ഒഴിഞ്ഞ മദ്യക്കുപ്പികളുടെ മുന്നില്‍, ഉറക്കം മയങ്ങി കിടക്കുന്ന കണ്ണുകളും, തീരുമാനത്തിലെത്താനാവാത്ത കുറെയേറെ ചിന്തകളുള്ള മനസ്സുമായ്, ബോംബെയിലെ ഗലികള്‍ക്കുള്ളിലുള്ള ഒരു ഗലിയിലെ ആ ഹോട്ടല്‍മുറിയില്‍ അവരിരുന്നു.
“ആരാണീ അവര്‍?
പിസാഹട്ടിലെ ഒരു കോര്‍ണര്‍ടേബിളില്‍ നരന്റെ അരികില്‍ ഇരിക്കുകയായിരുന്ന സായ ചോദിച്ചു.
“കേരളത്തിലെ ഒരു വടക്കന്‍ജില്ലയില്‍ നിന്നുള്ളവരായിരുന്നു അവര്‍ മൂന്നു പേര്‍. ഒരേ നാട്ടുകാര്‍. -- യുടെ തടിമില്ലില്‍ ഒരുമിച്ചു പണി ചെയ്തവര്‍. ഇപ്പോള്‍ഗള്‍ഫിലേക്ക് പോകാനായ് ബോംബെയിലെത്തിയവര്‍.”
“ഓകെ. എന്താ അവരുടെ പേര്?”
“പേര്... പേര് വേണമെന്നു നിര്‍ബന്ധമാണെങ്കില്‍അവരെ നമുക്ക് തല്‍ക്കാലം ‘അ’, ‘ഇ’, ‘ഉ’ എന്ന് വിളിക്കാം.“
“ങ്‌ഹും....ശരി.. എന്നീട്ട്...”
ഇത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കാത്ത മദ്യത്തിന്റെ ഷണ്ഡത്തത്തെ കുറിച്ചായിരുന്നു ‘അ’ ചിന്തിച്ചത്. നികുതിദായകരുടെ പോക്കറ്റ് കാലിയാക്കുന്ന ഇത്തരം മദ്യം നിറുത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തുടങ്ങിയ ചിന്ത, ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയാലുടനെ നാട്ടിലെ ക്ലബ് മുഖേന സ്ഥലം എമ്മെല്ലേയ്ക്ക് കൊടുക്കേണ്ട നിവേദനത്തിന്റെ കരടുരേഖയിലെത്തി നില്‍ക്കുമ്പോളാണ് ‘ഇ’ ചോദിച്ചത്.
“അപ്പോ എന്താ നമ്മുടെ തീരുമാനം?”
സ്വതേ മൌനിയും, കള്ള് - അതെന്തു നിറത്തിലും മണത്തിലും ഗുണത്തിലുമായാലും - കുടിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ മൌനിയാകുന്ന ‘ഉ’, കണ്ണ് മിഴിച്ച് ‘ഇ’യെ നോക്കി. മറ്റുള്ളവരില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാഞ്ഞതിനാല്‍‘ഇ’ തുടര്‍ന്നു.
“നമ്മളിങ്ങനെ ഒന്നും മിണ്ടാതെയിരുന്നിട്ട് കാര്യമില്ല. സമയം പുലരാറായി. എന്തെങ്കിലും തീരുമാനം എടുത്തേ പറ്റൂ?”
വീണ്ടും ആരും പ്രതികരിച്ചില്ല. ഒഴിഞ്ഞ മദ്യക്കുപ്പി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന ‘അ’യെ നോക്കി ‘ഇ’ ചോദിച്ചു.
“......, നീയെന്തു പറയുന്നു? നിനക്ക് .... നിനക്ക് കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലല്ലോ?”
‘അ’ കുപ്പിയില്‍നിന്നു തലയുയര്‍ത്തി ‘ഇ’യെ നോക്കി. അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ആത്മാവിലെന്തോ ആവേശിച്ചത് പോലെ, കുപ്പി ഉറക്കെ നിലത്ത് അടിച്ചുടച്ച് കൊണ്ട് അവന്‍അലറി.
“പിന്നെ എന്റെ പെങ്ങന്മാരെ നീ കെട്ടിച്ചു വിടുമോടാ....?
‘ഇ’ ഒന്നും മിണ്ടിയില്ല. നിലത്തു വീണ കുപ്പിച്ചില്ലുകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട്, ഒന്നും മിണ്ടാതെ ‘ഉ’ ഇരുന്നു.
അസുഖകരമായ മൌനം അവര്‍ക്കിടയില്‍വിറങ്ങലടിച്ചു നിന്നു.
‘ഇ’ നിലത്ത് നിന്നെഴുന്നേറ്റ് കട്ടിലിലേക്കിരുന്നു. തമ്മില്‍ തമ്മില്‍ നോക്കാനാവാതെ നിലത്തിരിക്കുന്ന ‘അ’യെയും ‘ഉ’നെയും നോക്കി.
ഇനിയും മൌനമവലംബിച്ചിട്ട് കാര്യമില്ലെന്ന് ‘ഇ’യ്ക്ക് തോന്നി. ‘ഇ’യുടെ നോട്ടം തന്നിലേക്കാണ് നീളുന്നതെന്ന് മനസ്സിലാക്കിയ ‘ഉ’ പറഞ്ഞു.
“എന്നോട് ചോദിക്കണ്ട. വീട്ടുകാരറിയാതെ വീടിന്റെ ആധാരം പണയം വെച്ചത് പോരാഞ്ഞ് ഭാര്യേടേം മക്കള്‍ടേം മേത്തെ ലാസ്റ്റ് തരി പൊന്നു പോലും വിറ്റാ ഇത്രയും ....... എനിയ്ക്കാവില്ലാ...“
‘ഉ’ ദയനീയതയോടെ ‘ഇ’യെ നോക്കി. ആ നോട്ടം താങ്ങാനാവാതെ ‘ഇ’ പറഞ്ഞു.
“പിന്നെ നമ്മളെന്തു ചെയ്യും??? ആകെ രണ്ടു വിസയേ ശരിയാക്കാനാവൂ എന്ന് ആ ഏജന്റ് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? നമ്മളിലൊരാള്‍ഒഴിഞ്ഞേ പറ്റൂ...!!!“
ആ ഒരാള്‍ ആരെന്ന ചോദ്യത്തോടെ അവന അവര്‍ രണ്ട് പേരെ നോക്കി, അവര തിരിച്ച് അവനേയും! അവരെ രണ്ട് പേരെയും നോക്കാതെ, ഒഴിഞ്ഞ ഒരു സോഡാക്കുപ്പി ഉരുട്ടി കളിച്ചു കൊണ്ട് ‘അ’ നിലത്തിരുന്നു.
പരസ്പരം ഒരു വാക്കുമുരിയാടാന്‍ ധൈര്യമില്ലാതെ അവര്‍ ആ ഹോട്ടല്‍മുറിയിലെ പുഴുങ്ങുന്ന ചൂടില്‍ഇരുന്നു.
‘ഇ’ പറഞ്ഞു. ആരും മറുമൊഴി നല്‍കിയില്ല.
“എനിക്ക് വല്ലതും കഴിക്കണം... ആരെങ്കിലും വരുന്നോ?”
വീണ്ടും മറുപടി ഒന്നും കാണാഞ്ഞതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ് അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.
കഴിക്കണമെന്നു പറഞ്ഞു പുറത്തേക്കിറങ്ങിയെങ്കിലും, ‘ഇ’ നേരെ നടന്നത് ഗലിക്കപ്പുറത്തുള്ള കടല്‍ക്കരയിലേക്കായിരുന്നു. തുടരെ തുടരെയുയര്‍ന്നു വന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ചിതറിക്കിടക്കുന്ന ചിന്തകള്‍ക്കിടയില്‍ തിരഞ്ഞു കൊണ്ട്, ഒരിക്കലും ശാന്തമാകാത്ത ആ കടല്‍ക്കരയില്‍ അശാന്തമായ മനസ്സുമായ് ‘ഇ’ കിടന്നു.
നിമിഷങ്ങള്‍ മണിക്കൂറുകളായി. ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് ‘ഇ’ എഴുന്നേറ്റു. കൂട്ടുകാരാണ്. വിശപ്പ് കൂടിയപ്പോള്‍ എണീറ്റതാവും. തന്നെ കണ്ടപ്പോള്‍ അവര്‍ അവിടെ തന്നെ നിന്നു. പിന്നെ അരികിലുള്ള മതിലിന്നരികിലേക്ക് മാറി നിന്നു. അതു കണ്ടപ്പോള്‍ ‘ഇ’യ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നി. അല്ലെങ്കിലും ഇതു മലയാളികളുടെ ഒരു വര്‍ഗ്ഗസ്വഭാവമാണെന്ന് ‘ഇ’ ഓര്‍ത്തു. ഒരുത്തന്‍ കര്‍മ്മപരിപാടിയില്‍ മുഴുകുന്നത് കണ്ടാല്‍ മതി, കാണുന്നവനും ഉടനെ വരും ശങ്ക! എഴുന്നേറ്റ് നിന്ന് ഒരു മറയ്ക്കായ് നോക്കി. അടുത്തൊന്നും കാണാഞ്ഞതിനാല്‍ കടലിലേക്കൊഴുക്കാം എന്നു കരുതി.
രാവിലെ ഒന്നു കൂടി ഏജന്റിനെ കാണാന്‍പോകാം. കാലില്‍ വീണാലും വേണ്ടില്ല, ഒരു വിസ കൂടി എങ്ങനെയെങ്കിലും തരപ്പെടുത്താന്‍ കരഞ്ഞ് പറയണം. അയാള്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല. ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരുമായിരിക്കും.
മുന്നിലുള്ള കടലും കടലിക്കരെയുള്ള കാണാദേശവും നോക്കി അവന്‍നിന്നു.
പൂര്‍വ്വജന്മങ്ങളില്‍നിന്നെന്ന പോലെ ഒരു പ്രഹരം!!! ശരീരത്തില്‍ ഒളിച്ചിരുന്ന എല്ലാ വേദനകളും ഒരുമിച്ച് തലയ്ക്കു പിന്നില്‍ ഒത്തുകൂടിയിരിക്കുന്നു... പ്രജ്ഞയില്‍ തുളച്ചിറങ്ങുന്ന വേദന...
കൂട് വിട്ടു ആഹാരം തേടി പറവകള്‍ ആകാശങ്ങളിലൂടെ പറന്നു പോകുന്നത് കണ്ട് കൊണ്ടവന്‍ കടലിലേക്ക് വീണു... ഒരുപാട് പ്രവാസികളുടെ വ്യഥകളും വൃഥാമോഹങ്ങളും തന്നില്‍ ലയിപ്പിച്ച കടല്‍, അവന്റെ മുറിവിലും ഉപ്പ് പകരാന്‍ തിരകളോട് പറഞ്ഞു. കടലിക്കരെയുള്ള കാണാദേശത്തേക്ക് അവനും രക്തം പുരണ്ടൊരു സോഡാക്കുപ്പിയും യാത്ര തുടങ്ങി..
തിരകള്‍ അവരെ പിന്തുടര്‍ന്നു.
നരന്‍പറഞ്ഞു നിര്‍ത്തി.
തണുത്ത് മരവിച്ച പിസയ്ക്ക് മുന്നില്‍, നുരകളടങ്ങിയ പെപ്സികുപ്പിയും കയ്യില്‍പിടിച്ചിരിക്കുകയായിരുന്ന സായ എഴുന്നേറ്റ് വന്ന് നരന്റെ അടുത്തിരുന്നു. അവന്റെ കയ്യോട് തന്റെ കൈ ചേര്‍ത്ത് വച്ചു.
ആ അസുഖകരമായ മൌനത്തില്‍, അന്തരീക്ഷത്തിലെ ഇളംതണുപ്പില്‍, ദേശങ്ങളുടെ അകലങ്ങള്‍ക്കിടയിലടിക്കുന്ന കടല്‍തിരമാലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത് അവര്‍ ഇരുന്നു. മുന്നിലെ ടി.വി.യില്‍നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വര്‍ണ്ണകാഴ്ചകളില്‍ കണ്ണുകളുടക്കിയപ്പോള്‍, തങ്ങളുടെ മനസ്സുകളിലെ ചൂട് കണ്ണീരായ് പൊഴിഞ്ഞത് അവര്‍ അറിഞ്ഞില്ല.
Earlier posted at http://chinthukal.blogspot.com/2007/02/blog-post_19.html
4 comments:
കൊള്ളാം ദൃശ്യന്‍, കഥ ഇഷ്ടമായി..ചെറിയൊരു മുറിവ് മനസ്സില്‍ കോറിയിടുന്ന കഥ..
കഥ ഇഷ്ടമായി എന്ന് അറിഞ്ഞതില്‍ വളരെ നന്ദി സാരംഗീ...
അല്ലെങ്കിലും സാധാരണക്കാരുടെ ജീവിതം - പ്രവാസിയായാലും സ്വദേശവാസിയായാലും - ചെറിയ ചെറിയ മുറിവുകള്‍ മനസ്സില്‍ കോറിയിടുന്ന ഒരുപാട് സംഭവങ്ങളിലൂടെയാണല്ലോ കടന്നു പോകുക. പ്രവാസം കൊതിച്ച് ജീവന്‍ വെടിഞ്ഞവന്‍റ്റെയും കഥ വ്യത്യസ്തമല്ല-പക്ഷെ അവന്‍റ്റെ ജീവിതം മുന്നോട്ട് പോയില്ല എന്നു മാത്രം.... :-(
സസ്നേഹം
ദൃശ്യന്‍
കടല്‍ അവന്റെ മുറിവിലും ഉപ്പ് പകരാന്‍ തിരകളോട് പറഞ്ഞു....
നല്ല കഥാതന്തു.... ഹൃദ്യമായ വ്യത്യസ്ഥമായ ഭാഷ!
നന്ദി ധ്വനീ....
വന്നതിനും വായിച്ചതിനും അഭിപ്രായം നല്‍കിയതിനും വളരെ നന്ദി.
സസ്നേഹം
ദൃശ്യന്‍
Post a Comment