Monday, March 12, 2007

കാക്കത്തൊള്ളായിരം കുന്നിക്കുരു

Click here to download the PDF version of this post

Earlier posted at
http://chinthukal.blogspot.com/2007/01/1.html

വലിയ ഒരു കൂടിനെ അനുസ്മരിപ്പിക്കുന്ന ജാലകപ്പടിയില്‍ ഇരുന്ന്, കഴിഞ്ഞ കുറെ സമയമായി സായ ആലോചിച്ചതു മുഴുവന്‍, ഉച്ചമയക്കത്തിന്നിടയില്‍ കണ്ട ഒരു സ്വപ്നത്തേയും സ്വപ്നത്തില്‍ കണ്ട മുഖങ്ങളെയും കുറിച്ചായിരുന്നു. സാധാരണ ഉച്ചക്ക് കിടന്നുറങ്ങുന്ന സ്വഭാവം ഇല്ലാത്തതാണ്. ഇന്നെന്തോ, അറിയാതെ ഉറങ്ങിപ്പോയി. ചായയുമായ് അമ്മ വന്ന് വിളിച്ചുണര്‍ത്തിയ മുതല്‍ അത് മനസ്സില്‍ കിടന്ന് കളിക്കുന്നു. മാളുവിനെ പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയപ്പോള്‍ അത് മറന്നതായിരുന്നു. ഇപ്പോള്‍, അര്‍ദ്ധരാത്രി കഴിഞ്ഞ ഈ സമയത്ത്, പുറത്തെ മഴയില്‍ നോക്കി ഇങ്ങനെയിരുന്നപ്പോള്‍ വീണ്ടുമോര്‍മ്മ വന്നു.

കോര്‍ത്തഴിഞ്ഞ മുത്തുമണികള്‍ പോലെ പൊഴിയുന്ന മഴത്തുള്ളികള്‍ നോക്കി കൊണ്ട് സായ ആ സ്വപ്നശകലങ്ങള്‍ കോര്‍ത്തെടുത്തു-നരനെ കേള്‍പ്പിക്കാന്‍.

മഴ തോരുന്ന ലക്ഷണം ഒന്നും കാണുന്നില്ല. ഇന്നും നരന്‍ പാതിരാ കഴിഞ്ഞേ വരലുണ്ടാകൂ. കഴിഞ്ഞ രണ്ട് മാസമായി ഇതു തന്നെയാണ് സ്ഥിതി. ഈയിടെയായ് അപൂര്‍ണ്ണമായ മയക്കങ്ങള്‍ക്കിടയിലെ നേര്‍ത്ത ഒരു ചുംബനത്തിന്റെ സാന്നിദ്ധ്യമായ് മാറിയിരിക്കുന്നു നരന്‍ എന്ന് സായയ്ക്ക് തോന്നി. തോന്നിയ ഉടനെ തന്നെ ആ ചിന്ത അവള്‍ പിന്‍‌വലിക്കുകയും ഒരിക്കലും നരനെ പറ്റി അങ്ങനെ ചിന്തിക്കാന്‍ പാടില്ല എന്ന് മനസ്സിലുറപ്പിക്കുകയും ചെയ്തു. പുറത്തേക്ക് നോക്കിയപ്പോള്‍ മഴ തോര്‍ന്നിരുന്നു.
അകലെ നിന്ന് നരന്റെ ബൈക്കിന്റെ ശബ്ദം കേട്ടു.

അടുക്കള അടച്ചു പൂട്ടി സായ വന്നപ്പോള്‍, മുറിയില്‍ നരനില്ലായിരുന്നു. ഓ, കക്ഷി ചാരുപടിയില്‍ മലര്‍ന്നു കിടക്കുന്നുണ്ടാകും. ഉമ്മറത്ത് ചെന്നു നോക്കിയപ്പോള്‍ ശരിയാണ്. സായയെ കണ്ടതും നരന്‍ പറഞ്ഞു.
“തല ചായ്ക്കാന്‍ ഒരു മടി വേണമെന്ന് ഇപ്പോള്‍ ആലോചിച്ചതേയുള്ളൂ.“
അവള്‍ അവന്റെ അടുത്ത് ചെന്നിരുന്നു. നരന്‍ മെല്ലെ തല അവളുടെ മടിയിലേക്കെടുത്തു വച്ച്, അവളുടെ വിരലുകള്‍ തന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതും കാത്തിരുന്നു. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം പതിവിലും കൂടിയപ്പോള്‍ നരന്‍ ചോദിച്ചു.
“ഭവതി ഇന്നു വലിയ ആലോചനയിലാണെന്ന് തോന്നുന്നല്ലോ? എന്താണ് ഇന്നത്തെ ചിന്താവിഷയം?”
അവന്റെ ഭാഗത്ത് നിന്നും ആ ഒരു തുടക്കമേ അവള്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. നരന്റെ തലമുടിയിഴകളിലൂടെ സായയുടെ വിരലുകള്‍ മെല്ലെ നീങ്ങി തുടങ്ങി.

- യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ആദ്യനാള്‍ വൈകീട്ട് വീണയാണ് അവള്‍ക്ക് അയാളെ കാണിച്ചു കൊടുത്തത്.
“നില്‍ക്ക് നില്‍‌ക്ക്... ഏതാണീ അവള്‍?”
“അവളുടെ പേരെനിക്കറിയില്ല.“
“പേരില്ലാതെയെങ്ങിനെയാ കഥ പറയുക?”
“ഒരു പേരു വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നമുക്കവളെ കുന്നിക്കുരു എന്ന് വിളിക്കാം.”
“കുന്നിക്കുരുവോ?”
“അതെ, കുന്നിക്കുരു! എന്താ വല്ല പ്രശ്നവുമുണ്ടോ?”
“ഇല്ല. കുന്നിക്കുരു, നല്ല പേര്! പക്ഷെ ഇങ്ങനെ ഒരു പേരിട്ടതിന്റെ ഔചിത്യം മനസ്സിലായില്ല.”
“ഔചിത്യമെന്തെന്നു വഴിയെ മനസ്സിലാവും. എന്തായാലും കേള്‍ക്കാ‍ന്‍ സുഖമുള്ള ഒരു പേരല്ലേ അത്. ഇത്തിരി ഒരു കാല്പനികഭാവമുള്ള, ഗൃഹാതുരത്വമുണര്‍ത്തുന്ന, മനസ്സില്‍ കുളുര്‍മ്മ പകരുന്ന ഒരു പേര്!”
“അതു ശരിയാണ്.. എന്തായാലും കുന്നിക്കുരുവിന്റെ ചന്തമുള്ള പെണ്‍കുട്ടിയെ ഞാന് മനസ്സില്‍ കണ്ടു കഴിഞ്ഞു... ഇനി നീ കഥയിലേക്ക് വാ...”
“അപ്പോളെന്താ പറഞ്ഞത്.. ആ...”
സായ കഥ തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ ആദ്യനാള്‍, വീണയാണ് അയാളെ അവള്‍ക്ക് കാണിച്ചു കൊടുത്തത്. ഡിഗ്രി ഒന്നാം വര്‍ഷത്തിന് പഠിക്കുകയായിരുന്ന അവള്‍ അപ്പോള്‍ കവിതാരചനാമത്സരം കഴിഞ്ഞിറങ്ങിയതേയുണ്ടായിരുന്നുള്ളു. കണ്ട മാത്രയില്‍ അവളെ ആകര്‍ഷിച്ചത് അയാളുടെ നടത്തമായിരുന്നു - വളരെ വേഗത്തില്‍, തലയുയര്‍ത്തി ആരെയും കൂസാതെയുള്ള നടത്തം!പിന്നെ അയാളെ കാണുമ്പോ‍ഴൊക്കെ വീണയുള്‍പ്പടെയുള്ള കൂട്ടുകാരൊക്കെ അയാളെ “എക്സ്പ്രസ്സ്” എന്ന് വിളിച്ച് കളിയാക്കി കൊണ്ടിരുന്നു. അവളാകട്ടെ, ആരുമറിയാതെ അയാളെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു.

പിറ്റേ ദിവസം കഥാരചനാമത്സരം കഴിഞ്ഞിറങ്ങുമ്പോള്‍ വീണ തന്നെയാണ് പറഞ്ഞത് അവരുടെ കോളേജിന്റെ നാടകം സംവിധാനം ചെയ്യാനാണ് അയാള്‍ വന്നിരിക്കുന്നതെന്ന്. കലോത്സവത്തിന്റെ അവസാ‍നദിവസം നടക്കുന്ന ഇനമാണ് നാടകമെന്നറിഞ്ഞപ്പോള്‍, പങ്കെടുക്കുന്ന മത്സരങ്ങളൊക്കെ കഴിഞ്ഞെങ്കിലും അവള്‍ കൂട്ടുകാരുടെയൊപ്പം അവിടെ തങ്ങി. രാത്രിയില്‍ നടക്കുന്ന മാപ്പിളപ്പാട്ട് കാണാനെന്ന വ്യാജേന ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങി അവള്‍ നാടകറിഹേഴ്സല്‍ നടക്കുന്ന ഹാളില്‍ പോയി കൂട്ടുകാരോടൊപ്പം നേരം വെളുപ്പിച്ചു. അതിന്റെ പ്രതിഫലമായ് കൂട്ടുകാര്‍ക്കെല്ലാം ‘സാഗറില്‍’ നിന്ന് വയറു നിറച്ചു ബിരിയാണിയും ഓഫര്‍ ചെയ്തു. അവളുടെ ഈ ക്രിയകളെല്ലാം അയാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നാടകമത്സരം കഴിഞ്ഞു. കൂട്ടുകാരെല്ലാം സമാപനചടങ്ങുകള്‍ കാണാനായ് മുഖ്യവേദിയിലേക്ക് പോയപ്പോള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായ് അവള്‍ പുറത്തേക്കിറങ്ങി. രാത്രിയാവുമ്പോഴേക്കുമെത്തുമെന്നു അച്ഛനോട് പറഞ്ഞ ശേഷം ബൂത്തില്‍ നിന്നും പുറത്തിറങ്ങിയ അവളേയും കാത്ത് അയാള്‍ പുറത്ത് നില്‍പ്പുണ്ടായിരുന്നു. അവള്‍ ഉള്ളാലെ ഒന്നു ചിരിച്ചു.

രണ്ട് ഫ്രൂട്ട്സലാഡ് ഓര്‍ഡര്‍ ചെയ്ത്, ഫാമിലി റൂമിലെ ഏ.സി. കുളിരില്‍ അവരിരിക്കെ, അയാള്‍ ചോദിച്ചു.
“എന്താ കുട്ടീടെ പേര്?”
അവള്‍ പേരു പറഞ്ഞു.
“എന്താ പേര്?”.
അവള്‍ ചോദിച്ചു.
അയാള്‍ പേരു പറഞ്ഞു.
ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു.
“എവിടെയാ വീട്?”
അവളുടെ കോളേജിന്റെ അടുത്ത് തന്നെയായിരുന്നു അയാള്‍ പറഞ്ഞ സ്ഥലം.
വീണ്ടും മൌനം.
ബെയറര്‍ രണ്ട് ഫ്രൂട്ട്സലാഡുമായ് വന്നു.
അവര്‍ ഫ്രൂട്ട്സലാഡ് കഴിച്ചു തീര്‍ത്തു.
പിന്നെയും മൌനം.
“ഇനിയെന്തെങ്കിലും വേണൊ?” - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
“എന്നെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ?”
ഇല്ലെന്ന് അവള്‍ തലയാട്ടി.
“തന്റെ കോളേജിന്റെ മുന്നിലുള്ള പാന്‍ ഷോപ്പ് കണ്ടിട്ടില്ലേ?”
ഉവ്വെന്നവള്‍ തലയാട്ടി.
“അതെന്റേതാണ്. എന്റെ അനിയന്‍ ------- നിങ്ങളുടെ കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റിയര്‍ ഫിസിക്സ്.”
“ഞാനും ഫസ്റ്റിയര്‍ ഫിസിക്സാണ്.”
“അറിയാം.”
അതവള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍ തന്നെ കുറിച്ചെല്ലാം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!
“ഞാന്‍ കുട്ടിയെ കുറെ കാലമായ് ശ്രദ്ധിക്കുന്നു. പ്രീഡിഗ്രിക്കും ഇതേ കോളേജിലായിരുന്നില്ലെ?”
അതെയെന്നവള്‍ തലയാട്ടി.ചെറിയൊരു മടിയോടെ അയാള്‍ തുടര്‍ന്നു.
“അന്നു മുതലേ കുട്ടിയെ എനിക്ക് ഇഷ്ടമാണ്... സത്യം പറഞ്ഞാല്‍ കുട്ടിയെ കാണാന്‍ വേണ്ടിയാ ഞാനീ നാടകത്തിന്...... ”
അവള്‍ അമ്പരപ്പോടെ അയാളെ നോക്കി. ഇത്ര പെട്ടന്ന് അയാളിങ്ങനെ പറയുമെന്ന് അവള്‍ കരുതിയില്ല.
അവള്‍ മുഖം കുനിച്ചിരുന്നു.അവളുടെ അസ്വസ്ഥത മനസ്സിലാക്കി കൊണ്ടയാള്‍ ചോദിച്ചു.
“കുട്ടിക്കെന്നെ ഇഷ്ടമാണൊ എന്നു ഞാനിപ്പോള്‍ ചോദിക്കുന്നില്ല...”
“അല്ല ചോദിച്ചോളൂ...”
അവള്‍ പറഞ്ഞു. അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
“എന്താ ചോദിക്കുന്നില്ലേ?”
“കുട്ടിക്കെന്നെ ...ഇഷ്ടമല്ലേ?”
“അല്ല!!!”
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
“ഫ്രൂട്ട്സലാഡിനു നന്ദി!!!”അവള്‍ പുറത്തേക്കിറങ്ങി.

നരന്‍ അമ്പരന്നിരുന്നു. അവനൊന്നും മനസ്സിലായില്ല.
“ഇന്നിത്രയും മതി. എനിക്കുറക്കം വരുന്നു.”സായ പറഞ്ഞു.
“അല്ല, അപ്പോള്‍ കഥ?”
നരന്റെ ആകാംക്ഷ ആസ്വദിച്ചു കൊണ്ട് സായ പറഞ്ഞു.
“നാളെ പറയാം. എനിക്കുറക്കം വരുന്നു നരാ...!”
ഇനി ഇവളെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല-നരനോര്‍ത്തു.
അന്ന് രാത്രി സായ സുഖമായി ഉറങ്ങി.
‘കുന്നിക്കുരു‘വിന്റെ നിരാസത്തിന്റെ അര്‍ത്ഥമറിയാതെ, കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും നരന്‍ നേരം വെളുപ്പിച്ചു!

പിറ്റേന്ന് നരന്‍ നേരത്തെ ഓഫീസില്‍ നിന്നു വന്നു. പതിവിലും നേരത്തെ അത്താഴം കഴിച്ച് ഉമ്മറത്ത് വന്നിരുന്നു.
സായ മോളെ ഉറക്കിക്കിടത്തി, അടുക്കളപ്പണിയെല്ലാം സാവധാനം തീര്‍ത്ത് ഉമ്മറത്തെത്തി, തൂണും ചാരിയിരിക്കുന്ന നരന്റെ മടിയില്‍ കിടന്ന് പറഞ്ഞു തുടങ്ങി.

പിന്നീടവര്‍ ദിവസവും കാണുമായിരുന്നു.
കോളേജില്‍ നിന്നിറങ്ങുമ്പോഴൊക്കെ അവളുടെ നോട്ടം അവന്റെ പാന്‍ ഷോപ്പിലേക്ക് അറിയാതെ നീളും. അവിടെ സിഗററ്റും പുകച്ചിരിക്കുന്ന കോളേജ്‌കുമാരന്മാര്‍ ആ നോട്ടം തന്താങ്ങള്‍ക്കാണെന്നു പറഞ്ഞു കലഹിക്കും. ഈ സംഭവങ്ങളുടെയൊന്നും അര്‍ത്ഥമറിയാതെ അവന്‍ മിഴിച്ചിരിക്കും. ആ കൊല്ലം മുഴുവന്‍ ഈ സംഭവപരമ്പര തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവം വന്നു. അവള്‍ കഥാരചനയിലും കവിതാരചനയിലും പങ്കെടുത്തു. അയാള്‍ അവരുടെ കോളേജിന്റെ നാടകം സംവിധാനം ചെയ്തു. അവള്‍ അവസാനദിവസം വരെ കാത്തിരുന്നു. സമാപനചടങ്ങുകള്‍ക്ക് പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിക്കാനായ് അവള് പുറത്തുപോയി‍. ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍!

അവര്‍ അതേ ഐസ്ക്രീം പാര്‍ലറിലെ അതേ മുറിയില്‍ രണ്ട് ഫ്രൂട്ട്സലാഡും കഴിച്ചിരുന്നു.
"ഇനിയെന്തെങ്കിലും വേണൊ?" - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.മൌനം.
"ഇഷ്ടമാണൊ എന്നു ചോദിക്കുന്നില്ലേ...?"
അവള്‍ ചോദിച്ചു.
അയാള്‍ അമ്പരന്നു.വീണ്ടും മൌനം.
"എന്താ ചോദിക്കുന്നില്ലേ?"
"കുട്ടിക്കെന്നെ... ഇഷ്ടമാണോ?"
"അതെ!!!"
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
അവര്‍ ഒരുമിച്ച് പുറത്തേക്കിറങ്ങി.

നരന് ദേഷ്യം വന്നു.
"എന്നാല്‍ പിന്നെ ഇതാദ്യമേ പറഞ്ഞാ പോരേ?"
"അപ്പോള്‍ അവള്‍ക്ക് പറയാന്‍ തോന്നിയില്ല. അത്ര തന്നെ!"
സായ പ്രതിരോധിച്ചു."
പിന്നെ ഒരു കൊല്ലം കഴിഞ്ഞ് പറയാന്‍ തോന്നിയതോ?"
"അതിനു പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടായേക്കാം. അവള്‍ക്ക് മാത്രമറിയുന്ന ഒന്ന്."

[ഇനി കാരണങ്ങളൊന്നുമില്ലെങ്കിലും ഞാനത് അവളെ കൊണ്ട് ഇന്നലെ പറയിപ്പിക്കുമോ നരാ... പറഞ്ഞിരുന്നെങ്കില്‍ നീ ഇന്നു നേരത്തെ ഓഫീസില്‍ നിന്നു വരുമായിരുന്നോ? പെണ്ണുങ്ങളുടെ മനസ്സില്‍ മാത്രമല്ല, ബുദ്ധിരാക്ഷസന്മാരെന്ന് നടിക്കുന്ന ഐ.ടി.കാരന്റെ ഉള്ളിലും തുടരന്‍ ആസ്വദിക്കുന്ന ഒരു ‘പൈങ്കിളി‘ മനസ്സുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലെ?]

"എന്തു കാരണം?"
"അതെനിക്കറിയില്ല, അതന്വേഷിക്കല്‍ എന്റെ പണിയുമല്ല. ബാക്കി കേള്‍ക്കണമെങ്കില്‍ പറയാം, ഇല്ലെങ്കില്‍ നിര്‍ത്തി പോയി കിടന്നുറങ്ങാം!"
നരന്‍ കീഴടങ്ങി.
സായ തുടര്‍ന്നു.

അവര്‍ പ്രണയിച്ചു.
കടലിന്റെ ആഴങ്ങളോളം ആകാശത്തിന്റെ അനന്തതയോളം അവര്‍ പരസ്പരം മനസ്സു കൊണ്ടു പ്രണയിച്ചു.
എങ്കിലും അവന്‍ ഇടയ്ക്കിടക്ക് അവളോട് ചോദിക്കും.
"എന്നെ ഇഷ്ടമാണോ?"
"അതെ"
അവന് ആ ഉത്തരം ബോദ്ധ്യപ്പെടില്ല. അവന്‍ വീണ്ടും ചോദിക്കും.
"എത്ര ഇഷ്ടമാണ്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറയും. അവന്‍ അവളുടെ കരം കൂടുതല്‍ മുറുക്കത്തോടെ ഗ്രഹിക്കും. ഒരു നാള്‍ അവന്‍ പറഞ്ഞു.
"എനിക്കൊരുമ്മ വേണം!"
അവന് അതൊരാഗ്രഹമായിരുന്നില്ല, ആവശ്യമായിരുന്നു.അവള്‍ക്കത് മനസ്സിലായി.
"തന്നാല്‍ എനിക്കെന്തു പകരം തരും?"
"എന്തു വേണം?"
അവള്‍ ആലോചിച്ചു
കുന്നിക്കുരു."
"എന്ത്?"
"ഒരുമ്മക്ക് ഒരു കുന്നിക്കുരു!!!"
അവനാകെ തകര്‍ന്നു.
വിഷമത്തോടെ ചോദിച്ചു.
"കുന്നിക്കുരുവിന് ഞാനെവിടെ പോകും?"
"അതെനിക്കറിയില്ല. പക്ഷെ അത് വേണമെങ്കില്‍ ഇതും വേണം."
അവള്‍ ശഠിച്ചു.

നാല് നാളുകള്‍ക്കു ശേഷം, അവന്റെ അനിയന്‍ അവള്‍ക്ക് തിരിച്ചു നല്‍കിയ നോട്ട്പുസ്തകത്തിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു-
ഇന്നു രാത്രി ഞാന്‍ നിന്റെ വീട്ടില്‍ വരും, ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ്! കാത്തിരിക്കുക!!

രാത്രിയായി. അവള്‍ പടിപ്പുരയില്‍ കാത്തിരുന്നു.അവന്‍ വന്നു. കറുപ്പ് നിറമുള്ള ഒരു മണിച്ചെപ്പവള്‍ക്കു കൊടുത്തു.അവളത് തുറന്നു. കുന്നിക്കുരുക്കളുടെ ചുവപ്പുനിറം അവളുടെ കവിളുകളില്‍ പ്രതിഫലിച്ചു.
"ഇതെത്രയുണ്ട്?"
അവള്‍ ചോദിച്ചു.
"കാക്കത്തൊള്ളായിരം!!!"
"അയ്യേ കള്ളം. ഇതത്രയൊന്നുമില്ല?"
"ആരു പറഞ്ഞു? സംശയമുണ്ടെങ്കില്‍ എണ്ണി നോക്കൂ."
അവള്‍ കുന്നിക്കുരുക്കള്‍ എണ്ണിത്തുടങ്ങി.
പക്ഷെ, അവളത് എണ്ണിത്തീര്‍ക്കുന്നതിന് മുന്‍പേ അവര്‍ പടിപ്പുരയിലിരിക്കുന്നത് ആരോ കണ്ടു.വീട്ടുകാര്‍ ഉണര്‍ന്നു. അവരുടെ ബന്ധം നാട്ടിലാകെ പാട്ടായി.അവളുടെ വീട്ടുകാര്‍ ശക്തിയായ് എതിര്‍ത്തു. വഴക്കായി, കയ്യാങ്കളിയായി.അവസാനം വേര്‍പിരിയാന്‍ അവര്‍ തീരുമാനിച്ചു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്നെ കെട്ടിപ്പിടിക്കൂ."
നരന്‍ അവളെ തന്നോടു ചേര്‍ത്തു കിടത്തി. സായ കഥ തുടര്‍ന്നു.

വീട്ടുകാര്‍ അവളെ ഒരു വിദേശവാ‍സിയായ വരനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.
കരളില്‍ കാക്കത്തൊള്ളായിരം കുന്നിക്കുരുക്കളും കൊണ്ടവള്‍ അന്യദേശത്തേക്ക് പറന്നു.
ദിവസവും ആകാശത്തുദിക്കുന്ന കുന്നിക്കുരുവും നോക്കി അവനിരുന്നു. അവന്റെ കരളിന്റെ ഖജനാവില്‍ ആ കുന്നിക്കുരുക്കള്‍ അവന്‍ സൂക്ഷിച്ചു വച്ചു.

കാലം കടന്നു പോയി. അവര്‍ക്ക് വയസ്സായി, അവരുടെ പ്രണയം കൂടുതല്‍ ചെറുപ്പവും.
അവള്‍ അമ്മയായി, അമ്മൂമ്മയായി. അവന്‍ ഭൂമിയില്‍ കൂ‍ടുതല്‍ അനാഥനായി.

വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നു-ഭര്‍ത്താവിന്റെ ശേഷക്രിയ ചെയ്യാന്‍!
അവനത് അറിഞ്ഞുവെങ്കിലും അവളെ കാണാന്‍ ശ്രമിച്ചില്ല.
ദിവസങ്ങള്‍ക്ക് ശേഷം അവനൊരു കത്ത് കിട്ടി-ആദ്യമായ് അവള്‍ അവനായ് എഴുതുന്ന കത്ത്!
- ഇന്നു രാത്രി ഞാന്‍ ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ് കാത്തിരിക്കും!!

അവന്‍ അവിടെയെത്തിയപ്പോള്‍ അവള്‍ പടിപ്പുരയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു-കയ്യിലൊരു മണിച്ചെപ്പുമായ്!
അവര്‍ പരസ്പരം നോക്കി. വര്‍ഷങ്ങളുടെ ഇപ്പുറത്തണ് തങ്ങളെന്ന് അവര്‍ക്കു തോന്നിയില്ല.അവന്‍ ചോദിച്ചു.
"ഇതിനിയും എണ്ണി തീര്‍ന്നില്ലേ?"
"ഞാനെണ്ണി തിട്ടപ്പെടുത്തിയതാണ്."
"എത്രയുണ്ട്?""കാക്കത്തൊള്ളായിരം!!!"
അവള്‍ പറഞ്ഞു
മൌനം.
"ഉമ്മ വേണ്ടേ?"
അവള്‍ ചോദിച്ചു. അവന്റെ മുഖം പ്രകാശിച്ചു.
"അതിനായ് ഞാന്‍ എന്റെ മനസ്സു നിറയെ കുന്നിക്കുരു സൂക്ഷിച്ചു വെച്ചിട്ടുണ്ട്."
"മണിച്ചെപ്പിലുള്ളത് കൂടാതെ ഇനിയുമുണ്ടോ?"
"ഉണ്ട്.""എത്ര?""കാക്കത്തൊള്ളായിരം!!!"
"ഈശ്വരാ... അപ്പോള്‍ മൊത്തം എത്രയായി?"
"കാക്കത്തൊള്ളായിരവും കാക്കത്തൊള്ളായിരവും കൂട്ടിയാല്‍...?"
"കൂട്ടിയാല്‍...?"
"കാക്കത്തൊള്ളായിരം!!!!!"
അവര്‍ ചിരിച്ചു.
അവന്‍ അവളുടെ കരം ഗ്രഹിച്ചു. അവളെ തന്നിലേക്കടുപ്പിച്ചു.
അവള്‍ പതുക്കെ അവന്റെയടുത്ത് പറ്റിയിരുന്നു. അവന്റെ ചുളിവുകള്‍ വീണ കവിളില്‍ മെല്ലെ ഒരുമ്മ വെച്ചു.
അവന്‍ എണ്ണി- "ഒന്ന്."
അവള്‍ ഒരുമ്മ കൂടി കൊടുത്തു... അവന്‍ എണ്ണല്‍ തുടര്‍ന്നു.

പ്രണയത്തിന്റെ സമവാക്യങ്ങള്‍ ഇന്നേ വരെ വിശദീകരിച്ചിട്ടില്ലാത്ത ആ കൂട്ടല്‍ പ്രക്രിയ, ഒരു സംഖ്യയില്‍ നിന്ന് അടുത്ത സംഖ്യയിലേക്ക് തുടര്‍ന്നു. ഒന്നിന്റെയും കാക്കത്തൊള്ളായിരത്തിന്റെയുമിടയ്ക്കുള്ള ഏതോ ഒരു സംഖ്യയില്‍ അവന് എണ്ണം പിഴച്ചപ്പോള്‍, അവള്‍ അവന്റെ ശരീരത്തേക്ക് കുഴഞ്ഞു വീണു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്താ എന്നെ കെട്ടിപ്പിടിക്കാത്തേ?"
"ഞാന്‍ കെട്ടിപിടിച്ചിട്ടുണ്ട്."
നരന്‍ അവളെ ഒന്നുകൂടി തന്നോടു ചേര്‍ത്തു കിടത്തി.
"നല്ല കഥ."
"അതിന് കഥ തീര്‍ന്നിട്ടില്ല.
"സായ കഥ തുടര്‍ന്നു.


രാവിലെ എഴുന്നേറ്റു വന്ന അവളുടെ മക്കള്‍ കണ്ടത് ഉമ്മറക്കോലായില്‍ മരിച്ചു കിടക്കുന്ന അമ്മയെയാണ്.
അവര്‍ അവളെ ആ വളപ്പില്‍ തന്നെ ദഹിപ്പിച്ചു.ചടങ്ങില്‍ അയാളും പങ്കെടുത്തു.
അന്നു രാത്രി എല്ലാരും ഉറങ്ങിയപ്പോള്‍, കയ്യിലൊരു മണിചെപ്പുമായ് അയാള്‍ പുറത്തിറങ്ങി. പോകും വഴിയിലെല്ലാം ഓരോ കുന്നിക്കുരു നിലത്തിട്ട് കൊണ്ടയാള്‍ അവളുടെ കുഴിമാടത്തിന്നടുത്തെത്തി.

പിറ്റേന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്, അവളുടെ കുഴിമാടത്തിന്നരികില്‍ മരിച്ചു കിടക്കുന്ന അയാളെയായിരുന്നു.ആ കുഴിമാടത്തില്‍ പൂക്കള്‍ വിരിഞ്ഞ പോലെ എണ്ണിയാല്‍ തീരാത്തത്രയും കുന്നിക്കുരുക്കളുണ്ടായിരുന്നു-
കാക്കത്തൊള്ളായിരം കുന്നിക്കുരു‍!!!

പര്യവസാനം:
നരന്റെ മാറോട് ചേര്‍ന്നു കിടന്നു ഒരുറക്കം കഴിഞ്ഞെഴുന്നേറ്റ സായ ചോദിച്ചു.
"ഉറങ്ങിയില്ലേ ഇതു വരെ?"
"ഉറക്കം വന്നില്ല."
"എന്തേ?"
"ഞാനാലോച്ചിക്കുകയായിരുന്നു... ചില മനുഷ്യരെ മനസ്സിലാക്കാന്‍ എന്തു പ്രയാസമാണ്?..."
ഒരു നിമിഷാര്‍ദ്ധത്തെ മൌനത്തിന് ശേഷം, നരന്റെ അഭിപ്രായത്തോട് സായ കൂട്ടിച്ചേര്‍ത്തു.
"ചില ബന്ധങ്ങളേയും...!!!"
എന്നീട്ട് സായ നരനെ തന്നാല്‍ കഴിയുന്നത്ര മുറുക്കെ കെട്ടിപ്പിടിച്ചു.
-------------------------------------------------------------------------------------------------------------------------------
Earlier posted at http://chinthukal.blogspot.com/2007/01/1.html

2 comments:

സനോജ് കിഴക്കേടം said...

***!നല്ല ഭാവന... സിനിമാക്കഥകള്‍ എഴുതാറുണ്ടോ ? നല്ല കട്ടിംഗ്സ്.

ദൃശ്യന്‍ said...

സനോജേ,
വന്നതിനും വായിച്ചതിനും കമന്‍‌റ്റിയതിനും നന്ദി.
***! - അതെന്തിനെന്നു മനസ്സിലായില്ല.

സിനിമയ്ക്കായ് കഥകള്‍ എഴുതാറില്ല-ആരും ഇതു വരെ എഴുതാന്‍ പറഞ്ഞിട്ടുമില്ല. കുറച്ച് തിരക്കഥാക്ലാസ്സുകളില്‍ പങ്കെടുത്തിട്ടുണ്ട്, അതിനാല്‍ തിരക്കഥകള്‍ എഴുതാന്‍ ശ്രമിച്ചിട്ടുമുണ്ട്. പിന്നെ ഒരുപാടൊരുപാട് തിരക്കഥകള്‍ വായിച്ചിട്ടുണ്ട്, അതിലുമൊരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്.

ഈ കഥയില്‍ ചെറുതായ് ഒന്നു പരാമര്‍ശിച്ച ചില വിഷയങ്ങള്‍ കൂടി ചേര്‍ത്ത് ഒരു തിരക്കഥാരൂപത്തില്‍ വെറുതെ എഴുതി തുടങ്ങിയതാണ് ഈ കഥ. (അതു കൊണ്ടാവാം ഇത്തിരി കൂടുതല്‍ പൈങ്കിളി കലര്‍ന്നത്).

സസ്നേഹം
ദൃശ്യന്‍