Monday, February 26, 2007

മൂന്നു കുരങ്ങന്മാരും ചാരനിറമുള്ള കുറേ കണ്ണുകളും


Click here to download the PDF version of this post

ആ നാട്ടിലെ നരന്റെ ആദ്യത്തെ കൃസ്‌തുമസ്സ് സമയത്താണ് അവന്‍ സന്തോഷത്തോടെ ഓടി വന്ന് പറഞ്ഞത്.

സാബ്, ലൈറ്റ്ഹൌസിന്റെ പിറകിലുള്ള കോട്ടേജുകളില്‍ ഒരുപാട് വെള്ളക്കാര്‍ വന്നിരിക്കുന്നു. അവിടെയിപ്പോള്‍‍ നല്ല രസാണ്,... സദാ പാട്ടും കൂത്തും...
സ്വതവേ തിളക്കമുള്ള അവന്റെ ചാരക്കണ്ണുകള്‍‍ കൂടുതല്‍ തിളങ്ങി.

അവരെന്നെ സ്ഥലങ്ങള്‍‍ കാണിച്ച് കൊടുക്കാന്‍ വിളിച്ചിട്ടുണ്ട്, നൂറു രൂപേം തന്നു. നാളേം ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്...
നരന്‍ അവനെ തന്നെ നോക്കി നിന്നു. അവന്റെ അതിരു കവിഞ്ഞ ഉത്സാഹം തന്നില്‍ നേരിയ അസ്വസ്ഥതയുണ്ടാക്കിയത് എന്തു കൊണ്ടാണെന്ന് നരനു മനസ്സിലായില്ല.

ആകാശത്തിനടിയില്‍ കടല്‍ മാത്രം ശാന്തമായിരുന്നു.

പിറ്റേന്ന് നരന്‍ അവനെ കാണുകയുണ്ടായില്ല. വൈകീട്ട് സാധാരണ പാലു കൊണ്ടു വരാറുള്ളതാണ്. അന്നതും ഉണ്ടായില്ല.

മൂന്നു ദിവസങ്ങള്‍‍ക്ക് ശേഷം പിന്നെ കണ്ടപ്പോള്‍‍ അവന്‍ വളരെ ക്ഷീണിതനായിരുന്നു. കണ്ണുകള്‍‍ വല്ലാതെ കലങ്ങിയിരുന്നു.
ങ്ഹാ, നീ വന്നോ? എന്തൊക്കെയുണ്ടെടാ നിന്റെ വെള്ളക്കാരുടെ വിശേഷങ്ങള്‍?”
അവനൊന്നും മിണ്ടാതെ
, ഉമ്മറത്തെ കമ്പികാലിലെ ഇരുമ്പിന്റെ പാടുകള്‍‍ ചിരണ്ടി കൊണ്ട്, അലസമായ് നിന്നു.
നീയിരിക്ക്, ഞാനൊന്ന് കുളിച്ച് വരാം.
പക്ഷെ നരന്‍ കുളിച്ച് വന്നപ്പോള്‍‍ അവന്‍ അവിടെയുണ്ടായിരുന്നില്ല.


പിന്നീട് വളരെ നാളുകള്‍‍ക്ക് ശേഷം
, ഒരു ഞായറാഴ്ച്ച ദിവസം, സന്ധ്യക്ക് കടല്‍‌ക്കരയില്‍ വെച്ചാണ് നരന്‍ അവനെ കാണുന്നത്. അവന്റെ കൂടെ കുതിരപ്പുറത്തൊരു സ്വര്‍ണ്ണമുടികളുള്ള സായ്പ്പുമുണ്ടായിരുന്നു. നരനെ കണ്ടപ്പോള്‍, സായ്പ്പിനോടെന്തോ പറഞ്ഞ ശേഷം അവന്‍ ഓടി വന്നു.
നമസ്തേ സാബ്
നമസ്തെ. ഇതാണോ നിന്റെ സായ്പ്പ്?”
അയാള്‍‍ പോയി. ഇതു വേറെയാളാണ്
നിനക്കിപ്പോള്‍‍ നല്ല കോളാണല്ലോ? ഒരാള്‍‍ പോയാല്‍ മറ്റൊരാള്‍‍. സ്ഥലങ്ങളെല്ലാം കാണിച്ച് കഴിഞ്ഞോ?”
അയാള്‍‍ കാണേണ്ടതെല്ലാം കണ്ടുകഴിഞ്ഞു
പതിഞ്ഞ ആ ശബ്ദത്തിന്റെ പിറകെ വന്ന അസുഖകരമായ മൌനം അവര്‍ക്കിടയില്‍ വിറങ്ങലടിച്ചു നിന്നു. അര്‍ത്ഥഗര്‍ഭമായ ആ നിശബ്ദതക്കു ഭംഗം വരുത്താതിരിക്കാനെന്നോണം തിരമാലകള്‍‍ ശാന്തമായി. അവന്റെ കണ്ണുകള്‍‍ അസ്തമിക്കുന്ന സൂര്യനിലായിരുന്നു.

എന്തിനാണ് സാബ്, ഈ സൂര്യനിങ്ങനെ ദിവസവും അസ്തമിക്കുന്നത്?“
നല്ല ചോദ്യം. നിനക്കിതെന്തു പറ്റി?”
, ഒന്നുമില്ല... വരട്ടെ സാബ്
നില്ക്ക്, ഞാനടുത്ത ആഴ്ച പോവുകയാണ്
ഒന്നും മനസ്സിലാവാത്ത പോലെ അവന്‍ നരനെ നോക്കി.

എന്‍‌റ്റെ ഇവിടുത്തെ ജോലി കഴിഞ്ഞു
അവന്റെ മുഖത്ത് ഒരു ഭാവഭേദവുമുണ്ടായില്ല എന്ന അറിവ് നരനെ അമ്പരിപ്പിച്ചു.

നന്നായി സാബ്. ഇത് നശിച്ച ഭൂമിയാണ്. ഇവര്‍ക്കൊക്കെയേ ഇത് സ്വര്‍ഗ്ഗമായ് തോന്നൂ.
അയാള്‍‍ പേഴ്സിനായ് പോക്കറ്റില് തപ്പുന്നത് കണ്ടീട്ട് അവന്‍ പറഞ്ഞു.

വേണ്ട സാബ്, ഇപ്പോഴെനിക്ക് പൈസക്ക് ആവശ്യമില്ല.സാബ് പറഞ്ഞത് പോലെ ഒരാള്‍‍ പോയാല്‍ മറ്റൊരാള്‍‍... ഇവര്‍ക്കൊക്കെ ഇവിടേക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ? ഭൂമിയിലെ സ്വര്‍ഗ്ഗമല്ല്ലേ ഈ കടല്‍ത്തീരം!”.

ഒരു നിമിഷാര്‍ദ്ധം മാത്രം നീണ്ടു നിന്ന മൌനത്തിനു ശേഷം അവന്‍ പിന്തുടര്‍ന്നു.
അതോണ്ട് എന്നെ പോലുള്ളവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ല”.
ഒരു കാര്യം പെട്ടന്നാണ് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. അവന്റെ കണ്ണുകളില്‍ ആ പഴയ തിളക്കമുണ്ടായിരുന്നില്ല. പകരം മനസ്സിലാകാത്ത എന്തോ ഒന്ന്...

ഇനി വീണ്ടും കാണാതിരിക്കട്ടെ സാബ്

അവന്‍ പിന്തിരിഞ്ഞു നടന്നു. നടന്നകന്നിരുന്ന കുതിരയുടെ പിന്നാലെ ലൈറ്റ്ഹൌസിനു പിറകിലെ ഇരുട്ടില്‍ മറഞ്ഞു.
പടിഞ്ഞാറന്‍ കാറ്റിന്റെ മൃഗീയതയില്‍ അനുസരണ നഷ്ടപ്പെട്ട മുടിയിഴകള്‍‍ അയാളുടെ കാഴ്ച്ചയെ മറച്ചു. കാലഘട്ടങ്ങളുടെ ദു:ഖഭാരം മുഴുവന്‍ ഗര്‍ഭത്തില്‍ വഹിക്കുന്ന കടലിനെ പോലെ
, കര്‍മ്മങ്ങളുടെ അനിശ്ചിതാവസ്ഥയില്‍ നരന്‍ നിന്നപ്പോള്‍‍ തിരമാലകള്‍‍ ശാന്തമായിരുന്നില്ല.

സാബ്...

ആകാശങ്ങള്‍ക്കപ്പുറത്തെവിടെയോ നിന്നെന്ന പോലെ കേട്ട ആ ശബ്ദം നരനെയുണര്‍ത്തി. നിറം മങ്ങിയ ഒരു മഞ്ഞസഞ്ചിയും പിടിച്ചു കൊണ്ട് ഒരു ചെറിയ പെണ്‍കുട്ടി. അവളുടെ മുഷിഞ്ഞ വസ്ത്രങ്ങളും ചെമ്പന്‍‌മുടിയും കാറ്റത്ത് വല്ലാതെ പാറുന്നുണ്ടായിരുന്നു.

പ്രതിമ വേണോ സാബ്?”
കയ്യിലൊതുക്കി പിടിച്ചിരുന്ന പ്രതിമ നരന്റെ നേരെ നീട്ടി പിടിച്ചു കൊണ്ടവള്‍ ചോദിച്ചു. അയാള്‍ ആ പ്രതിമയിലേക്ക് സൂക്ഷിച്ചു നോക്കി - മൂന്ന്കുരങ്ങന്മാര്‍!!

ഒന്നും കേള്‍ക്കാനാഗ്രഹിക്കാത്ത
, ഒന്നും കാണാനാഗ്രഹിക്കാത്ത, ഒന്നും പറയാനാഗ്രഹിക്കാത്ത മൂന്നു കുരങ്ങന്മാര്‍!!!

അവയുടെ നിഴലില്‍ ആ പെണ്‍കുട്ടിയുടെ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരി മറഞ്ഞപ്പോള്‍,നരന്റെ കാലടിയിലെ മണല്‍ത്തരികള്‍ ആഞ്ഞുവീശുകയായിരുന്ന കടല്‍‌ക്കാറ്റില്‍ പറന്നു പോയി... മിഴി ചിമ്മി തുറന്നപ്പോള്‍ ചുറ്റും കരിനാഗങ്ങള്‍ ഫണം ചീറ്റിയാടുന്നു...ആട്ടത്തിന്റെ മൂര്‍ദ്ധന്യത്തില്‍, അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്ന വികാരങ്ങളുടെ വേലിയേറ്റത്തില്‍, ആ രൂപങ്ങള്‍ ചലിക്കുന്നതായ് നരന് തോന്നി... കരിനാഗങ്ങള്‍ക്കിടയില്‍ അവയും നിഴലായ് ചേര്‍ന്ന് നൃത്തമാടി. അനുഭൂതികളുടെ എല്ലാ അതിരുകളും തകര്‍ത്തെറിയുവാനുള്ള ആവേശത്തോടെ തിരമാലകളും അവയുടെ കൂടെ ചേര്‍ന്നാടി... പ്രളയത്തിന്റെ കൊടിയഭാവം ആവേശിച്ചത് പോലെ ആഞ്ഞടിക്കുകയായിരുന്ന കടല്‍ അയാളെ ആശ്ലേഷിച്ചു. സൃഷ്ടിയുടെ ജലധാരയില്‍ ജീവന്റെ അണുക്കള്‍ തന്നില്‍ വിളഭൂമി തേടുന്നതായ് നരന് തോന്നി... അവ ഉണരുന്നു...തന്നിലൊന്നായ് അവ വളരുന്നു... ആകാശങ്ങള്‍ മുട്ടേ......

പാപത്തിന്റെ ബീജഗണങ്ങള്‍ക്ക് മുകളിലൂടെ, എങ്ങോട്ടെന്നില്ലാതെ നരനോടി.......

മരണം വരെ നീണ്ടു നില്കുന്ന ആ ഒളിച്ചോട്ടത്തിന്നിടയില്‍, അഴിഞ്ഞ ചെമ്പന്‍‌മുടിയും തിളക്കം നഷ്ടപ്പെടാത്ത കണ്ണുകളും അമ്മയുടെ ചൂട് മാറാത്ത മാറിടവുമുള്ള ആ പെണ്‍കുട്ടി, ലൈറ്റ്ഹൌസിന്റെ പിറകിലെ ഇരുട്ടില്‍ ലയിച്ചു ചേര്‍ന്നു.

പര്യവസാനം:

വര്‍ഷങ്ങള്‍ക്കിപ്പുറത്ത്, വീടിന്റെയുമ്മറത്ത് തന്റെ മടിയില്‍ കിടക്കുന്ന നരന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് സായ ചോദിച്ചു.
എന്തേ ഇത്ര വലിയ ആലോചന? കുറേ നേരമായല്ലോ ഒന്നും മിണ്ടാതെയുള്ള ഈ കിടത്തം?”
അകലെയെവിടെയോ
, അടങ്ങാത്ത ആഗ്രഹത്തോടെ തീരങ്ങളെ പുണരുന്ന തിരകളെ കുറിച്ചുള്ള ചിന്തകള്‍ തല്‍‌ക്കാലം അവസാനിപ്പിച്ച്, സായയോട് ഒന്നു കൂടി ചേര്‍ന്നു കിടന്നു കൊണ്ട് നരന്‍ ചോദിച്ചു
നമ്മുടെ മോളുറങ്ങ്യോ?”

---------------------- ശുഭം (?) ----------------------

Earlier posted at http://chinthukal.blogspot.com/2006/12/blog-post_3195.html

12 comments:

അനംഗാരി said...

അവതരണരീതി എനിക്ക് ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.

വേണു venu said...

ദൃശ്യന്‍,
കഥ പറഞ്ഞ വഴികളിലെ പുതുമ മൂലം കഥയെനിക്കിഷ്ടപ്പെട്ടു. മനസ്സില്‍ ഒരു ചെറു നൊമ്പരവും. അനുമോദനങ്ങള്‍.

സു | Su said...

:| നല്ല കഥ.

ദൃശ്യന്‍ | Drishyan said...

വേണു, ആദ്യമായണല്ലേ ഇവിടെ? നന്ദി.

അനംഗാരി, ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോ ഞാന്‍ ഹാപ്പിയായ് കേട്ടോ...

സൂ‍.... :-) വന്നു വായിച്ച് പറഞ്ഞതില്‍ നദി.

ഈ കഥ ചിന്തുകള്‍ എന്ന എന്‍‌റ്റെ ബ്ലോഗില്‍ ആദ്യമെ ഇട്ടതാണ്.

7-8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഈ കഥ. പിന്നെ ബ്ലോഗില്‍ ഇടുന്നതിന്‍‌റ്റെ ഭാഗമായി ഇത്തിരി വെട്ടി തിരുത്തലുകള്‍ ചെയ്തു എന്നു മാത്രം.പക്ഷെ അന്നും ഇന്നും ഈ വിഷയം പ്രസക്തമാണെന്നും തോന്നി.
ചൈല്‍ഡ് സെക്സ് ടൂറിസം ഒരു വ്യാവസായികാവസരമായ് ഇപ്പോഴും ഇന്‍‌ഡ്യയിലുണ്ടെന്നത് ഒരു ദു:ഖസത്യമാണ്. അതിന്‍‌റ്റെ കണ്ണികളുടെ അദൃശ്യമായ കഴുകന്‍‌കണ്ണുകള്‍ നമ്മുടെ കുട്ടികളുടെ ചുറ്റുമുണ്ട്. അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും എന്നാണ് അറിയാത്തത്... :-(

സസ്നേഹം
ദൃശ്യന്‍

കൃഷ്‌ | krish said...

സമൂഹത്തിലെ ചില സത്യങ്ങള്‍ വിശദീകരിക്കാതെ തന്നെ മനസ്സിലാകുന്ന വിധത്തില്‍ എഴുതിയിട്ടുണ്ട്‌. കൊള്ളാം.

shefi said...

നല്ല കഥ. കഥയുടെ വൈകാരികത പര്യവസാനത്തോളം നിലനിര്‍ത്താനായിരിക്കുന്നു

ദൃശ്യന്‍ | Drishyan said...

നന്ദി കൃഷ്.
ചില സത്യങ്ങള്‍ വിശദീകരിച്ചാലും നമ്മളാരും‍ മനസ്സിലാക്കുന്നില്ലല്ലോ . പിന്നെ എഴുത്തില്‍ ചില കാര്യങ്ങള്‍ എഴുതിയാല്‍, വായനക്കാരന്‍ അത് ഏതു രീതിയില്‍ കാണുമെന്നും അറിയില്ല...ചിലതു പറയാതെ പറയുന്നതാണ്‍ എപ്പോഴും നല്ലതു, അല്ലേ?

ഷെഫി, അതൊരു നല്ല കോമ്പ്ലിമെന്‍‌റ്റ് ആയിരുന്നു. വളരെ നന്ദി.

സസ്നേഹം
ദൃശ്യന്‍

സ്നേഹിതന്‍ said...

ദൃശ്യന്‍,

ടൂറിസത്തിന്റെ ഇരുണ്ട ലോകത്തിലെ കഥ നന്നായിരിയ്ക്കുന്നു.

ദൃശ്യന്‍ said...

സ്നേഹിതാ,
വന്ന് വായിച്ചതിനും തന്ന അഭിപ്രായത്തിനും നന്ദി. :-)

സസ്നേഹം
ദൃശ്യന്‍

kaithamullu - കൈതമുള്ള് said...

ദൃശ്യാ,
-നന്നായിരിക്കുന്നു.ഏറെ പ്രത്യേകതകളുള്ള അവതരണം!

ശിശു said...

സുഹൃത്തെ,

ആദ്യമായിട്ടാണിവിടെ, കഥ നന്നായിട്ടുണ്ട്‌, അഭിനന്ദനങ്ങള്‍

ദൃശ്യന്‍ said...

കൈതമുള്ളേ,
നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്ട്ടോ....

ശിശുവേ,
വന്നതിനൊരായിരം നന്ദി... ഒരു സന്ദര്‍ശനം പല സന്ദര്‍ശനങ്ങള്‍ ആക്കുക....

സസ്നേഹം
ദൃശ്യന്‍