Thursday, March 13, 2008

ഋതുഭേദങ്ങളുടെ ഓര്‍മ്മയില്‍‌

ല്ല അസ്സല്‍ വട്ടാണ് നിന്റെ മോള്‍ക്ക്, അതിനൊത്ത് തുള്ളാന്‍ നിങ്ങളൊക്കെയും!”
അച്ഛന്റെ ശബ്ദം ഇത്രയുയര്‍ന്ന് കേള്‍ക്കുന്നത് വളരെ അപൂര്‍വ്വം. പറയാന്‍ മറുപടി ഒന്നുമില്ലാതെ നില്‍ക്കുകയായിരിക്കും നരനും അമ്മയും. മുകളിലെ ജനാലപ്പടിയില്‍ ഇരുന്നാല്‍ ഉമ്മറത്തെ സംസാരം നല്ലവണ്ണം കേള്‍ക്കാം. സായ ജനല്‍ക്കമ്പിയില്‍ മുറുക്കെ പിടിച്ച് കൊണ്ട് ഇരുത്തമൊന്ന് ശരിയാക്കി. ഇപ്പോഴും ചെറുതായി തണുക്കുന്നുണ്ട്. തലയ്ക്കൊക്കെ വല്ലാത്ത കനം. ചുമരില്‍ ചാരി കൊണ്ട് കണ്ണുകളച്ചിരുന്നു. ബൈക്ക് സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം കേട്ടു. നേരം വൈകിയത് കൊണ്ട് അച്ഛന്‍ ഇന്ന് നരന്റെ കൂടെയാകും ഓഫീസില്‍ പോക്ക്. താഴെ നിന്ന് പെട്രോളിന്റെ ദുഷിച്ച മണം വരുന്നുണ്ടോ? അവള്‍ ജനലുകളടച്ചു.

സായയുടെ കൈകള്‍ പതിയെ വയറിന് മീതെ സഞ്ചരിച്ചു. മനസ്സ് സ്വയം കൂട്ടുന്ന കണക്കനുസരിച്ച് വലിപ്പം കൂടിയിട്ടുണ്ട്. ഉള്ളിലെ പ്രാണനും വലുപ്പം വെച്ചിരിക്കണം. അടിവയറ്റിലെ വേദനയ്ക്കിത്തിരി ആക്കം തോന്നുന്നു. ഇന്നലെ രാത്രി മുഴുവന്‍ നല്ല കൊളുത്തിവലിയായിരുന്നു. ഒന്ന് കുറഞ്ഞു എന്ന് കരുതുമ്പോള്‍ പെട്ടന്നൊരു വരവാണ്. പ്രാണന്‍ കുത്തിപറിക്കുന്ന വേദന! തന്നിലാദ്യം ജീവന്റെ തുടിപ്പായ് പിറക്കാന്‍ പോകുന്നവള്‍, ഉള്ളിലുള്ളവളും അറിയുന്നുണ്ടാവുമോ ഈ വേദന.
അവളോ? സായ അറിയാതെ ചിരിച്ചു. അവള്‍ എന്നതിന് എന്താണുറപ്പ്. അല്ല, അവള്‍ തന്നെയായിരിക്കും. തന്റെ കുഞ്ഞ് എന്നാലോചിക്കുമ്പോള്‍ മനസ്സിലെത്തുന്ന മുഖം എപ്പോഴും ഒരു പെണ്‍‌കുട്ടിയുടേതാണ്. ‘നമ്മുടേതൊരു മോളല്ലേ’ എന്ന് ചോദിക്കുമ്പോഴെല്ലാം ചിരിച്ച് കൊണ്ട് ഒഴിഞ്ഞ് മാറുകയാണ് നരന്‍ ചെയ്യുക. ചിലപ്പോള്‍ തോന്നും മൂപ്പര്‍‍ കുട്ടിയെ പറ്റി ഒന്നും ആലോചിക്കുന്നേ ഇല്ല എന്ന്. മാസങ്ങള്‍ ഇനിയുമുണ്ടെങ്കിലും മോളാണോ എന്നറിയാന്‍ തനിക്ക് തിടുക്കമായി. ഓ, എന്തു തന്നെയായാലുംസാരമില്ല, നീയൊന്ന് വേഗം വന്നാല്‍ മതിയെന്റെ വാവേ - സായ മനസ്സില്‍ കരുതി.

“നീ ഇരുന്നുറങ്ങുകയാണോ?”
കണ്ണ് തുറന്ന് നോക്കിയപ്പോള്‍ വാതില്‍ക്കല്‍ അമ്മ.
“നിനക്ക് കഴിക്കാന്‍ വല്ലതും വേണോ?”
സത്യത്തില്‍ സായയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. എങ്കിലും വേണ്ടെന്ന് പറയാനാണ് അവള്‍ക്ക് തോന്നിയത്. ഭക്ഷണത്തെ കുറിച്ചുള്ള ചിന്ത തന്നെ മനം‌പിരട്ടലുണ്ടാക്കുന്നു.
“ഒന്നും കഴിക്കണ്ട. ഇവിടെ ഇങ്ങനെ അടച്ചു പൂട്ടി കിടന്നോ. മനുഷ്യനെ വെറുതെ ചീത്ത കേള്‍പ്പിക്കാനായിട്ട്...” പിന്നെയുമെന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് അമ്മ താഴേക്ക് പോയി. മരപ്പടികളില്‍ അമര്‍ത്തി ചവിട്ടുന്ന ശബ്ദം ഇവിടെ കേള്‍ക്കാം.
അമ്മയുടെ സ്വരത്തില്‍ നീരസമുണ്ടായിരുന്നോ? ഉണ്ടാകാതിരിക്കില്ലല്ലോ? ഒന്നാലോചിച്ചാല്‍ അത്രയ്ക്ക് പരാക്രമമല്ലേ രണ്ട് നാളായി താന്‍ കാണിക്കുന്നത്. മുറി വിട്ട് പുറത്തേക്കിറങ്ങുന്നില്ല എന്നതോ പോട്ടെ, രാത്രി അടുത്ത് കിടക്കാന്‍ ആരെയും - നരനെ പോലും - സമ്മതിക്കുന്നുമില്ല എന്നതാണ് വലിയ പ്രശ്നം. താനെന്തു ചെയ്യാന്‍? ആരും അടുത്തില്ലെങ്കില്‍ തന്നെ വല്ലാതെ ഛര്‍ദ്ദിക്കാന്‍ വരുന്നു. തന്റെ ചുറ്റിലും താന്‍ തന്നെയുണ്ടാക്കിയെടുത്ത ഗന്ധത്തിനു മീതെ മറ്റെന്തു വന്നാലും താന്‍ വല്ലാതെ അസ്വസ്ഥയാകുന്നു. അടിവയറ്റില്‍ നിന്നും നെഞ്ചും കടന്ന് ഒരഗ്നിഗോളം വന്ന് തൊണ്ടയില്‍ തങ്ങി നില്‍ക്കുന്നത് പോലെ തോന്നും. പുറത്തേക്കോ അകത്തേക്കോ കളയാനാകാതെ വിമ്മിഷ്ടപ്പെട്ടു നില്‍കും. അപ്പോഴത്തെ പേടിയും വേദനയും ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല!

വാതിലിനു പുറത്ത് ഒരു ചലനം. സായ പതിയെ എണീറ്റ് വാതിലിനടുത്തേക്ക് പോയി നോക്കി. പണിക്കാരത്തി അടിച്ച് വാരാനുള്ള പുറപ്പാടിലാണ്. അവളുടെ കയ്യില്‍ ഫിനോയില്‍ കുപ്പി കണ്ടപ്പോള്‍ സാ‍യയുടെ ഉള്ളിലൊരിടി വെട്ടി. ഭയത്തോടെ അവള്‍ വാതില്‍ കൊട്ടിയടച്ചു. വീണ്ടുമൊരഗ്നിഗോളം! സായ കുളിമുറിയിലേക്കോടി.

ഭാഗ്യം. ഇക്കുറി അവന്‍ പുറത്തേക്ക് വന്നു. രാവിലെ കഴിച്ച ഒരു നേന്ത്രപ്പഴം മുഴുവന്‍ പകുതി വെന്ത പോലെ കിടക്കുന്നു. വായയും മുഖവും കഴുകി പുറത്തേക്ക് കടക്കാന്‍ തുടങ്ങുമ്പോള്‍ കാലെന്തിലോ മുട്ടി. നിലത്തെ വെളുത്ത ടൈല്‍‌സില്‍ മഞ്ഞനിറം പടര്‍ന്നു. വറ്റിട്ട് വെച്ച മൂത്രമാണ്. അമ്മയുടെ ഓരോ വട്ട്. ചെറിയ ഒരു പനി രണ്ട് നാളായി കണ്ടപ്പോള്‍ മഞ്ഞപ്പിത്തമാണോ എന്ന് വെറുതെ സംശയം. അതു കേട്ടപ്പോള്‍ നരനും അച്ഛനും ആധി. രാവിലെ തന്നെ ഡോക്ടറെ കാണിക്കണം രണ്ട് പേര്‍ക്കും. താന്‍ സമ്മതിച്ചതേ ഇല്ല. ഡോക്ടര്‍ എന്ന് കേള്‍ക്കുമ്പോഴേ വായിലാകെ ചവര്‍പ്പ്. ഇനി മാസം തികഞ്ഞ് അഡ്‌മിറ്റായി കഴിഞ്ഞാല്‍ താന്‍ എന്തു ചെയ്യും. രോഗികള്‍, നഴ്സുമാര്‍, മരുന്നുകള്‍.... എത്ര തരം മണങ്ങള്‍..... ആലോചിക്കുമ്പോഴേ പേടിയാകുന്നു. തണുപ്പിത്തിരി കൂടിയോ? സായ പതുക്കെ കട്ടിലിനരികിലേക്ക് നടന്നു.

വാതില്‍ക്കലാരോ മുട്ടുന്ന ശബ്ദം കേട്ടാണ് സായ ഞെട്ടിയുണര്‍ന്നത്.
“മോളേ... വാതില്‍ തുറക്ക്”
അമ്മയാണ്. സായ എഴുന്നേല്‍ക്കാന്‍ നോക്കി. പറ്റുന്നില്ല. കാലുകള്‍ ആകെ മരവിച്ച പോലെ. അവള്‍ കിടന്ന് കൊണ്ട് വിളി കേട്ടു.
“ആ... അമ്മേ. എന്താ?”
“നീ ഉച്ചയ്ക്കുള്ള മരുന്ന് കഴിച്ചോ?”
ഓ, അത് മറന്നു. ഇനി കഴിച്ചില്ലെന്ന് പറഞ്ഞാല്‍ അതു മതി. നിരുപ്രവകാരിയായ ഒരു നുണ പറയാം.
“കഴിച്ചു അമ്മേ.”
“ഇപ്പോ പനിക്കുന്നുണ്ടോ? പ്രശ്നങ്ങളൊന്നുമില്ലല്ലോ?”
ഉണ്ടോ? മനസ്സിലാകുന്നില്ല. ആകെ ഒരു അനിശ്ചലാവസ്ഥ.
“ഇല്ല അമ്മേ.”
ഒരു നുണ കൂടി പറയേണ്ടി വന്നു.
“നരന്‍ വിളിച്ചിരുന്നു. ഓഫീസില്‍ നിന്ന് പുറപ്പെടുകയാണെന്ന് പറഞ്ഞു.”
പാവം നരന്‍. രാവിലത്തെ തന്റെ ക്ഷീണം കണ്ടീട്ടാവണം ഉച്ചയ്ക്ക് ശേഷം വരുന്നത്. രണ്ട് മൂന്ന് നാളായി താന്‍ നരനോട് മര്യാദയ്ക്കൊന്ന് സംസാരിച്ചിട്ടെന്ന് അത്ഭുതപൂര്‍വ്വം സായ ഓര്‍ത്തു. ഇന്നേ വരെ അങ്ങനെ ഉണ്ടായിട്ടില്ല. ഇന്ന് എന്തായാലും നരനെ അടുത്തിരുത്തി മടിയില്‍ കിടക്കണം. കുറെ സംസാരിക്കണം. വാവക്കായ് ചില പേരുകള്‍ മനസ്സിലുണ്ട്. നരനും വല്ലതും ആലോചിച്ച് വെച്ചിട്ടുണ്ടോ എന്ന് ചോദിക്കണം.

കുറേ നേരമായി ചുമര്‍ തന്നെ കാണുന്നു, ഇനി ഒന്ന് ചെരിഞ്ഞ് കിടന്നേക്കാം. സായ പതുക്കെ എണീറ്റു. ജനാലയുടെ അരികില്‍ ഒരു പാത്രം മൂടി വെച്ചിരിക്കുന്നു. അമ്മ ഊണ് കൊണ്ട് വെച്ചതാകും. മിനിഞ്ഞാന്നത്തെ തന്റെ ബഹളത്തിന് ശേഷം അമ്മ അകത്തേക്ക് വരാറില്ല. നൂറു വട്ടം പറഞ്ഞിട്ടുള്ളതാണ് മീന്‍ നന്നാക്കിയാല്‍ മര്യാദക്ക് സോപ്പിട്ട് കഴുകണമെന്ന്. മണം താന്‍ പിടിച്ചപ്പോള്‍ മീന്‍ കഴിയിട്ടേ ഇല്ലെന്ന് ഒരു കള്ളവും. അതിന് ശേഷം അകത്തേക്ക് കടക്കില്ല. വാതില്‍ക്കല്‍ വരെ വരും കാര്യം പറയും. ഭക്ഷണം വാതിലിനടുത്തെ മേശപ്പുറത്ത് വെച്ചീട്ട് പോകും. വാതിലടഞ്ഞു കിടക്കുകയാണെങ്കില്‍ ജനലിലൂടെ മേശപ്പുറത്ത് വെയ്ക്കും.

ശരീരം നന്നേ കുഴയുന്നു. കൈവിരലുകളൊക്കെ വേദനിക്കുന്നു. ശരീരം കുളിരുന്നുണ്ടോ. ഇത് ഏപ്രില്‍ അല്ലേ? ഇപ്പോഴെന്താ ഇത്ര തണുപ്പ്? സായ വിരലുകളൊക്കെ ഒന്ന് നിവര്‍ത്തിയും മടക്കിയും നോക്കി. കൈപ്പടമൊക്കെ മഞ്ഞളിച്ചിരിക്കുന്ന പോലെ. കണ്ണ് പിടിക്കാത്തത് കൊണ്ടായിരിക്കും.
“എങ്ങനെയുണ്ടെടീ ഇപ്പോ?”
നരന്‍. ഓ, ഇത്ര വേഗം വന്നോ. സായ ഒന്നു ചിരിച്ചു. നരനും വാതില്‍ക്കല്‍ തന്നെ നില്‍ക്കാനുള്ള പുറപ്പാടാണോ?
“ആഹാ, നീ ചോറുണ്ടില്ലേ ഇതു വരെ.”
നരന്‍ മേശപ്പുറത്ത് നിന്ന് പാത്രമെടുത്തു.
“വിശപ്പില്ലേ?”
“ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്.”
“എന്നിട്ടാണോ ഇങ്ങനെ മടി പിടിച്ച് കിടക്കുന്നത്? വാ, വന്ന് വല്ലതും കഴിക്കാന്‍ നോക്ക്. കുട്ടിക്കും വിശക്കുന്നുണ്ടാകും.
“എന്റെ മോള്‍ നിന്നെ പോലെ തീറ്റപണ്ടാരമൊന്നുമല്ല.”
സായ പരിഭവം നടിച്ചു.
“ഓ, നിന്റെ മോളോ? അതെപ്പം മുതല്‍?”
നരനും വിട്ടു കൊടുത്തില്ല.
“ഞാന്‍ വാരി തരണോ?”
ഗുഡ് ഐഡിയ. സായ തല കുലുക്കി. ഒന്ന് കൂടെ കമ്പിളിയ്ക്കുള്ളില്‍ കൂനികൂടിയിരുന്നു. നരന്‍ ചോറും‌പാത്രമെടുത്ത് അവളുടെ അരികിലിരിന്ന് ഉരുള ഉരുട്ടി പാത്രത്തില്‍ വെച്ചു. അവന്‍ ഉരുളകള്‍ വായില്‍ വെച്ച് തരുന്നതിനായ് അവള്‍ കാത്തിരിക്കവെ വീണ്ടും നരന്റെ മണം അവളുടെ നാസാന്ധ്രങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കി. നരന്‍ ഉരുള നീട്ടി. പാതി മനസ്സോടേ സായ അത് വാങ്ങി. ചവച്ചിറക്കാനാകുന്നില്ല. ചുറ്റും ആ മണം നിറയുന്ന പോലെ. അടിവയറ്റില്‍ വീണ്ടും എന്തോ പുകയുന്നു. വാറ്റില്‍ ചവര്‍പ്പ്.
സായയുടെ ഭാവമാറ്റം നരന്‍ ശ്രദ്ധിച്ചു.
“എന്താടാ.... എന്തു പറ്റി..?”
നരന്‍ ഒരു കൈകൊണ്ട് അവളെ പിടിച്ചു. അവള്‍ അവനെ തന്നില്‍ നിന്ന് അകറ്റാന്‍ നോക്കി. ഒരു അഗ്നിഗോളം പതുക്കെ ഉറവെടുക്കുന്നു.
നരന്‍ പാത്രം നിലത്ത് വെച്ച് അവളെ തന്നിലേക്കടുപ്പിച്ചു.
“നീ കാര്യം പറ, എന്തു പറ്റി...?”

സായ അവനെ തള്ളി മാറ്റി, പതുക്കെ എണീക്കാന്‍ നോക്കി. വായ തുറക്കാന്‍ പറ്റുന്നില്ല. വേഗം കുളിമുറിയിലെത്തണം. എണീറ്റെങ്കിലും കാലുകള്‍ക്ക് ബലം കിട്ടുന്നില്ല. നരന്‍ പിന്നാലെ വരുന്നുണ്ടോ? മണം കിട്ടുന്നുണ്ടല്ലോ? വെറുതെ മനസ്സില്‍ പേടി ഉറഞ്ഞ് കൂടുന്നു. വയ്യ ഇനി നടക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സായ കുളിമുറിയുടെ വാതില്‍ ചാരി നില്‍ക്കാന്‍ ശ്രമിച്ചു. ഈശ്വരാ, എന്റെ വാവ.... സായ വിറച്ചു. തന്നില്‍ തുടിയ്ക്കുന്ന ജീവനെയെന്നോണ്ണം വയറിനു മുകളിലൂടെ പതിയെ തടവി കൊണ്ട് അവള്‍ വിളിച്ചു - “വാവേ...”.

ഒരിളക്കം! സായ ഞെട്ടി തരിച്ച് കൊണ്ട് കൈകള്‍ പിന്‍‌വലിച്ചു. എന്താണത്? അതീവശ്രദ്ധയോടെ കൈകള്‍ ഒന്നു കൂടെ വയറിനു മുകളില്‍ വെച്ച് നോക്കി. എന്താണനങ്ങിയത്? വാവയാണോ? സായ വിയര്‍ത്തു. ശരിക്കുമുണ്ടായതോ അതോ തനിക്ക് തോന്നിയതോ? നരന്‍.... നരന്‍ പുറത്തുണ്ടോ?.... അല്ല, തനിക്ക് തോന്നിയതല്ല, താന്‍ അറിഞ്ഞതാണ്... അവളനങ്ങി!.... വാവയനങ്ങി!..... പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി സായയ്ക്ക്. മനസ്സില്‍ മഞ്ഞുവീഴ്ചയുടെ കുളിര്‍. വയര്‍ പൊതിഞ്ഞ് കൊണ്ട് അവള്‍ കൈകള്‍ വിടര്‍ത്തി വെച്ചു. ഭാരം താങ്ങാന്‍ ശരീരത്തിനാകുന്നില്ല. നരനെവിടെ? നരനെ വിളിക്കണം. നമ്മുടെ വാവ....
“നരാ‍..”
ഒച്ച വെളിയില്‍ വന്നോ? തണുപ്പ് ... ആകെ മരവിക്കുന്നു. വാവയ്ക്കും തണുക്കുന്നുണ്ടാകുമോ? എവിടെ നരന്‍....? അവള്‍ വീണ്ടും ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചു. ആ വരുന്നത് നരനാണോ? എന്താ തനിക്ക് ഒന്നും വ്യക്തമാകാത്തത്. അതെ, അത് അവനാണ്. അവനെന്താ ഇത്ര പതിയെ വരുന്നത്. വാ.... വേഗം വാ.... എന്നെ നിന്റെ നെഞ്ചോടമര്‍ത്തി പിടിക്ക്... നരാ, എന്തിനാ എന്നെ കോരിയെടുക്കുന്നത്? പതുക്കെ, പതുക്കെ എന്തിനാ ഓടുന്നത്.... ഒന്ന് നില്‍ക്ക് എനിക്കു പറയാനുണ്ട്.... നമ്മുടെ, നമ്മുടെ വാവ ... അവള്‍ അനങ്ങി, എന്നെ തൊട്ടു... ആ സ്പര്‍ശനം ഞാനറിഞ്ഞു... നരാ ഓടാതെ, നില്ക്ക് ഞാന്‍ പറയട്ടെ.... നമ്മുടെ.... ഒന്നും കാണാന്‍ പറ്റുന്നില്ല... ആരാ എന്റെ കണ്ണുകളടച്ചത്? നരാ... തണുപ്പ്... മയക്കം... നരാ ഞാനൊന്നുറങ്ങട്ടെ... വാവയും ഒന്നുറങ്ങിക്കോട്ടെ....

പര്യവസാനം:
വര്‍ഷങ്ങള്‍ക്ക് ശേഷം, മാളു മുത്തഛന്റെയും മുത്തശ്ശിയുടേയും കൂടെ കിടന്നുറങ്ങുന്ന ഒരു രാത്രി.തന്റെ കാലുകളില്‍ തല വെച്ച്, തകര്‍ന്ന സെന്‍സക്സിലൊലിച്ചു പോയ നഷ്ടങ്ങളുടെ കണക്കുകള്‍ക്കിടയിലൂടെ ചിന്തിച്ചിരിക്കുന്ന നരന്റെ മുടിയിഴകളില്‍ കൈവിരലോടിക്കുകയായിരുന്നു സായ.
“നരാ....”
“ങ്‌ഹും...”
“ഒരു കാര്യം ചോദിക്കട്ടെ ഞാന്‍.”
“ങ്‌ഹും...”
“നിനക്കെന്നോട് അപ്പോഴൊന്നും ദേഷ്യം തോന്നിയിരുന്നില്ലേ?”
“എപ്പോഴൊന്നും?”
“നമ്മള്‍ മാളുവിനെ കാത്തിരുന്ന കാലത്ത്... അന്നൊക്കെ ഞാന്‍ എല്ലാവരോടും പെരുമാറിയിരുന്നത്... നരനെ പോലും ഞാന്‍ അകറ്റി നിര്‍ത്തിയിരുന്നു, അല്ലേ?”
ഒന്നു തിരിഞ്ഞു കിടന്ന് സായയെ നോക്കി കൊണ്ട് നരന്‍ ചോദിച്ചു.
“എന്തേ ഇപ്പോ ഇങ്ങനെയെല്ലാം ചോദിക്കാന്‍?”
“വെറുതെ... അതൊക്കെ ഇന്നെന്തോ വെറുതെ ആലോചിച്ച് പോയി... പറ... എന്നോട് അപ്പോഴൊന്നും ദേഷ്യം തോന്നിയിരുന്നില്ലേ? ഇവളെന്താ ഇങ്ങനെ എന്ന് കരുതിയിരുന്നില്ലേ?”
നരന്‍ എഴുന്നേറ്റിരുന്നു. സായയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“എനിക്കെന്തോ ഇന്ന്, അതെല്ലാം ഓര്‍ത്തപ്പോള്‍ വല്ലാതെ സങ്കടം വന്നു... എന്റെ പൊട്ടത്തരത്തിന് എന്തോക്കെയാ ഞാന്‍...”
മനസ്സില്‍ നിന്ന് വന്നത് നാവറ്റമെത്താതെ മുറിഞ്ഞ് പോയി. സായ സാരിത്തുമ്പ് കൊണ്ട് കണ്ണുകളൊപ്പി.
“പറ നരാ... അന്നൊക്കെ വെറുത്തിരുന്നോ എന്നെ?
നരന് ഒന്നും പറയാനായില്ല. അവന്‍ മെല്ലെ അവളുടെ മടിയിലേക്കൂര്‍ന്നു. വെള്ളയില്‍ നീലപൂക്കളുള്ള സാരി മെല്ലെ മാറ്റി, സായയുടെ വയറിനു മുകളില്‍ അവന്‍ കൈപ്പടം വെച്ചു.
“ഈ സ്നേഹത്തിന്, ഈ ജീവിതത്തിന്, മാളുവിനെ എനിക്ക് തന്നതിന്, എങ്ങനെ, ഏത് ഭാഷയില്‍ ഞാന്‍ നന്ദി പറയും നിന്നോട് ?”
മാളുവിനെ ഗര്‍ഭത്തില്‍ പേറിയതിന്റെ മായാപാടുകളിലൂടെ സഞ്ചരിച്ച അവന്റെ വിരലുകള്‍ പൊക്കിള്‍ക്കൊടിയിലെത്തിയപ്പോള്‍ ഒന്ന് വിറച്ചു. ഒരു ദീര്‍ഘനിശ്വാസത്തിനൊടുവില്‍, നരന്‍ അവിടെ ഗാഢമായ് ചുംബിച്ചു.
സായ കണ്ണുകളടച്ചു.