൈ ചേര്‍ത്ത് വച്ചു.

ആ അസുഖകരമായ മൌനത്തില്‍, അന്തരീക്ഷത്തിലെ ഇളംതണുപ്പില്‍, ദേശങ്ങളുടെ അകലങ്ങള്‍ക്കിടയിലടിക്കുന്ന കടല്‍തിരമാലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത് അവര്‍ ഇരുന്നു. മുന്നിലെ ടി.വി.യില്‍നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വര്‍ണ്ണകാഴ്ചകളില്‍ കണ്ണുകളുടക്കിയപ്പോള്‍, തങ്ങളുടെ മനസ്സുകളിലെ ചൂട് കണ്ണീരായ് പൊഴിഞ്ഞത് അവര്‍ അറിഞ്ഞില്ല.

----------------- ശുഭം -----------------
Earlier posted at http://chinthukal.blogspot.com/2007/02/blog-post_19.html

Monday, March 12, 2007

കാക്കത്തൊള്ളായിരം കുന്നിക്കുരു

Click here to download the PDF version of this post

Earlier posted at
http://chinthukal.blogspot.com/2007/01/1.html

വലിയ ഒരു കൂടിനെ അനുസ്മരിപ്പിക്കുന്ന ജാലകപ്പടിയില്‍ ഇരുന്ന്, കഴിഞ്ഞ കുറെ സമയമായി സായ ആലോചിച്ചതു മുഴുവന്‍, ഉച്ചമയക്കത്തിന്നിടയില്‍ കണ്ട ഒരു സ്വപ്നത്തേയും സ്വപ്നത്തില്‍ കണ്ട മുഖങ്ങളെയും കുറിച്ചായിരുന്നു. സാധാരണ ഉച്ചക്ക് കിടന്നുറങ്ങുന്ന സ്വഭാവം ഇല്ലാത്തതാണ്. ഇന്നെന്തോ, അറിയാതെ ഉറങ്ങിപ്പോയി. ചായയുമായ് അമ്മ വന്ന് വിളിച്ചുണര്‍ത്തിയ മുതല്‍ അത് മനസ്സില്‍ കിടന്ന് കളിക്കുന്നു. മാളുവിനെ പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയപ്പോള്‍ അത് മറന്നതായിരുന്നു. ഇപ്പോള്‍, അര്‍ദ്ധരാത്രി കഴിഞ്ഞ ഈ സമയത്ത്, പുറത്തെ മഴയില്‍ നോക്കി ഇങ്ങനെയിരുന്നപ്പോള്‍ വീണ്ടുമോര്‍മ്മ വന്നു.

കോര്‍ത്തഴിഞ്ഞ മുത്തുമണികള്‍ പോലെ പൊഴിയുന്ന മഴത്തുള്ളികള്‍ നോക്കി കൊണ്ട് സായ ആ സ്വപ്നശകലങ്ങള്‍ കോര്‍ത്തെടുത്തു-നരനെ കേള്‍പ്പിക്കാന്‍.

മഴ തോരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഇന്നും നരന്‍ പാതിരാ കഴിഞ്ഞേ വരലുണ്ടാകൂ. കഴിഞ്ഞ രണ്ട് മാസമായി ഇതു തന്നെയാണ് സ്ഥിതി. ഈയിടെയായ് അപൂര്‍ണ്ണമായ മയക്കങ്ങള്‍ക്കിടയിലെ നേര്‍ത്ത ഒരു ചുംബനത്തിന്റെ സാന്നിദ്ധ്യമായ് മാറിയിരിക്കുന്നു നരന്‍ എന്ന് സായയ്ക്ക് തോന്നി. തോന്നിയ ഉടനെ തന്നെ ആ ചിന്ത അവള്‍ പിന്‍‌വലിക്കുകയും ഒരിക്കലും നരനെ പറ്റി അങ്ങനെ ചിന്തിക്കാന്‍ പാടില്ല എന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മഴ തോര്‍ന്നിരുന്നു.
അകലെ നിന്ന് നരന്റെ ബൈക്കിന്റെ ശബ്ദം കേട്ടു.

അടുക്കള അടച്ചു പൂട്ടി സായ വന്നപ്പോള്‍, മുറിയില്‍ നരനില്ലായിരുന്നു. ഓ, കക്ഷി ചാരുപടിയില്‍ മലര്‍ന്നു കിടക്കുന്നുണ്ടാകും. ഉമ്മറത്ത് ചെന്നു നോക്കിയപ്പോള്‍ ശരിയാണ്. സായയെ കണ്ടതും നരന്‍ പറഞ്ഞു.
“തല ചായ്ക്കാന്‍ ഒരു മടി വേണമെന്ന് ഇപ്പോള്‍ ആലോചിച്ചതേയുള്ളൂ.“
അവള്‍ അവന്റെ അടുത്ത് ചെന്നിരുന്നു. നരന്‍ മെല്ലെ തല അവളുടെ മടിയിലേക്കെടുത്തു വച്ച്, അവളുടെ വിരലുകള്‍ തന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതും കാത്തിരുന്നു. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം പതിവിലും കൂടിയപ്പോള്‍ നരന്‍ ചോദിച്ചു.
“ഭവതി ഇന്നു വലിയ ആലോചനയിലാണെന്ന് തോന്നുന്നല്ലോ? എന്താണ് ഇന്നത്തെ ചിന്താവിഷയം?”
അവന്റെ ഭാഗത്ത് നിന്നും ആ ഒരു തുടക്കമേ അവള്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. നരന്റെ തലമുടിയിഴകളിലൂടെ സായയുടെ വിരലുകള്‍ മെല്ലെ നീങ്ങി തുടങ്ങി.

- യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ആദ്യനാള്‍ വൈകീട്ട് വീണയാണ് അവള്‍ക്ക് അയാളെ കാണിച്ചു കൊടുത്തത്.
“നില്‍ക്ക് നില്‍‌ക്ക്... ഏതാണീ അവള്‍?”
“അവളുടെ പേരെനിക്കറിയില്ല.“
“പേരില്ലാതെയെങ്ങിനെയാ കഥ പറയുക?”
“ഒരു പേരു വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നമുക്കവളെ കുന്നിക്കുരു എന്ന് വിളിക്കാം.”
“കുന്നിക്കുരുവോ?”
“അതെ, കുന്നിക്കുരു! എന്താ വല്ല പ്രശ്നവുമുണ്ടോ?”
“ഇല്ല. കുന്നിക്കുരു, നല്ല പേര്! പക്ഷെ ഇങ്ങനെ ഒരു പേരിട്ടതിന്റെ ഔചിത്യം മനസ്സിലായില്ല.”
“ഔചിത്യമെന്തെന്നു വഴിയെ മനസ്സിലാവും. എന്തായാലും കേള്‍ക്കാ‍ന്‍ സുഖമുള്ള ഒരു പേരല്ലേ അത്. ഇത്തിരി ഒരു കാല്പനികഭാവമുള്ള, ഗൃഹാതുരത്വമുണര്‍ത്തുന്ന, മനസ്സില്‍ കുളുര്‍മ്മ പകരുന്ന ഒരു പേര്!”
“അതു ശരിയാണ്.. എന്തായാലും കുന്നിക്കുരുവിന്റെ ചന്തമുള്ള പെണ്‍കുട്ടിയെ ഞാന് മനസ്സില്‍ കണ്ടു കഴിഞ്ഞു... ഇനി നീ കഥയിലേക്ക് വാ...”
“അപ്പോളെന്താ പറഞ്ഞത്.. ആ...”
സായ കഥ തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ആദ്യനാള്‍, വീണയാണ് അയാളെ അവള്‍ക്ക് കാണിച്ചു കൊടുത്തത്. ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയായിരുന്ന അവള്‍ അപ്പോള്‍ കവിതാരചനാമത്സരം കഴിഞ്ഞിറങ്ങിയതേയുണ്ടായിരുന്നുള്ളു. കണ്ട മാത്രയില്‍ അവളെ ആകര്‍ഷിച്ചത് അയാളുടെ നടത്തമായിരുന്നു - വളരെ വേഗത്തില്‍, തലയുയര്‍ത്തി ആരെയും കൂസാതെയുള്ള നടത്തം!പിന്നെ അയാളെ കാണുമ്പോ‍ഴൊക്കെ വീണയുള്‍പ്പടെയുള്ള കൂട്ടുകാരൊക്കെ അയാളെ “എക്സ്പ്രസ്സ്” എന്ന് വിളിച്ച് കളിയാക്കി കൊണ്ടിരുന്നു. അവളാകട്ടെ, ആരുമറിയാതെ അയാളെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.

പിറ്റേ ദിവസം കഥാരചനാമത്സരം കഴിഞ്ഞിറങ്ങുമ്പോള്‍ വീണ തന്നെയാണ് പറഞ്ഞത് അവരുടെ കോളേജിന്റെ നാടകം സംവിധാനം ചെയ്യാനാണ് അയാള്‍ വന്നിരിക്കുന്നതെന്ന്. കലോത്സവത്തിന്റെ അവസാ‍നദിവസം നടക്കുന്ന ഇനമാണ് നാടകമെന്നറിഞ്ഞപ്പോള്‍, പങ്കെടുക്കുന്ന മത്സരങ്ങളൊക്കെ കഴിഞ്ഞെങ്കിലും അവള്‍ കൂട്ടുകാരുടെയൊപ്പം അവിടെ തങ്ങി. രാത്രിയില്‍ നടക്കുന്ന മാപ്പിളപ്പാട്ട് കാണാനെന്ന വ്യാജേന ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി അവള്‍ നാടകറിഹേഴ്സല്‍ നടക്കുന്ന ഹാളില്‍ പോയി കൂട്ടുകാരോടൊപ്പം നേരം വെളുപ്പിച്ചു. അതിന്റെ പ്രതിഫലമായ് കൂട്ടുകാര്‍ക്കെല്ലാം ‘സാഗറില്‍’ നിന്ന് വയറു നിറച്ചു ബിരിയാണിയും ഓഫര്‍ ചെയ്തു. അവളുടെ ഈ ക്രിയകളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നാടകമത്സരം കഴിഞ്ഞു. കൂട്ടുകാരെല്ലാം സമാപനചടങ്ങുകള്‍ കാണാനായ് മുഖ്യവേദിയിലേക്ക് പോയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായ് അവള്‍ പുറത്തേക്കിറങ്ങി. രാത്രിയാവുമ്പോഴേക്കുമെത്തുമെന്നു അച്ഛനോട് പറഞ്ഞ ശേഷം ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ അവളേയും കാത്ത് അയാള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. അവള്‍ ഉള്ളാലെ ഒന്നു ചിരിച്ചു.

രണ്ട് ഫ്രൂട്ട്സലാഡ് ഓര്‍ഡര്‍ ചെയ്ത്, ഫാമിലി റൂമിലെ ഏ.സി. കുളിരില്‍ അവരിരിക്കെ, അയാള്‍ ചോദിച്ചു.
“എന്താ കുട്ടീടെ പേര്?”
അവള്‍ പേരു പറഞ്ഞു.
“എന്താ പേര്?”.
അവള്‍ ചോദിച്ചു.
അയാള്‍ പേരു പറഞ്ഞു.
ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു.
“എവിടെയാ വീട്?”
അവളുടെ കോളേജിന്റെ അടുത്ത് തന്നെയായിരുന്നു അയാള്‍ പറഞ്ഞ സ്ഥലം.
വീണ്ടും മൌനം.
ബെയറര്‍ രണ്ട് ഫ്രൂട്ട്സലാഡുമായ് വന്നു.
അവര്‍ ഫ്രൂട്ട്സലാഡ് കഴിച്ചു തീര്‍ത്തു.
പിന്നെയും മൌനം.
“ഇനിയെന്തെങ്കിലും വേണൊ?” - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
“എന്നെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?”
ഇല്ലെന്ന് അവള്‍ തലയാട്ടി.
“തന്റെ കോളേജിന്റെ മുന്നിലുള്ള പാന്‍ ഷോപ്പ് കണ്ടിട്ടില്ലേ?”
ഉവ്വെന്നവള്‍ തലയാട്ടി.
“അതെന്റേതാണ്. എന്റെ അനിയന്‍ ------- നിങ്ങളുടെ കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റിയര്‍ ഫിസിക്സ്.”
“ഞാനും ഫസ്റ്റിയര്‍ ഫിസിക്സാണ്.”
“അറിയാം.”
അതവള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ തന്നെ കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!
“ഞാന്‍ കുട്ടിയെ കുറെ കാലമായ് ശ്രദ്ധിക്കുന്നു. പ്രീഡിഗ്രിക്കും ഇതേ കോളേജിലായിരുന്നില്ലെ?”
അതെയെന്നവള്‍ തലയാട്ടി.ചെറിയൊരു മടിയോടെ അയാള്‍ തുടര്‍ന്നു.
“അന്നു മുതലേ കുട്ടിയെ എനിക്ക് ഇഷ്ടമാണ്... സത്യം പറഞ്ഞാല്‍ കുട്ടിയെ കാണാന്‍ വേണ്ടിയാ ഞാനീ നാടകത്തിന്...... ”
അവള്‍ അമ്പരപ്പോടെ അയാളെ നോക്കി. ഇത്ര പെട്ടന്ന് അയാളിങ്ങനെ പറയുമെന്ന് അവള്‍ കരുതിയില്ല.
അവള്‍ മുഖം കുനിച്ചിരുന്നു.അവളുടെ അസ്വസ്ഥത മനസ്സിലാക്കി കൊണ്ടയാള്‍ ചോദിച്ചു.
“കുട്ടിക്കെന്നെ ഇഷ്ടമാണൊ എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല...”
“അല്ല ചോദിച്ചോളൂ...”
അവള്‍ പറഞ്ഞു. അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
“എന്താ ചോദിക്കുന്നില്ലേ?”
“കുട്ടിക്കെന്നെ ...ഇഷ്ടമല്ലേ?”
“അല്ല!!!”
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
“ഫ്രൂട്ട്സലാഡിനു നന്ദി!!!”അവള്‍ പുറത്തേക്കിറങ്ങി.

നരന്‍ അമ്പരന്നിരുന്നു. അവനൊന്നും മനസ്സിലായില്ല.
“ഇന്നിത്രയും മതി. എനിക്കുറക്കം വരുന്നു.”സായ പറഞ്ഞു.
“അല്ല, അപ്പോള്‍ കഥ?”
നരന്റെ ആകാംക്ഷ ആസ്വദിച്ചു കൊണ്ട് സായ പറഞ്ഞു.
“നാളെ പറയാം. എനിക്കുറക്കം വരുന്നു നരാ...!”
ഇനി ഇവളെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല-നരനോര്‍ത്തു.
അന്ന് രാത്രി സായ സുഖമായി ഉറങ്ങി.
‘കുന്നിക്കുരു‘വിന്റെ നിരാസത്തിന്റെ അര്‍ത്ഥമറിയാതെ, കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും നരന്‍ നേരം വെളുപ്പിച്ചു!

പിറ്റേന്ന് നരന്‍ നേരത്തെ ഓഫീസില്‍ നിന്നു വന്നു. പതിവിലും നേരത്തെ അത്താഴം കഴിച്ച് ഉമ്മറത്ത് വന്നിരുന്നു.
സായ മോളെ ഉറക്കിക്കിടത്തി, അടുക്കളപ്പണിയെല്ലാം സാവധാനം തീര്‍ത്ത് ഉമ്മറത്തെത്തി, തൂണും ചാരിയിരിക്കുന്ന നരന്റെ മടിയില്‍ കിടന്ന് പറഞ്ഞു തുടങ്ങി.

പിന്നീടവര്‍ ദിവസവും കാണുമായിരുന്നു.
കോളേജില്‍ നിന്നിറങ്ങുമ്പോഴൊക്കെ അവളുടെ നോട്ടം അവന്റെ പാന്‍ ഷോപ്പിലേക്ക് അറിയാതെ നീളും. അവിടെ സിഗററ്റും പുകച്ചിരിക്കുന്ന കോളേജ്‌കുമാരന്മാര്‍ ആ നോട്ടം തന്താങ്ങള്‍ക്കാണെന്നു പറഞ്ഞു കലഹിക്കും. ഈ സംഭവങ്ങളുടെയൊന്നും അര്‍ത്ഥമറിയാതെ അവന്‍ മിഴിച്ചിരിക്കും. ആ കൊല്ലം മുഴുവന്‍ ഈ സംഭവപരമ്പര തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവം വന്നു. അവള്‍ കഥാരചനയിലും കവിതാരചനയിലും പങ്കെടുത്തു. അയാള്‍ അവരുടെ കോളേജിന്റെ നാടകം സംവിധാനം ചെയ്തു. അവള്‍ അവസാനദിവസം വരെ കാത്തിരുന്നു. സമാപനചടങ്ങുകള്‍ക്ക് പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിക്കാനായ് അവള് പുറത്തുപോയി‍. ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍!

അവര്‍ അതേ ഐസ്ക്രീം പാര്‍ലറിലെ അതേ മുറിയില്‍ രണ്ട് ഫ്രൂട്ട്സലാഡും കഴിച്ചിരുന്നു.
"ഇനിയെന്തെങ്കിലും വേണൊ?" - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.മൌനം.
"ഇഷ്ടമാണൊ എന്നു ചോദിക്കുന്നില്ലേ...?"
അവള്‍ ചോദിച്ചു.
അയാള്‍ അമ്പരന്നു.വീണ്ടും മൌനം.
"എന്താ ചോദിക്കുന്നില്ലേ?"
"കുട്ടിക്കെന്നെ... ഇഷ്ടമാണോ?"
"അതെ!!!"
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
അവര്‍ ഒരുമിച്ച് പുറത്തേക്കിറങ്ങി.

നരന് ദേഷ്യം വന്നു.
"എന്നാല്‍ പിന്നെ ഇതാദ്യമേ പറഞ്ഞാ പോരേ?"
"അപ്പോള്‍ അവള്‍ക്ക് പറയാന്‍ തോന്നിയില്ല. അത്ര തന്നെ!"
സായ പ്രതിരോധിച്ചു."
പിന്നെ ഒരു കൊല്ലം കഴിഞ്ഞ് പറയാന്‍ തോന്നിയതോ?"
"അതിനു പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടായേക്കാം. അവള്‍ക്ക് മാത്രമറിയുന്ന ഒന്ന്."

[ഇനി കാരണങ്ങളൊന്നുമില്ലെങ്കിലും ഞാനത് അവളെ കൊണ്ട് ഇന്നലെ പറയിപ്പിക്കുമോ നരാ... പറഞ്ഞിരുന്നെങ്കില്‍ നീ ഇന്നു നേരത്തെ ഓഫീസില്‍ നിന്നു വരുമായിരുന്നോ? പെണ്ണുങ്ങളുടെ മനസ്സില്‍ മാത്രമല്ല, ബുദ്ധിരാക്ഷസന്മാരെന്ന് നടിക്കുന്ന ഐ.ടി.കാരന്റെ ഉള്ളിലും തുടരന്‍ ആസ്വദിക്കുന്ന ഒരു ‘പൈങ്കിളി‘ മനസ്സുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലെ?]

"എന്തു കാരണം?"
"അതെനിക്കറിയില്ല, അതന്വേഷിക്കല്‍ എന്റെ പണിയുമല്ല. ബാക്കി കേള്‍ക്കണമെങ്കില്‍ പറയാം, ഇല്ലെങ്കില്‍ നിര്‍ത്തി പോയി കിടന്നുറങ്ങാം!"
നരന്‍ കീഴടങ്ങി.
സായ തുടര്‍ന്നു.

അവര്‍ പ്രണയിച്ചു.
കടലിന്റെ ആഴങ്ങളോളം ആകാശത്തിന്റെ അനന്തതയോളം അവര്‍ പരസ്പരം മനസ്സു കൊണ്ടു പ്രണയിച്ചു.
എങ്കിലും അവന്‍ ഇടയ്ക്കിടക്ക് അവളോട് ചോദിക്കും.
"എന്നെ ഇഷ്ടമാണോ?"
"അതെ"
അവന് ആ ഉത്തരം ബോദ്ധ്യപ്പെടില്ല. അവന്‍ വീണ്ടും ചോദിക്കും.
"എത്ര ഇഷ്ടമാണ്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറയും. അവന്‍ അവളുടെ കരം കൂടുതല്‍ മുറുക്കത്തോടെ ഗ്രഹിക്കും. ഒരു നാള്‍ അവന്‍ പറഞ്ഞു.
"എനിക്കൊരുമ്മ വേണം!"
അവന് അതൊരാഗ്രഹമായിരുന്നില്ല, ആവശ്യമായിരുന്നു.അവള്‍ക്കത് മനസ്സിലായി.
"തന്നാല്‍ എനിക്കെന്തു പകരം തരും?"
"എന്തു വേണം?"
അവള്‍ ആലോചിച്ചു
കുന്നിക്കുരു."
"എന്ത്?"
"ഒരുമ്മക്ക് ഒരു കുന്നിക്കുരു!!!"
അവനാകെ തകര്‍ന്നു.
വിഷമത്തോടെ ചോദിച്ചു.
"കുന്നിക്കുരുവിന് ഞാനെവിടെ പോകും?"
"അതെനിക്കറിയില്ല. പക്ഷെ അത് വേണമെങ്കില്‍ ഇതും വേണം."
അവള്‍ ശഠിച്ചു.

നാല് നാളുകള്‍ക്കു ശേഷം, അവന്റെ അനിയന്‍ അവള്‍ക്ക് തിരിച്ചു നല്‍കിയ നോട്ട്പുസ്തകത്തിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു-
ഇന്നു രാത്രി ഞാന്‍ നിന്റെ വീട്ടില്‍ വരും, ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ്! കാത്തിരിക്കുക!!

രാത്രിയായി. അവള്‍ പടിപ്പുരയില്‍ കാത്തിരുന്നു.അവന്‍ വന്നു. കറുപ്പ് നിറമുള്ള ഒരു മണിച്ചെപ്പവള്‍ക്കു കൊടുത്തു.അവളത് തുറന്നു. കുന്നിക്കുരുക്കളുടെ ചുവപ്പുനിറം അവളുടെ കവിളുകളില്‍ പ്രതിഫലിച്ചു.
"ഇതെത്രയുണ്ട്?"
അവള്‍ ചോദിച്ചു.
"കാക്കത്തൊള്ളായിരം!!!"
"അയ്യേ കള്ളം. ഇതത്രയൊന്നുമില്ല?"
"ആരു പറഞ്ഞു? സംശയമുണ്ടെങ്കില്‍ എണ്ണി നോക്കൂ."
അവള്‍ കുന്നിക്കുരുക്കള്‍ എണ്ണിത്തുടങ്ങി.
പക്ഷെ, അവളത് എണ്ണിത്തീര്‍ക്കുന്നതിന് മുന്‍പേ അവര്‍ പടിപ്പുരയിലിരിക്കുന്നത് ആരോ കണ്ടു.വീട്ടുകാര്‍ ഉണര്‍ന്നു. അവരുടെ ബന്ധം നാട്ടിലാകെ പാട്ടായി.അവളുടെ വീട്ടുകാര്‍ ശക്തിയായ് എതിര്‍ത്തു. വഴക്കായി, കയ്യാങ്കളിയായി.അവസാനം വേര്‍പിരിയാന്‍ അവര്‍ തീരുമാനിച്ചു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്നെ കെട്ടിപ്പിടിക്കൂ."
നരന്‍ അവളെ തന്നോടു ചേര്‍ത്തു കിടത്തി. സായ കഥ തുടര്‍ന്നു.

വീട്ടുകാര്‍ അവളെ ഒരു വിദേശവാ‍സിയായ വരനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.
കരളില്‍ കാക്കത്തൊള്ളായിരം കുന്നിക്കുരുക്കളും കൊണ്ടവള്‍ അന്യദേശത്തേക്ക് പറന്നു.
ദിവസവും ആകാശത്തുദിക്കുന്ന കുന്നിക്കുരുവും നോക്കി അവനിരുന്നു. അവന്റെ കരളിന്റെ ഖജനാവില്‍ ആ കുന്നിക്കുരുക്കള്‍ അവന്‍ സൂക്ഷിച്ചു വച്ചു.

കാലം കടന്നു പോയി. അവര്‍ക്ക് വയസ്സായി, അവരുടെ പ്രണയം കൂടുതല്‍ ചെറുപ്പവും.
അവള്‍ അമ്മയായി, അമ്മൂമ്മയായി. അവന്‍ ഭൂമിയില്‍ കൂ‍ടുതല്‍ അനാഥനായി.

വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നു-ഭര്‍ത്താവിന്റെ ശേഷക്രിയ ചെയ്യാന്‍!
അവനത് അറിഞ്ഞുവെങ്കിലും അവളെ കാണാന്‍ ശ്രമിച്ചില്ല.
ദിവസങ്ങള്‍ക്ക് ശേഷം അവനൊരു കത്ത് കിട്ടി-ആദ്യമായ് അവള്‍ അവനായ് എഴുതുന്ന കത്ത്!
- ഇന്നു രാത്രി ഞാന്‍ ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ് കാത്തിരിക്കും!!

അവന്‍ അവിടെയെത്തിയപ്പോള്‍ അവള്‍ പടിപ്പുരയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു-കയ്യിലൊരു മണിച്ചെപ്പുമായ്!
അവര്‍ പരസ്പരം നോക്കി. വര്‍ഷങ്ങളുടെ ഇപ്പുറത്തണ് തങ്ങളെന്ന് അവര്‍ക്കു തോന്നിയില്ല.അവന്‍ ചോദിച്ചു.
"ഇതിനിയും എണ്ണി തീര്‍ന്നില്ലേ?"
"ഞാനെണ്ണി തിട്ടപ്പെടുത്തിയതാണ്."
"എത്രയുണ്ട്?""കാക്കത്തൊള്ളായിരം!!!"
അവള്‍ പറഞ്ഞു
മൌനം.
"ഉമ്മ വേണ്ടേ?"
അവള്‍ ചോദിച്ചു. അവന്റെ മുഖം പ്രകാശിച്ചു.
"അതിനായ് ഞാന്‍ എന്റെ മനസ്സു നിറയെ കുന്നിക്കുരു സൂക്ഷിച്ചു വെച്ചിട്ടുണ്ട്."
"മണിച്ചെപ്പിലുള്ളത് കൂടാതെ ഇനിയുമുണ്ടോ?"
"ഉണ്ട്.""എത്ര?""കാക്കത്തൊള്ളായിരം!!!"
"ഈശ്വരാ... അപ്പോള്‍ മൊത്തം എത്രയായി?"
"കാക്കത്തൊള്ളായിരവും കാക്കത്തൊള്ളായിരവും കൂട്ടിയാല്‍...?"
"കൂട്ടിയാല്‍...?"
"കാക്കത്തൊള്ളായിരം!!!!!"
അവര്‍ ചിരിച്ചു.
അവന്‍ അവളുടെ കരം ഗ്രഹിച്ചു. അവളെ തന്നിലേക്കടുപ്പിച്ചു.
അവള്‍ പതുക്കെ അവന്റെയടുത്ത് പറ്റിയിരുന്നു. അവന്റെ ചുളിവുകള്‍ വീണ കവിളില്‍ മെല്ലെ ഒരുമ്മ വെച്ചു.
അവന്‍ എണ്ണി- "ഒന്ന്."
അവള്‍ ഒരുമ്മ കൂടി കൊടുത്തു... അവന്‍ എണ്ണല്‍ തുടര്‍ന്നു.

പ്രണയത്തിന്റെ സമവാക്യങ്ങള്‍ ഇന്നേ വരെ വിശദീകരിച്ചിട്ടില്ലാത്ത ആ കൂട്ടല്‍ പ്രക്രിയ, ഒരു സംഖ്യയില്‍ നിന്ന് അടുത്ത സംഖ്യയിലേക്ക് തുടര്‍ന്നു. ഒന്നിന്റെയും കാക്കത്തൊള്ളായിരത്തിന്റെയുമിടയ്ക്കുള്ള ഏതോ ഒരു സംഖ്യയില്‍ അവന് എണ്ണം പിഴച്ചപ്പോള്‍, അവള്‍ അവന്റെ ശരീരത്തേക്ക് കുഴഞ്ഞു വീണു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്താ എന്നെ കെട്ടിപ്പിടിക്കാത്തേ?"
"ഞാന്‍ കെട്ടിപിടിച്ചിട്ടുണ്ട്."
നരന്‍ അവളെ ഒന്നുകൂടി തന്നോടു ചേര്‍ത്തു കിടത്തി.
"നല്ല കഥ."
"അതിന് കഥ തീര്‍ന്നിട്ടില്ല.
"സായ കഥ തുടര്‍ന്നു.


രാവിലെ എഴുന്നേറ്റു വന്ന അവളുടെ മക്കള്‍ കണ്ടത് ഉമ്മറക്കോലായില്‍ മരിച്ചു കിടക്കുന്ന അമ്മയെയാണ്.
അവര്‍ അവളെ ആ വളപ്പില്‍ തന്നെ ദഹിപ്പിച്ചു.ചടങ്ങില്‍ അയാളും പങ്കെടുത്തു.
അന്നു രാത്രി എല്ലാരും ഉറങ്ങിയപ്പോള്‍, കയ്യിലൊരു മണിചെപ്പുമായ് അയാള്‍ പുറത്തിറങ്ങി. പോകും വഴിയിലെല്ലാം ഓരോ കുന്നിക്കുരു നിലത്തിട്ട് കൊണ്ടയാള്‍ അവളുടെ കുഴിമാടത്തിന്നടുത്തെത്തി.

പിറ്റേന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്, അവളുടെ കുഴിമാടത്തിന്നരികില്‍ മരിച്ചു കിടക്കുന്ന അയാളെയായിരുന്നു.ആ കുഴിമാടത്തില്‍ പൂക്കള്‍ വിരിഞ്ഞ പോലെ എണ്ണിയാല്‍ തീരാത്തത്രയും കുന്നിക്കുരുക്കളുണ്ടായിരുന്നു-
കാക്കത്തൊള്ളായിരം കുന്നിക്കുരു‍!!!

പര്യവസാനം:
നരന്റെ മാറോട് ചേര്‍ന്നു കിടന്നു ഒരുറക്കം കഴിഞ്ഞെഴുന്നേറ്റ സായ ചോദിച്ചു.
"ഉറങ്ങിയില്ലേ ഇതു വരെ?"
"ഉറക്കം വന്നില്ല."
"എന്തേ?"
"ഞാനാലോച്ചിക്കുകയായിരുന്നു... ചില മനുഷ്യരെ മനസ്സിലാക്കാന്‍ എന്തു പ്രയാസമാണ്?..."
ഒരു നിമിഷാര്‍ദ്ധത്തെ മൌനത്തിന് ശേഷം, നരന്റെ അഭിപ്രായത്തോട് സായ കൂട്ടിച്ചേര്‍ത്തു.
"ചില ബന്ധങ്ങളേയും...!!!"
എന്നീട്ട് സായ നരനെ തന്നാല്‍ കഴിയുന്നത്ര മുറുക്കെ കെട്ടിപ്പിടിച്ചു.
-------------------------------------------------------------------------------------------------------------------------------
Earlier posted at http://chinthukal.blogspot.com/2007/01/1.html

Thursday, March 1, 2007

ദ്രുതയക്ഷി


Click here to download the PDF version of this post


ഉണ്ണ്യോളേ, പൊറത്ത് പോയി കളിക്ക്യാ. എത്ര പറഞ്ഞാലും അമ്പലനടയ്ക്കീന്നാണോ വിളയാട്ടം... അമ്പലനടയ്ക്കലും കൊട്ടിലിന്റടുത്തും വേണ്ട നിങ്ങടെ കളികള് എന്ന് ഞാന്‍ പറഞ്ഞീട്ടില്ല്യേ? വിളിക്കണോ ഞാന്‍ ദ്രുതയക്ഷീനെ...?”

നശിച്ച തള്ള! നോക്കിക്കോ, ഇന്ന് കെട്ടണ മാല കൊണ്ടോയി പൊഴേലിടും! ഒറപ്പ്.

ഉണ്ണിക്ക് അസാരായിട്ടങ്ങട് ദേഷ്യം വന്നു. ദ്രുതയക്ഷി പോലും! ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ പേടിപ്പിക്കാന്‍ നോക്കണ്ട. ജന്മിത്വത്തിന്റെ കരുത്തും ഈ തട്ടകം വാഴുന്നതിന്റെ ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ!

കൂടെള്ളോര് കേട്ട പാതി കേള്‍ക്കാത്ത പാതി ഓടി പോകേം ചെയ്തു, ഇല്ലേല്‍ ഒന്നു കാണിച്ചു കൊടുക്കാര്ന്നു. എന്തിനാ വാരസ്സ്യാരെ ഇങ്ങനെ പേടിക്കുന്നത് എന്ന് ഉണ്ണിക്ക് മനസ്സിലായില്ല. വെറുതെ പൂ കോര്‍ത്ത് മാല കെട്ടി കുട്ട്യോളെ ചീത്ത പറഞ്ഞ് ഇരിക്ക്യല്ലാതെ, എണീറ്റ് വന്ന് ആരെയെങ്കിലും തല്ല്യതായ് ഉണ്ണി ഇതു വരെ കേട്ടിട്ടില്ല്യ, പ്രത്യേകിച്ചും ഉണ്ണി കൂടെയുള്ളപ്പോ!

നിക്ക്, ഞാനൂണ്ട്.

ആരോടെന്നുമില്ലാതെ പറഞ്ഞു കൊണ്ട് ഉണ്ണി ഓടി. അമ്പലപ്പറമ്പ് കഴിഞ്ഞ് പുഴക്കരയിലേക്ക് കടന്നപ്പോള്‍, നനഞ്ഞ മണലിലൂടെ ഓടാന്‍ ഉണ്ണി നന്നേ വിഷമിച്ചു. അല്ലേലും മഴ പെയ്താലിങ്ങനെയാണ്, മണലിന് ഒരു രസൂല്ല്യാ. അടുത്ത വെക്കേഷന് നല്ല വെയിലുള്ള കാലത്തു അമ്മാത്തേക്ക് വരണം. അപ്പോ പൊഴ കാണാന്‍ എന്തു ഭംഗ്യാ. ചാലുകളായ് കീറി, വെട്ടിത്തിളങ്ങുന്ന മണലിലൂടെ സൂര്യവെളിച്ചം പ്രതിഫലിക്ക്ണ പൊഴ ഒഴുകുന്നത് കാണാനെന്തൊരു ചന്താ. രാവില്യന്നെ ഒന്നിറങ്ങി കുളിച്ചാലോ, പിന്നെ ഗായത്രി ചൊല്ലാനൊരു പ്രത്യേക സുഖാ...ആലോചിച്ച് തുടങ്ങിയപ്പോള്‍ തന്നെ മനസ്സിനൊരു ഉണര്‍വ്വ്.

മറ്റുള്ളോരെ കാണാനില്ല്യല്ലോ? ഉണ്ണി മെല്ലെ മെല്ലെ തന്റെ മുന്നേ പോയവരുടെ കാല്‍പ്പാടുകള്‍ നോക്കി നടന്നു. ഓ, മാരാര് കൊടുങ്ങല്ലൂര്‍ന്ന് ഇന്നലെ എത്തീട്ട്ണ്ടല്ലോ. അപ്പോളതാണ് അവര് വാരസ്യാര് പറഞ്ഞ ഒടനെ വിമ്മിഷ്ടൊന്നുല്ല്യാണ്ടെ ഓടി പോയത്. മാരാര്‍ടെ വെടിയും കേട്ട് ആല്‍ത്തറേലിരിക്ക്ണ്ണ്ടാവും.

ഉണ്ണിക്ക് ചിരി വന്നു. ഇന്നെന്ത് കള്ളകഥ്യാണാവോ?

കുടജാദ്രി കേറിയപ്പോ പിന്നീന്നൊരു പെണ്ണ് ചുണ്ണാമ്പ് ചോദിച്ചതോ? അതോ ദീപാരാധന കഴിഞ്ഞീട്ട് അമ്പലകുളത്തീന്ന് കാലു കഴുകി തിരിഞ്ഞപ്പോ ചുവപ്പുടുത്ത് നിക്കണ ശിവഭൂതത്തെ കണ്ട് പേടിച്ചതോ? അതോ സന്ധ്യക്ക് ഊട്ടുപ്പൊരേടുള്ളില് മുറുക്കിക്കൊണ്ടിരിക്കുമ്പോ കര്‍ണ്ണയക്ഷി വന്ന് ചെവിയില്‍ കുശലം ചോദിച്ചതോ? ചെലപ്പോ കൊട്ടിലിനകത്തുള്ള ദ്രുതയക്ഷിയെ കുറിച്ചാവും ഇന്നത്തെ കഥ. അല്ലെങ്കില്‍ അതു നക്കിയ കുട്ടികളെ കുറിച്ചാവും. അല്ലേലും മാരാര്‍ക്കുണ്ടോ കഥകള്‍ക്ക് പഞ്ഞം? കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷ്യോളേം ഭൂതങ്ങളേം ഭയോം‌ല്ല്യ ഇഷ്ടോം‌ല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

ചൂടു പിടിക്കുന്ന മണലിലൂടെ ഉണ്ണി ആഞ്ഞു നടന്നു.

“...കര്‍ക്കടകല്ലേ, രാമായണമാസത്തിലെ നാലമ്പലത്തൊഴല്‍... തൃപ്രയാറിലെ ശ്രീരാമസ്വാമിയെയും മൂഴിക്കുളത്തെ ലക്ഷ്മണനെയും പായമ്മലിലെ ശത്രുഘ്നനെയും തൊഴുത് കൂടലിലെത്തി. യാഗഭൂമി... ഗംഗയിറങ്ങിയ പുണ്യഭൂമി... ആദ്യായ്ട്ടാ ഞാനന്ന് കൂടലില്‍ക്ക് പോണത്. അമ്മാളത്തറേലെ ചാര്‍ച്ചക്കാരൂണ്ട് കൂട്ടിന്. കൂട്ടത്തിലോരുണ്ണീടെ അമ്മാത്താ താമസം. രാവിലെറങ്ങും അമ്പലത്തില്‍ക്ക്. പലതരം കളികളും മീനൂട്ടലും ഉച്ചപൂജ കഴിച്ച നേദ്യച്ചോറും ദീപാരാധന തൊഴലും രാത്രീലെ ഊട്ടും ഒക്കെ കഴിഞ്ഞ് ചാക്യാര്‍കൂത്തും കണ്ടേ മടങ്ങൂ. പത്താം ദിവസം, കൂത്തമ്പലത്തില് കൂട്ടരൊത്തു വെടി പറഞ്ഞിരിക്കുമ്പോ ഒരുള്‍വിളി വന്നു. ഒന്നു കുളത്തില് മുങ്ങണം. ആരാ അപ്പോ ആ നേരത്ത് അത് തോന്നിച്ചതെന്ന് നിയ്ക്കറീല്ല്യ. കൊളക്കരേല് ചെന്നു. ചെറിയൊരു ഭയല്ല്യാതില്ല്യ. സന്ധ്യാസമയം. രാമസോദരന് ഭൂതഗണങ്ങളില്ല്യങ്കിലും ദേവഗണങ്ങളുണ്ടാവാലോ? ഒന്നു മുങ്ങി നിവര്‍ന്നു. വെള്ളത്തിനാണെങ്കില്‍ ആതിരേലെ കുളിര്. രണ്ടും കല്‍പ്പിച്ച് ഒന്നു കൂടി മുങ്ങി. വെള്ളത്തിന്റടീന്ന് കണ്ണ് തുറന്ന് നോക്ക്യപ്പോ, ദാ കാണ്‌ണൂ...രണ്ട് മാണിക്യങ്ങള്...ഒന്ന് പ്രതിഷ്ഠാചമയത്തിലേത്, മറ്റേത് മാറ്റ് നോക്കാന്‍ കൊണ്ടന്നത്. അതങ്ങ് കൂടുന്നത് ന്റെ മുന്‍പില് തെളിഞ്ഞു. കണ്ണ് മഞ്ഞളിക്കുന്ന പ്രകാശം! ന്റെ കൂടല്‍മാണിക്യസ്വാമീന്ന് ഒറക്കെ നെലോളിച്ച് വെള്ളത്തീന്നു പൊങ്ങി കരേല്‌ക്ക് വീണതേ ഓര്‍മ്മേല്‌ള്ളൂ...പിന്നെ കണ്ണ് തൊറന്നപ്പോ നേരം പരപരാന്ന് വെളുത്തിരിക്ക്‍ണൂ...

മാരാരൊന്ന് നിര്‍ത്തി, എല്ലാരേം നോക്കി. വല്ല്യോരും കുട്ട്യോളും എല്ലാം അന്തിച്ച് നില്‍ക്കുകയാണ്.

ആ കാഴ്ചയുടെ രസത്തില്‍ മാരാര്‍ അടുത്ത കഥയിലേക്ക് കടന്നു.

ദേ മാതിര്യാ വിളക്കാട്ടെ ദേവൂട്ടീന്റെ വേളീന്റെ തലേന്ന് ദ്രുതയക്ഷീനെ കണ്ടപ്പോണ്ടായെ...അന്നു ഞാന്‍...

, മാരാര്‍ തുടരാനാ ഭാവം. ഈ മാരാരുടെ ഓരോ വെടിപറച്ചിലുകള്‍? രണ്ടു മാണിക്യങ്ങള്‍ കൂടി ഒരു വലിയ മാണിക്ക്യം‌ത്രേ, നല്ല കഥ! വലിയ മാണിക്യം രണ്ടായി തീര്‍ന്ന കഥ കേട്ടിട്ടുണ്ട്. തിരിച്ച് ചെയ്യാനുള്ള മന്ത്രം ആര്‍ക്കാ വശം‌ള്ളതാവോ?

ഉണ്ണി മെല്ലെ വാസൂനെ തോണ്ടി താന്‍ കൊട്ടിലിന്നടുത്തുണ്ടാവുംന്ന് പറഞ്ഞു. ഈ കള്ളകഥകളും കേട്ടിരിക്കണേങ്കാട്ടിലും ഭേദം അവടെ പോയി കാറ്റും കൊണ്ട് കിടക്ക്ണതാ.

സൂര്യന്‍ ഉച്ചിയിലെത്തിയ നേരത്ത് ഉണ്ണി കൊട്ടിലിന്നടുത്തെത്തി.

ആല്‍ത്തറയിലിരിക്കാനൊരുങ്ങുമ്പോള്‍ ഒന്നു ചിന്തിച്ചു. എന്തു കൊണ്ടു കൊട്ടിലിന്നകത്തിരുന്നു കൂടാ? ആഡ്യത്ത്വോം കരുത്തും ഉള്ള കളിയമ്പാട്ടെ ഉണ്ണിയെ ദ്രുതയക്ഷീടെ വാസസ്ഥലമായ കൊട്ടിലില്‍ കയറുന്നതില്‍ നിന്നു വിലക്കാ‍ന്‍ ആര്‍ക്കാ ധൈര്യം? എന്താ സംഭവിക്ക്യാ എന്ന് നോക്കാലോ. യക്ഷിയെന്നെ വിഴുങ്ങുമോ? അല്ലെങ്കിലും ഏതു യക്ഷി? ദ്രുതയക്ഷി പോലും ദ്രുതയക്ഷി..! നാട്ടാരെ പറ്റിക്കാന്‍ വെറുതെ ഓരോ കഥകള്‍!! ഉണ്ണിക്കിതിലൊന്നും വിശ്വാസല്ല്യ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി. ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ!!!

രണ്ടും കല്പിച്ചു ഉണ്ണി കൊട്ടിലിന്നകത്തേക്ക് നടന്നു. ഓ, ഉമ്മറവാതില്‍ക്കല്‍ തന്നെ കിടപ്പുണ്ട് പല്ലും നഖവും കൊഴിഞ്ഞ പാണ്ടന്‍ നായ. എത്ര കാലമായി ഇതിവിടെ കിടക്കുന്നു. മുത്തച്ഛന്റെ കാലത്തൂണ്ടത്രെ ഇതിവിടെ. വരാവുന്ന ചീത്തത്തങ്ങളെല്ലാം തന്നിലേക്കെടുത്ത് തട്ടകത്തിനെ കാക്കുകയാണ് ഈ ജീവിയെന്നാണ് മാലോകരുടെ വിശ്വാസം! നശൂലം!! ഇതിനു മരണവുമില്ലേ? ഇതിവിടെ കിടക്കുന്നിടത്തോളം കാലം തനിക്ക് കൊട്ടിലില്‍ കടക്കാനാവില്ല. ഉണ്ണി മെല്ലെ കൊട്ടിലിന്റെ കിഴക്കുഭാഗത്തെ വാതിലിന്നടുത്തേക്ക് നടന്നു. ഭാഗ്യം, ഇവിടത്തെ വാതിലിന് വിചാരിച്ചത്ര ഉറപ്പില്ലെന്ന് തോന്നുന്നു. ഉണ്ണി വാതില്‍ ഉറക്കെ തള്ളി. ചെറിയ പരിശ്രമത്തിന് ശേഷം തുറന്ന വാ‍തിലിലൂടെ കൊട്ടിലില്‍ കേറി, മോളിലെ കഴുക്കോലും നോക്കി കൊണ്ട്, ഉണ്ണി തറയില്‍ നീണ്ടുനിവര്‍ന്നു കിടന്നു. കൂട്ടര് വരുമ്പോ വരട്ടെ!

വേണ്ട കളിയമ്പാട്ടുണ്ണീ... കളി ദ്രുതയക്ഷീനോട് വേണ്ട.

കൊട്ടിലിന് പുറത്ത് നിന്ന്, അഴികള്‍ക്കിടയിലൂടെ കൂട്ടര്‍ വിളിച്ചു പറഞ്ഞു.

ശരിയാ ഉണ്ണി. മാരാര് പറഞ്ഞീട്ട്‌ണ്ടല്ലോ ദ്രുതയക്ഷി നക്ക്യാ പൊടി പോലൂണ്ടാവില്ല്യാന്ന്

ങ്ങളും ങ്ങടെ മാരാരും. കളിയമ്പാട്ടുണ്ണിക്ക് ദ്രുതയയക്ഷീനേം പേടില്ല്യാ, കര്‍ണ്ണയക്ഷീനേം പേടില്ല്യാ, ശിവഭൂതത്തിനേം പേടില്ല്യാ. കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!

വേണ്ട ഉണ്ണീ, ഈ കളി നമുക്ക് വേണ്ടാ

അതുണ്ണി നോക്കിക്കോളാം. ഉശിരില്ലാത്ത കൂട്ടര്!!!

ഉണ്ണിയുടെ മറുപടി കൂട്ടരെ ചൊടിപ്പിച്ചു.

അത്ര ഉശിരാണേല് ദ്രുതയക്ഷീ ദ്രുതം വാന്നൊന്ന് ചൊല്ലാമോ?”

, അതിനെന്താ?”

വേണ്ടാട്ടോ ഉണ്ണീ... യക്ഷി വരും, പിന്നെ രക്ഷണ്ടാവില്ല്യാ.

ശര്യാ, യക്ഷി ആരേലും വിളിക്കാന്‍ കാത്തിരിക്ക്യാ. ആരും സമ്മതം കൊടുക്കാതെ യക്ഷി വരില്ല്യാ, സമ്മതം കൊടുത്ത് വന്നാ പിന്നെ വിടില്ല, നക്ക്യേ അടങ്ങൂ” - കൂട്ടത്തില്‍ ഉണ്ണിയോട് കൂടുതല്‍ അടുപ്പമുള്ള ഒരുവന്‍ പറഞ്ഞു.

നക്ക്വാച്ചാ നക്കട്ടെ. കളിയമ്പാട്ടെ ഉണ്ണിക്ക് യക്ഷീനെ ഭയം‌ല്ല്യാ

ന്നാ ഒന്ന് വിളി

ഉണ്ണി വെല്ലുവിളി ഏറ്റെടുത്തു.

അതിനെന്താ?“.

ഒന്ന് ശ്വാസം ഉള്ളിലേക്കെടുത്ത്, കണ്ണുകളടച്ച്, ഉണ്ണി ചൊല്ലി.

ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ, ദ്രുതയക്ഷി ദ്രുതം വാ.

ശ്വാസം പുറത്തേക്കെടുത്ത്, കണ്ണുകള്‍ തുറന്ന്, കൂട്ടരെ നോക്കി കൊണ്ട് ഉണ്ണി ചോദിച്ചു.

മൂന്നായി. എന്താ മതിയോ?”

കൂട്ടര്‍ ഇത്ര പെട്ടന്ന് അതു പ്രതീക്ഷിച്ചിരുന്നില്ല. കൊട്ടിലിന്നകത്ത് കയറിയ ഉണ്ണിയെ നോക്കി എല്ലാരും ഭയപ്പാടോടെ നില്‍ക്കുകയാണ്.

ഏതു നിമിഷവും കാറ്റുണരാം. ആലിലകള്‍ വിറയ്‌ക്കാം. പാദപതനം കേള്‍ക്കാം. ദ്രുതയക്ഷി വരാം! വന്നാല്‍...? വന്നാല്‍ നക്ക്യേ അടങ്ങൂ.

ഉണ്ണിക്കൊരു കൂസലൂല്ല്യ. വന്നാലെന്താ, ഒന്നുമില്ലെങ്കില്‍ ഒരു യക്ഷിയല്ലെ, ഒന്നു കാണാലോ, അത്രന്നെ!

ആരും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ്. ഇലയനങ്ങുന്ന ശബ്ദം പോലും കേള്‍ക്കുന്നില്ല. കൊട്ടിലിനകത്തും പുറത്തും നിശബ്ദത ആരെയോ കാത്തിരുന്നു.

ഉണ്ണീ...എന്റുണ്ണീ...

എവിടെ നിന്നോ ഒരു വിളി. ഉണ്ണി ഞെട്ടി. കൂട്ടരൊക്കെ അയ്യോന്ന് നിലവിളിച്ചു കൊണ്ടോടി. പക്ഷെ ഉണ്ണി നിലവിളിച്ചില്ല, ഓടിയതുമില്ല.

ആരേം കാണാനില്ലല്ലൊ. വെളിച്ചമധികം കടക്കാത്ത കൊട്ടിലില് എന്തൊരു പ്രകാശം!

ഉണ്ണിയുറക്കെ വിളിച്ചു - കൂട്ടരേ...

എന്താ ഉണ്ണീ...?”

അപ്പോ കേട്ടത് ശരിയാണ്... ദ്രുതയക്ഷ്യന്ന്യാവും...ഉണ്ണി ഒന്നു പരിഭ്രമിച്ചു.

ആരാദ് ...?”

ഞാനാ ഉണ്ണീ.

ആര്നേം കാണ്‌ണ്‌ല്ല്യല്ലോ?”

ഉണ്ണിക്കെന്നെ കാണണോ?”

ഉണ്ണി തരിച്ചു നിന്നു പോയ്. ദേഹമാകെ മരവിച്ച പോലെ.

കാണെ കാണെ പ്രകാശം മങ്ങി. ചുറ്റിലും ചൂടകന്ന് തണുപ്പ് പടര്‍ന്നു. അന്തരീക്ഷത്തില്‍ മഞ്ഞുയര്‍ന്നു. ചുറ്റും മൂടല്‍മഞ്ഞ്. മഞ്ഞിന്‍പാളികളിലൂടെ ഉണ്ണി ഒരു സ്ത്രീരൂപം കണ്ടു. ചുവന്ന തറ്റുടുത്തിരിക്ക്‍ണു. മൂക്കില്‍ മിനുങ്ങണ ചുവന്ന കല്ല് പതിച്ച മൂക്കുത്തി. ഇരുകൈകളിലും കടകവളകള്‍. നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ട്. കഴുത്ത് ശൂന്യം. മുടി മെടഞ്ഞിട്ടിട്ട്‌ണ്ടോന്ന് സംശയം തോന്നി. മുഖം നല്ല ശ്രീത്വള്ളത്. ഏയ്, ഇതു ദ്രുതയക്ഷ്യാവാന്‍ വഴില്ല്യാ. യക്ഷിക്കിത്ര ഭംഗിണ്ടാവ്വ്വോ?

ന്നെ കളിപ്പിക്കണ്ടാ. ങ്ങള് യക്ഷ്യല്ലല്ലോ?”

യക്ഷി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി, കുടമുല്ല പൂത്ത പോലെ - ഉണ്ണി മനസ്സില്‍ പറഞ്ഞു.

ഉണ്ണിക്ക് വിശ്വാസാവ്ണ്‌ല്ല്യേ?.... ന്നാ കണ്ടോളൂ...

യക്ഷി വീണ്ടും ചിരിച്ചു. പക്ഷെ ഇക്കുറി ഉണ്ണിക്കത്ര ഭംഗി തോന്നിയില്ല.

യക്ഷിയുടെ മുഖത്തെ മന്ദഹാസം മെല്ലെ മങ്ങിയപ്പോള്‍, പതുക്കെ മഞ്ഞിന്‍പാളികളടര്‍ന്ന് വീണു. ചുറ്റും അന്ധകാരം. ആയിരമായിരം എല്ലുകള്‍ പൊടിഞ്ഞമരുന്ന ശബ്ദം. ആരൊക്കെയോ ഞെരിപൊരി കൊള്ളുന്ന സ്വരങ്ങള്‍. കൊട്ടിലില്‍ മെല്ലെ മെല്ലെ ചുവന്ന പ്രകാശം നിറഞ്ഞപ്പോള്‍ ഉണ്ണിക്ക് ചുറ്റും ഉടലറ്റ ശിരസ്സുകള്‍. അതിലെ കണ്ണുകള്‍ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്നു. നാവുകള്‍ താനേ അടര്‍ന്നു വീഴുന്നു. നിലവിളികള്‍ ചുറ്റും മുഴങ്ങുന്നു.

ഉണ്ണി യക്ഷിയുടെ മുഖത്തേക്ക് നോക്കി. ശ്രീത്വമേറിയ മുഖം ചുവന്ന് തുടുത്തിരിക്കുന്നു. കണ്ണുകളിലത്ത്യധികം കണ്മഷി. നെറ്റിയില്‍ കുങ്കുമം. കാതില്‍ വലിയ കടുക്കകള്‍. മാറിടത്തില്‍ വലിയ തലയോട്ടിമാല. കയ്യില്‍ വലിയൊരു തുടയെല്ല്. പത്തു വിരലുകളിലെ നഖങ്ങള്‍ക്കും കൈകളോളം നീളം, കഠാരയോളം മൂര്‍ച്ച! പൊക്കില്‍കൊടിയിലൂടൊരു കരിനാഗം പുറത്തേക്കിറങ്ങി വരുന്നു. വായിലെ ദന്തങ്ങള്‍ ദംഷ്‌ട്രകളായി മാറുന്നു. യക്ഷി ഉണ്ണിയെ തുറിച്ചു നോക്കി കൊണ്ട് അട്ടഹസിച്ചു.

വരൂ ഉണ്ണീ... വരൂ....

അട്ടഹാസങ്ങള്‍ ചുറ്റിലും നിന്നുയര്‍ന്നു. ഉണ്ണി ഓടി. യക്ഷി പിന്നാലെ പറന്നു. കൈത്തോടുകളും കൈതവരമ്പുകളും കടന്ന് ഉണ്ണി ഓടി. മേഘങ്ങളിലൂടെ ഊളിയിട്ട്, പക്ഷികളെ വിരട്ടി മാറ്റി യക്ഷി പറന്നു. താഴെയുള്ള ഭൂമിയാകെ തരിച്ചു നിന്നു, ഉണ്ണി നിന്നില്ല. ഓടി ഊട്ടുപുരയില്‍ കയറി, മരവാതില്‍ അടച്ചു സാക്ഷയിട്ടു. യക്ഷിയ്ക്കകത്തു കടക്കാന്‍ കഴിയുന്നില്ല, അവള്‍ പുറത്ത് കാ‍വലിരുന്നു. അകത്തു നിന്ന് ഉണ്ണി ചിരിച്ചു.

അയ്യേ പറ്റിച്ചേ... ദ്രുതയക്ഷീനെ പറ്റിച്ചേ...

യക്ഷിയുടെ മുഖം കോപത്താല്‍ ചുവന്നു. ആകാശങ്ങളിലേക്ക് ആ ചുവപ്പ് വ്യാപിച്ചു. കിഴക്കും പടിഞ്ഞാറും ആ ചുവപ്പിനെ കടമെടുത്തു. ആ ശോണിമയില്‍ അരിവാള്‍തലപ്പുകള്‍ തിളങ്ങി. നക്ഷത്രങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പ്രകാശിച്ചു. യക്ഷിയുടെ ദേഹമാസകലം വിറച്ചു. മുടിയഴിച്ചിട്ട് അവള്‍ ലാസ്യവും താണ്ഡവവും കലര്‍ന്നാടി. വാദ്യങ്ങള്‍ക്ക് അട്ടഹാസവും ചിലങ്കകള്‍ക്ക് കപാലമാലകളും പകരം നിന്ന ആ നടനത്തിന്റെ പൊരുളറിയാതെ ചുവപ്പുനിറത്തില്‍ ഉണ്ണി കുളിച്ചുനിന്നു. എന്നിട്ടും ജന്മിത്വത്തിന്റെ കരുത്തും തട്ടകം വാഴുന്നതിന്റെ ആഡ്യത്ത്വവുമുള്ള അവന്‍ നടുങ്ങിയില്ല.

യക്ഷി വിളിച്ചാര്‍ത്തു.

ഉണ്ണീ, നീയാണെന്നെ വിളിച്ചത്. വിളിച്ചു വരുത്തി അപമാനിക്കരുത്!!!

ഉണ്ണി പറഞ്ഞു.

കളിയമ്പാട്ടെ ഉണ്ണിയ്ക്കാരേം ഭയം‌ല്ല്യാ! കരുത്തും ആഡ്യത്വോംള്ളോനാ ഉണ്ണി!!!

ഉണ്ണീ, ഞാനൊന്ന് ചോദിയ്ക്കട്ടെ?”

എന്താ?”

ഞാനൊന്ന്‍ നക്കട്ടെ?”

ഉണ്ണി ഞെട്ടിയില്ല. മറ്റാരായാലും ഞെട്ടി വിറച്ചേനെ. പക്ഷെ കളിയമ്പാട്ടെ ഉണ്ണി ആഡ്യത്ത്വള്ളോനാ. ആഡ്യത്ത്വള്ളോര്‍ ഞെട്ടാന്‍ പാടില്ല!

ദ്രുതിയക്ഷി വീണ്ടും ചോദിച്ചു.

ഉണ്ണ്യേ ഞാനൊന്ന്‍ നക്കട്ടെ?”

ഇത്രയും കാലം സംഭരിച്ചു വെച്ച ധൈര്യമെല്ലാം ഊട്ടിയുറപ്പിച്ചു കൊണ്ട് ഉണ്ണി പറഞ്ഞു.

ദ്രുതയക്ഷീ നക്കിക്കോ!!!

പറഞ്ഞു കഴിയേണ്ട താമസം, സാക്ഷയിട്ട വാതില്‍ മലര്‍ക്കേ തുറന്നു. കൊടുങ്കാറ്റ് കണക്കേ യക്ഷി അകത്തേക്ക് കുതിച്ചു. എങ്ങും എല്ലുകള്‍ പൊടിയുന്ന ശബ്ദം... തലയോട് പിളരുന്ന മര്‍മ്മരം. ആ സ്വരങ്ങള്‍. ഞെരക്കങ്ങള്‍, ദീനരോദനങ്ങള്‍ ദിഗന്തങ്ങള്‍ തട്ടി പ്രതിദ്ധ്വനിച്ചു.

എല്ലാം മറന്നുള്ള ദ്രുതയക്ഷിയുടെ പ്രചണ്ഡതാണ്ഡവത്തില്‍ കിഴക്കും പടിഞ്ഞാറും നടുങ്ങി. ഭൂമി വിറങ്ങലടിച്ചു. കാലങ്ങള്‍ മറവിയിലൊളിപ്പിച്ച വികാരങ്ങളുടെ പെരുങ്കളിയാട്ടത്തിന്നൊടുവില്‍, ദ്രുതയക്ഷി ഉണ്ണിയുടെ എല്ലുകള്‍ തന്റെ മടിക്കുത്തില്‍ തിരുകി, തലയോട് മാറിലെ മാലയില്‍ കോര്‍ത്തു.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശോണിമ മാഞ്ഞു.

നക്ഷത്രത്തലപ്പുകള്‍ മങ്ങി.

ആയിരങ്ങളുടെ തലയോടുകള്‍ ചിരിക്കുന്ന കുണ്ഡലം താളത്തില്‍ കിലുക്കി കൊണ്ട്, അഴിച്ചിട്ട വാര്‍മുടിയില്‍ കാലഘട്ടങ്ങളുടെ ദു:ഖങ്ങളൊളിപ്പിച്ചു കൊണ്ട്, അനന്തമായ വ്യാകുലതയോടുള്ള കാത്തിരിപ്പിന്റെ തീച്ചൂളയിലേക്ക് ലോകത്തെ തള്ളിയിട്ടു കൊണ്ട്, ചുറ്റും മൂടല്‍മഞ്ഞ് സൃഷ്ടിച്ച അനാദിയായ, ദീപ്തമായ, തണുപ്പേറിയ വെളുപ്പിലേക്ക് ദ്രുതയക്ഷി ഒരു മായയായ് മറഞ്ഞു.

പര്യവസാനം:

സായ പറഞ്ഞു നിര്‍ത്തി.

നരന്റെ പ്രതികരണത്തിനായ് കാത്ത്, ആകാശത്തെ പൂര്‍ണ്ണചന്ദ്രനെ നോക്കി കൊണ്ട്, അവള്‍ കിടന്നു.

തന്റെ മടിയില്‍ കിടക്കുന്ന സായയുടെ മുടിയിഴകളിലൂടെ വിരലോടിച്ച് നരന്‍ ചോദിച്ചു.

നിനക്കിത് കടലാസ്സിലേക്ക് പകര്‍ത്തി കൂടെ?”

ഇത് പകര്‍ത്താന്‍ മാത്രമൊന്നുമില്ല നരാ...

അത് നിനക്കു വെറുതെ തോന്നുന്നതാ... പറയാന്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട് നിനക്ക് സായാ...

ഉണ്ടായിരിക്കാം... പക്ഷെ എനിക്കു വയ്യ...

ഒന്നു നിര്‍ത്തിയിട്ട് അവള്‍ തുടര്‍ന്നു.

മരിച്ചതും മരിക്കാത്തതുമായ രാജ്യങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും പട്ടം ചാര്‍ത്താനായ്, മാധ്യമങ്ങളും മാലോകരും മത്സരിച്ച് വാക്കുകളും നിര്‍വചനങ്ങളും തിരയുന്നത് കണ്ടപ്പോള്‍‍, പണ്ട് മനസ്സില്‍ കുറിച്ചിട്ട ഒരു കഥ വീണ്ടുമോര്‍ത്തു പോയ്... നിന്നോട് പറയണമെന്നു തോന്നി... ഇനിയിതെഴുതാനൊന്നും എന്നെ കൊണ്ട് വയ്യ.

നരന്‍ ഒന്നും മിണ്ടിയില്ല. ഇനി അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നല്ലെങ്കില്‍ നാളെ അവള്‍ക്ക് തന്റെ ചിന്തകള്‍ താളിലേക്ക് പകര്‍ത്തണം എന്നു തോന്നും, അന്ന് ചെയ്യട്ടെ. നിര്‍ബന്ധിച്ചിട്ട് കാര്യമില്ല.

മോളുണര്‍ന്ന് കാണും, ഞാനവളെ എടുത്ത് കിടത്തിയിട്ട് വരാം

സായ എഴുന്നേറ്റ് പോയപ്പോള്‍, അവള്‍ പറഞ്ഞിട്ടും പറയാതെ പോയ യക്ഷിക്കഥയിലെ പൊരുളും പൊരുത്തക്കേടുകളും ചികഞ്ഞെടുക്കുകയായിരുന്നു നരന്‍. തന്റെ പ്രജ്ഞയില്‍ തന്റെ തന്നെ ചിന്തകള്‍ നടത്തിയ തിരച്ചിലിനൊടുവിലുയര്‍ന്നു വന്ന ചോദ്യങ്ങളുടെ മുന്നില്‍ മിഴിച്ചു നില്‍ക്കാനേ നരനു കഴിഞ്ഞുള്ളൂ.

ഇനിയും കര്‍മ്മത്തിന്റെ ശ്രുതിലയത്തോടെ കാറ്റുണരുമോ?

ഇരുട്ട് നിറഞ്ഞ കൊട്ടിലിലെ വാതിലുകള്‍ തുറക്കപ്പെടുമോ?

കഴിഞ്ഞ കാലങ്ങളിലെ പെരുങ്കളിയാട്ടത്തിന്റെ കഥ പറയാനായ് യാഗഭൂമിയിലിന്നും മായാതെ കിടക്കുന്ന രക്തക്കറകളുടെ ശോണിമ വര്‍ദ്ധിക്കുമ്പോള്‍, തകര്‍ക്കപ്പെട്ട വിശ്വാസങ്ങള്‍ ഹവിസ്സായര്‍പ്പിച്ച് മനുഷ്യമനസ്സുകള്‍ പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍ കൂടി ദ്രുതയക്ഷി വരുന്നതിനായോ അതോ...?

------------------ ശുഭം (?) ------------------

This story has been published at http://www.puzha.com/puzha/magazine/html/story1_mar28_07.html