Sunday, February 25, 2007

ഒരു I.T. കാരന്‍‌റ്റെ സാദാ ആഗ്രഹം

Click here to download the PDF version of this post

ന്നലെ മുതലാണ് നരന് ആ ആഗ്രഹം കലശലായുണ്ടായത്. ഇതു വരെ അതു തോന്നുമ്പോളൊക്കെ അടക്കി പിടിച്ച് ഇരിക്കാറാണ് പതിവ്. അല്ലെങ്കില്‍ അവനത് തോന്നുന്നുണ്ടെന്ന് പ്രിയപത്നി സായ പെട്ടന്ന് മനസ്സിലാക്കുകയും അതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. പക്ഷെ ഇക്കുറി ആ ആഗ്രഹം തന്‍‌റ്റെ ഉള്ളില്‍ മെല്ലെ മെല്ലെ വളര്‍ന്ന് കലശലാവുന്നത് നരനറിഞ്ഞു. അതിനു പ്രധാനകാരണം ഇക്കുറി അതു മെല്ലെ തല പൊക്കിയപ്പോഴൊക്കെ സായ കൂടെയുണ്ടായിരുന്നില്ല എന്നതാണെന്ന് തെല്ലൊരു അതിശയത്തോടെ അവന്‍ മനസ്സിലാക്കി. ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ഒരുപാടുണ്ടായ ഏതോ മഹാനായിരിക്കണം "Behind every successful man there is a woman" എന്ന് പറഞ്ഞത്.

കാര്യം സീരിയസ്സായി തുടങ്ങിയത് ഇന്നലെ ഓഫീസ്സില്‍നിന്നു എല്ലാവരും കൂടി PVRല്‍ പോത്തന്‍ബാവ കാണാന്‍ പോയപ്പോഴാണ്. സാധാരണ PVRകാര്‍ക്ക് അങ്ങനെ പറ്റാറില്ലാത്തതാണ്. സംഗതി പടം സാമാന്യം ബോറായിരുന്നു എന്നത് പരമാര്‍ത്ഥം, പക്ഷെ എന്തൊക്കെയായാലും മമ്മൂക്ക വില്ലന്‍‌റ്റെ മുഖത്ത് നോക്കി ഡയലോഗ് പറയുന്ന നേരത്ത് കറന്‍‌റ്റ് പോകാമോ?

കോഴിക്കോട് അപ്സര, തൃശ്ശൂര്‍രാഗം, എറണാംകുളം ഷേണായീസ്, തിരുവന്തപുരം കൃപ മുതലായ A ക്ലാസ്സ് തിയേറ്ററുകളിലും ഫറോക്ക് പ്രീതി, കുണ്ടോട്ടി കവിത, മലപ്പുറം ഡിലൈറ്റ് മുതലായ B ക്ലാസ്സ് തിയേറ്ററുകളിലും രാമനാട്ടുകര ബാലകൃഷ്ണ, പുളിക്കല്‍അമ്പാടി, തൃക്കണ്ണാപുരം ശാന്തി മുതലായ C ക്ലാസ്സ് തിയേറ്ററുകളിലും തേഞ്ഞിപ്പാലം രമ്യ, ജലഹള്ളി യിലെ പേരില്ലാത്ത ഷെഡ്ഡ് കൊട്ടക തുടങ്ങിയ ക്ലാസ്സില്ലാത്ത തിയേറ്ററുകളിലും ഒരുപാട് ചലച്ചിത്രകാവ്യങ്ങള്‍ഇടിച്ചുത്തള്ളിയും തള്ളാതെയും കണ്ട ഒരു ശരാശരി മലയാളിപ്രേക്ഷകന് അത് സഹിക്കാനാവുമോ? അതും നാട്ടിലാണെങ്കില്‍ 2 സിനിമയും 1 ബിരിയാണിയും 1 പാക്കറ്റ് വില്‍‌സും വസൂലാക്കാവുന്ന 130രൂപ എന്ന വന്‍‌തുക കൊടുത്ത് സിനിമ കാണുമ്പോള്‍?

(ഇതു വരെ കണ്ടിട്ടില്ലാത്ത) അന്തരാത്മാവില്‍നിന്നും (എന്നും കാണുന്ന) ശരീരത്തിന്‍‌റ്റെ ഓരോ രോമകൂപങ്ങളില്‍നിന്നും, സര്‍വ്വോപരി ഹൃദയത്തില്‍ നിന്നും, 20KHzനും മുകളില്‍പോയേക്കാവുന്നത്ര ശബ്ദത്തില്‍ ഒരു കൂവല്‍ ഉയര്‍ന്നു വന്നതാണ് !!! പക്ഷെ ഒരു ITകാരന്‍‌റ്റെ ദുരഭിമാനം അതേ ITകാരന്‍‌റ്റെ ഒരു സാദാ ആഗ്രഹത്തിന്‍‌റ്റെ കടയ്ക്കല്‍ കത്തി വച്ചു. പക്ഷെ ആ ആഗ്രഹത്തിന്‍‌റ്റെ കനല്‍ കെടുത്താന്‍ഇക്കുറി പറ്റിയില്ല. കെടുത്താന്‍ അവന്‍‌റ്റെ ബെറ്റര്‍ഹാഫും കൂടെ ഉണ്ടായിരുന്നില്ല!

സഫലീകരിക്കാനാവാത്ത ആഗ്രഹങ്ങള്‍ഉള്ള മനുഷ്യര്‍ദുഷ്ടാത്മാക്കളായ് അലഞ്ഞുതിരിഞ്ഞ് നടക്കുമെന്ന ഭയം ഉള്ളില്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ഒന്നുറക്കെ കൂവുകഎന്ന ദുഷ്‌ചിന്ത നരനെ വിട്ടു പോയതേയില്ല. ഇന്നലെ രാത്രി ഒരു വിധമാണ് കിടന്നുറങ്ങിയത്. കട്ടിലില്‍തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് കണ്ട് സിഗററ്റ് വലി നിര്‍ത്തിയത്തിന്‍‌റ്റെ ആഫ്‌റ്റര്‍ഇഫക്ട് ആണോ?“ എന്ന് സായ ചോദിക്കുകയും ചെയ്തു. ഇക്കുറി ഒരു ഭര്‍ത്താവിന്‍‌റ്റെ ദുരഭിമാനം സത്യം തുറന്ന് പറയുന്നതില്‍നിന്ന് അവനെ വിലക്കി.

രാവിലെ എണീറ്റ് എല്ലാം ഒന്നു മറന്നിരിക്കുമ്പോഴാണ് പ്രിയപുത്രി മാളു "അച്ഛന്‍ഇന്നലെ രാത്രി ഉറങ്ങിയില്ലേ?“ എന്നു ചോദിച്ചു കൊണ്ട് സ്നേഹിക്കാന്‍വന്നത്. കൂടുതല്‍ സ്നേഹവുമായ് ഭാര്യാമാതാവും ഭാര്യാപിതാവും [ഭാര്യാ (മാതാവും പിതാവും) എന്നും വേണമെങ്കില്‍എഴുതാം, പണ്ട് കണക്ക് പഠിച്ചതിന്‍‌റ്റെ ഗുണമേ!] ചോദ്യം ഏറ്റുപിടിക്കുകയും ചെയ്തു. വന്ന കലിപ്പിന് നാവില്‍നിന്നും സംസ്കൃതം ഒന്നും വീഴിക്കല്ലേ പറശ്ശിനികടവ് മുത്തപ്പാ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് അവിടെ നിന്നും മെല്ലെ വലിഞ്ഞു.

ആഗ്രഹം അതിന്‍‌റ്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത് ഓഫീസ്സില്‍എത്തി ഒരു client മീറ്റിംഗില്‍ പങ്കെടുത്തപ്പോഴാണ്. അമേരിക്കയില്‍നിന്നുള്ള ഡാറ്റാസെന്റര്‍ ഇന്‍ഡ്യയിലേക്ക് പറിച്ചു നടുന്നതിനെ പറ്റിയുള്ള കൂലംകഷമായ വട്ടമേശസമ്മേളനത്തിന്‍‌റ്റെ ഇടയില്‍, കമ്പനിയുടെ പുതിയ VP-Technical Operations ബല്‍‌വന്തര്‍ദോഷി സിംഗ് എന്ന B.D./ബീഡി സിംഗ് വന്ന് തമ്മില്‍ ബന്ധമില്ലാത്ത കാര്യങ്ങള്‍ പറയാന്‍തുടങ്ങിയ നിമിഷം മുതല്‍, ഏദന്‍‌തോട്ടത്തില്‍ ഹവ്വായ്ക്ക് ഉണ്ടായ ആഗ്രഹത്തേക്കാള്‍ ശക്തിയില്‍ കൂവലാഗ്രഹം പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി. അക്വാഫിനായുടെ 2 കുപ്പി വെള്ളവും ഒരു സുലൈമാനിയും (സോറി, കണ്ഠ്കൌപീനധാരികളുടെയും ITകാരുടെയും language-ല്‍Lime Tea എന്നും പറയും). കുടിച്ചുത്തള്ളിയിട്ടും വയറ്റിലെ ആന്തല്‍ അടങ്ങിയില്ല. സിംഗിനോടുള്ള ദേഷ്യത്തില്‍ കുറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ വായിച്ചു നോക്കി. കയ്യിലുള്ള സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്തും വായിച്ചു നോക്കി. ഒരു രക്ഷയുമില്ല!
പാപ‌ചിന്തകള്‍ അടങ്ങുന്നില്ല!!

മീറ്റിംഗ് , ലഞ്ച് എന്നിവ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി, മഡിവാള സില്‍ക്ക് ബോര്‍ഡ് സിഗ്നലില്‍ കുടുങ്ങി കിടക്കുമ്പോള്‍, മനസ്സിന്‍‌റ്റെ ഒരു ഭാഗം ആഗ്രഹത്തിന്‍‌റ്റെ genuinityയെ പറ്റി ആലോചിച്ചു തുടങ്ങിയപ്പോളാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളായത്. എത്ര ആലോചിച്ചിട്ടും നരന് മനസ്സിലായില്ല എന്തു കൊണ്ടാണ് ഇത്ര ചെറിയ ഒരു ആഗ്രഹം ഇത്ര വലിയ മാനസികപ്രശ്നമായ് മാറിയതെന്ന്. ഉറക്കെയൊന്നു കൂവുക എന്ന ചെറിയൊരു ആഗ്രഹം സഫലീകരിക്കാന്‍ കഴിയാത്ത ഈ ജീവിതമെന്ത് ജീവിതം?
ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം
??
എത്ര
ലക്ഷം ശമ്പളം കിട്ടിയിട്ടെന്തു കാര്യം???

ചിന്തകള്‍ ഇത്രടം ആയപ്പോളേക്കും വീടെത്തി.

സായ ഉണ്ടാക്കി തന്ന അടിപൊളി കട്ടങ്കാപ്പി കുടിച്ചു കൊണ്ട് തറയില്‍ മലന്നു കിടന്നു. പാപചിന്തകള്‍ മറക്കാനായി കുടിച്ച കട്ടങ്കാപ്പിയെ കുറിച്ചാലോചിച്ചു. അല്ലെങ്കിലും എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഏത് ഡിഷും അവള്‍നന്നായി ഉണ്ടാക്കും.കഞ്ഞി, ജീരകവെള്ളം, മുട്ട ചിക്കി പൊരിച്ചത് എന്നത് ഉദാഹരണങ്ങളില്‍ ചിലത് മാത്രം. ചോറ്, സാമ്പാര്‍, മീന്‍‌കറി, കൂട്ടുകറി തുടങ്ങിയ അതിസങ്കീര്‍ണ്ണവിഭവങ്ങളിലുള്ള സ്പെഷലൈസേഷന്‍ കല്യാണം കഴിഞ്ഞ പിറ്റേ ദിവസം മുതല്‍ തുടങ്ങിയതാണ്. ഇനിയും പഠിച്ചു തീര്‍ന്നിട്ടില്ല എന്നാണ് കഴിഞ്ഞ ഞായറാഴ്ച അവളുണ്ടാക്കിയ രസം കഴിച്ചപ്പോള്‍ തനിക്ക് തോന്നിയത്. ആലോചനകള്‍ മുഖത്ത് പ്രതിഫലിച്ചപ്പോള്‍ "എന്തിനാണ് ചിരിക്കുന്നത്" എന്ന് അടുത്തിരുന്ന് ചുമരില്‍ ചിത്രം വരച്ചു കളിക്കുകയായിരുന്ന മാളു ചോദിച്ചു. അറിയാതെ ആലോചന പറഞ്ഞുപോയതോടെ നിലത്തെ സുഖകരമായ കിടപ്പ് അവസാനിപ്പിച്ച് കുളിക്കാന്‍ പോകേണ്ടി വന്നു. പക്ഷെ ഉറക്കെ കൂവുക എന്ന പാപ‌ചിന്തയെ കഴുകിനീക്കാന്‍ പൈപ്പിലൂടെ വരുന്ന കാവേരി വെള്ളത്തിനുമായില്ല!

അത്താഴം കഴിഞ്ഞ്, അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് 11മണിക്ക് സായ വന്നപ്പോഴും നരന്‍ ചിന്തകളുടെ വേലിയേറ്റത്തിലായിരുന്നു. "കിടക്കാറായില്ലേ?" എന്നവള്‍ ചോദിച്ചപ്പോള്‍ "നീ കിടന്നോ, പണിയുണ്ട്, ഞാന്‍വൈകും" എന്നു പറഞ്ഞ് ലാപ്‌ടോപ് തുറന്നുവെച്ച് വെറുതെ ബ്രൌസ് ചെയ്തിരുന്നു. ഈ നൂറ്റാണ്ടിലെ Mrs.ITകാരുടെ ഏറ്റവും വലിയ ശത്രുവായ ഈ ഉപകരണം തുറന്നു കഴിഞ്ഞാല്‍, പിന്നെ അവള്‍ തന്നെ ശല്യം ചെയ്യാന്‍ വരാറില്ല. പക്ഷെ ഇന്റര്‍വലയ്ക്കൊന്നും നരന്‍‌റ്റെ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ പറ്റിയില്ല. മടിമുകളിലിരിക്കുന്ന കുന്ത്രാണ്ടംടപ്പെന്ന് പൂട്ടി വെച്ച് നേരെ ടെറസ്സിലേക്ക് പോയപ്പോള്‍, പട പേടിച്ചു പന്തളത്തില്‍ പോയ പഴമക്കാരന്‍‌റ്റെ അവസ്ഥ!
ആ മഹാനഗരത്തിലെ
ശുനകരും അവരുടെ ബന്ധുക്കളും ബന്ധുക്കളുടെ ബന്ധുക്കളും എല്ലാം ആ പ്രദേശത്ത് ഒത്തു കൂടി, അന്താക്ഷരി കളിക്കുന്നത് പോലെ കൂവി കൂവി രസിക്കുന്നു!!!
ഒരുത്തന്‍ നിര്‍ത്തിയാല്‍ മറ്റൊരുത്തന ്‍തുടങ്ങും
, അവന്‍ നിര്‍ത്തിയാല്‍ മറ്റൊരുത്തന്‍. ആരും മിണ്ടാതായാല്‍ എല്ലാവരും ഒന്നിച്ച് കൂവും!!!
നായിന്‍‌റ്റെ മക്കള്‍!!!


വീണ്ടും അതേ ചിന്തകള്‍ തികട്ടി വന്നു. പട്ടികള്‍ വരെ ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത്ര കൂവുന്നു, കൂവി കൂവി പണ്ടാരമടങ്ങുന്നു, തനിക്കു മാത്രം...! ഉറക്കെയൊന്നു കൂവുക എന്ന ചെറിയൊരു ആഗ്രഹം സഫലീകരിക്കാന്‍ കഴിയാത്ത ഈ മനുഷ്യജീവിതമെന്ത് ജീവിതം?

ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം??
ജീവിതത്തിനെന്തര്‍ത്ഥം?? ?
എത്ര ലക്ഷം ശമ്പളം കിട്ടിയിട്ടെന്തു കാര്യം
????

"ഞാന്‍ ചുരിദാര്‍ ഉടുത്തു വരുന്നുതോ സാരിയുടുത്ത് വരുന്നതോ നിങ്ങള്‍ക്കിഷ്ടം?" എന്ന പഴയ ഷാഗു മിസ്സിന്‍‌റ്റെ ചോദ്യത്തിന്, ഇന്‍‌റ്റെര്‍ണല്‍‌സ് എന്ന അദ്ധ്യാപകതുറുപ്പുച്ചീട്ടിനെ തെല്ലും ഭയക്കാതെ "ടീച്ചര്‍ഒന്നുമുടുക്കാതെ വരുന്നതാ ഞങ്ങള്‍ക്കിഷ്ടം" എന്ന് പറയുകയും തുടര്‍ന്ന് ഉറക്കെ കൂവുകയും ചെയ്ത നരനാണോ ഇത്?????

ലജ്ജാവഹം!!!!!!!!

ആലോചനകള്‍ ഇത്രയും ആയപ്പോള്‍ നരനു കണ്‍‌ട്രോള്‍ചെയ്യാനായില്ല, അവന്‍പതുക്കെ ഒന്നു കൂവി...
കൂ...................

ഒന്നു കൂവിയ ആനന്ദത്തില്‍ ഒന്നു കൂടി... കൂ....ഒന്നു കൂടി... കൂ....പിന്നെ അണക്കെട്ടിന്‍‌റ്റെ ഷട്ടര്‍തുറന്ന പോലെ, ഇത്രയും കാലം നിയന്ത്രിച്ചു വെച്ച കൂവലാഗ്രഹങ്ങളെല്ലാം കൂടി ഒരൊറ്റ പ്രവാഹമായിരുന്നു, നീണ്ട ഒരു കൂവല്‍.....കൂ..............................................!!!!!!

ആനന്ദപ്രവാഹത്തിന്‍‌റ്റെ അവസാനത്തില്‍ അവന്‍ തളര്‍ന്ന് നിലത്തിരുന്നപ്പോള്‍, അവന്‍ നിര്‍ത്തിയിടത്തു നിന്ന് മുത്തപ്പസഖാക്കള്‍ തുടങ്ങി.

ഒരുറക്കമുണര്‍ന്ന് നോക്കിയപ്പോള്‍, തന്‍‌റ്റെ ഭര്‍ത്താവിനെ കട്ടിലില്‍കാണാതെ പരിഭ്രമിച്ച് ടെറസ്സിലേക്ക് വന്ന സായ കണ്ടത്, തെരുവുനായ്ക്കളുടെ കൂട്ടകൂവലിന്‍‌റ്റെ ആരോഹണോവരോഹണങ്ങളില്‍ മുഴുകി കണ്ണുമടച്ച് കിടക്കുന്ന നരനെയാണ്. അവന്‍‌റ്റെ മുഖത്ത് അപ്പോള്‍കണ്ട ചിരി അവള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു-കഴിഞ്ഞ appraisalല്‍100% hike ലഭിച്ചപ്പോഴോ ഒരു മാസം മുന്‍പു പ്രമോഷന്‍ കിട്ടിയപ്പോഴോ കണ്ടിട്ടില്ലാത്ത, ഒരു രസികന്‍പുഞ്ചിരി!

-----------
ശുഭം -----------

Earlier posted at http://chinthukal.blogspot.com/2006/12/it.html

2 comments:

ബയാന്‍ said...

രാത്രിയുടെ പിരിമുറുക്കം കുറക്കാന്‍ - ബീച്ചിലോ - desert ലോ പോയി iPOd ചെവിയില്‍ തിരുകി അംബിളി മാമനെ കണ്ണുമ്നിട്ടു നോക്കിയിരിക്കാറുണ്ടു, വീട്ടിലിരുന്നു ബ്രൗസ്‌ ചെയ്യാനിരുന്നാല്‍ എപ്പോഴാ നല്ലപാതിയുടെ അടി പുറത്തു വീഴുക എന്നറീല -(ഇന്നലെ നല്ലവണ്ണം കിട്ടി - മെഡുല്ല ഒബ്ലാംഗട്ട ഇളകി), ഇതൊരു പുതിയ തിരിച്ചറിവാണു - കൂവല്‍ - ഇനി ഇടക്കിടെ കൂവണം - വെറുതയല്ല ആള്‍കാരെന്നെ നായിന്റെമോന്‍ എന്നു വിളിക്കുന്നത്‌.

ദൃശ്യന്‍ | Drishyan said...

വന്നതിനും വായിച്ചതിനും ഒരു കമന്‍‌റ്റിട്ടതിനും താങ്ക്‍സുണ്ട് കേട്ടോ ബയാനേ...

കൂകി കഴിഞ്ഞു അതിന്‍‌റ്റെ റിസല്‍ട്ട് പറയണംട്ടോ...

മുന്‍‌കൂര്‍ ജാമ്യം: സ്ഥലകാലബോധം ഇല്ലാതെ കൂവിയാല്‍ കിട്ടാവുന്ന ‘ഒന്നിലും‘ കമ്മിറ്റിയ്ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. :-)

സസ്നേഹം
ദൃശ്യന്‍